Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഔഷധവിതരണരംഗത്ത് സർവ്വത്ര വ്യാജന്മാർ; നിയമം നടപ്പിലാക്കാതെ നോക്കുകുത്തിയായി സർക്കാർ; പ്രതിഷേധവുമായി കേരള ഫാർമസിസ്റ്റ് അസോസിയേഷൻ

ഔഷധവിതരണരംഗത്ത് സർവ്വത്ര വ്യാജന്മാർ; നിയമം നടപ്പിലാക്കാതെ നോക്കുകുത്തിയായി സർക്കാർ; പ്രതിഷേധവുമായി കേരള ഫാർമസിസ്റ്റ് അസോസിയേഷൻ

കോഴിക്കോട്: 1948 ൽ നിലവിൽ വന്ന ഫാർമസി നിയമം നടപ്പാക്കുന്നതിൽ ആരോഗ്യ വകുപ്പിന്റേയും ഔഷധ നിയന്ത്രണ വിഭാഗത്തിന്റെയും ഫാർമസി കൗൺസിലിന്റെയും ഭാഗത്ത് നിന്നും വീഴ്ചയുണ്ടാകുന്നുവെന്ന് കേരള ഫാർമസിസ്റ്റ് അസോസിയേഷൻ പറഞ്ഞു. വ്യാജഫാർമസിസ്റ്റുകളെ ഔഷധവിതരണ വിപണന മേഖലയിൽനിന്നും പൂർണ്ണമായി ഉന്മൂലനം ചെയ്യുന്നതിനും ഗുണനിലവാരമില്ലാത്ത മരുന്നുകൾ വ്യാപകമായി വിൽപ്പന ചെയ്യപ്പെടുന്നത് തടയാനും വേണ്ട നടപടികൾ അടിയന്തിരമായി കൈകൊള്ളണമെന്നും സർക്കാരിനോട് കേരള ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു. ഇത് നടപ്പിലാക്കത്തപക്ഷം പൊതു ജനപങ്കാളിത്തത്തോടെ സമര പരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ മുഹമ്മദ് ജുനൈസ്, ഹമീദ് സി, രാജേഷ് താളപറമ്പത്ത്, വിജിത്ത് കുമാർ,പ്രബോദ് തണ്ടയാൻ, പ്രേംജി വയനാട് എന്നിവർ സംസാരിച്ചു.

ഫാർമസി നിയമം അനുസരിച്ചാണ് നമ്മുടെ നാട്ടിൽ ഔഷധ വിപണന വ്യാപാരസ്ഥാപനങ്ങൾ തുടക്കം കുറിച്ചത്. മാത്രമല്ല ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്റ്റ് (1940), ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക് റൂൾസ് (1945), ഇന്ത്യൻ മെഡിക്കൽ ആക്റ്റ് (1956) എന്നിവയും ജീവൻ രക്ഷ ഔഷധങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പാലിക്കേണ്ട നിയമങ്ങൾ വളരെ വ്യക്തമായി നിഷ്‌ക്കർഷിക്കുന്നു. എന്നാൽ ഇത് നടപ്പിലാക്കുന്ന കാര്യത്തിൽ വലിയ വീഴ്ചയാണ് നമ്മുടെ നാട്ടിലെ ആരോഗ്യ വകുപ്പിന്റേയും ഔഷധ നിയന്ത്രണ വിഭാഗത്തിന്റെയും ഫാർമസി കൗൺസിലിന്റെയും ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് വിമർശനം. ഫാർമസി ആക്റ്റ് 1948 ൽ പറയുന്ന പ്രധാനപ്പെട്ട കാര്യം യോഗ്യതയില്ലാത്ത വ്യക്തി ജീവൻ രക്ഷ ഔഷധങ്ങൾ കൈകാര്യം ചെയ്യാൻ പാടില്ല എന്നതാണ്. അപ്രകാരം ആരെങ്കിലും ഔഷധങ്ങൾ കൈകാര്യം ചെയ്യുന്നുവെങ്കിൽ ആ വ്യക്തിയുടെ പേരിൽ നിയമ നടപടി സ്വീകരിക്കണമെന്നും ആറുമാസം തടവോ ആയിരം രൂപ പിഴയോ രണ്ടും കൂടിയോ നൽകണമെന്നും നിയമം അനുശാ സിക്കുന്നു. എന്നാൽ നാളിതുവരെയായിട്ടും ഇത്തരത്തിൽ ഒരു കേസ് കേരളത്തിൽ എവിടെയെങ്കിലും എടുത്തതായോ ആരെയെങ്കിലും ശിക്ഷിച്ചതായോ അറിവില്ലെന്നും സംഘടന പറയുന്നു.

എന്ന് മാത്രമല്ല ചോദിക്കുന്നവർക്കെല്ലാം ഔഷധ വിൽപ്പനശാല നടത്താൻ അനുവാദം നൽകി കേരളത്തിലെ ഔഷധ നിയന്ത്രണ വിഭാഗം ഇത്തരം കപട അധാർമിക വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിൽ ഇപ്പോഴും സ്ഥിരമായി ഫാർമസിസ്റ്റുപോലും ഇല്ലാതെ മരുന്നുകച്ചവടം അനുസ്യൂതം നടത്തുന്ന മരുന്നുകടകൾ നിരവധി. ഉദ്യോഗസ്ഥന്മാരെ കാണേണ്ട പോലെ കണ്ടാൽ എല്ലാം നിയമ വിധേയം. ഇതുമൂലം ഗുണനിലവാരമില്ലാത്ത മരുന്നുകൾ പോലും കേരളത്തിൽ വ്യാപകമായി വിറ്റഴിക്കപ്പെടുന്നു. അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ആരോഗ്യമേഖല യോഗ്യതയില്ലാത്തവർ കൈകാര്യം ചെയ്യുന്ന ഒരു രംഗമായി അധപതിച്ചു. ഇത് മനസ്സിലാക്കി ഭാരത്തിലെ ഔഷധ വിതരണ വിൽപ്പന രംഗം ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജനുവരി 15 നു ദേശീയ ഫാർമസി കൗൺസിൽ ഫാർമസി പ്രാക്ടീസ് റഗുലേഷൻസ് 2015 നിലവിൽ കൊണ്ടുവന്നു. കർശനമായ നിർദ്ദേശങ്ങളാണ് ഇതിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പല സംസ്ഥാനങ്ങളും ഇത് നടപ്പിലാക്കാനുള്ള നടപടികൾ ആരംഭിക്കുകയും മതിയായ യോഗ്യതയില്ലാതെ ഔഷധങ്ങൾ കൈകാര്യം ചെയ്യുന്ന വ്യാജ ഫാർമസിസ്റ്റുകളുടെ പേരിൽ നിയമ നടപടികൾ എടുക്കുകയും ചെയ്തു.

നിയമമനുസരിച്ച് ഔഷധങ്ങൾ കൈകാര്യം ചെയ്യേണ്ടത് യോഗ്യതയുള്ള രജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റ് മാത്രമായിരിക്കണം. ഔഷധ വിൽപ്പന ശാലകൾക്ക് ഫാർമസിസ്റ്റിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വാടകയ്ക്കു നൽകാൻ പാടില്ല. അതായത് തൂക്കു ഫാർമസിസ്റ്റ് വേണ്ട എന്നർത്ഥം. ഇതിനൊപ്പം നിരവധി ചട്ടങ്ങളുണ്ട്. എന്നാൽ കേരളത്തിൽ ഇതുവരെയായിട്ടും ഇത്തരത്തിൽ ഒരു നീക്കമുണ്ടായിട്ടില്ല. മനുഷ്യ ജീവന് യാതൊരു വിലയും കൽപ്പിക്കാത്ത സമീപനമാണ് ഔഷധ നിയന്ത്രണ വിഭാഗം സ്വീകരിക്കുന്നത്. കേരളത്തിലെ ഭൂരിപക്ഷം മരുന്നുകടകളിലും ഒരു ഫാർമസിസ്റ്റ് മാത്രമേയുള്ളൂ. ഈ വ്യക്തി ജോലി കഴിഞ്ഞു പോയാൽ പിന്നെ (വൈകുന്നേരം 5 മണി മുതൽ രാത്രി 9, 10 മണിവരെ) കടയുടമയും വ്യാജ ഫാർമസിസ്റ്റും കൂടിയാണ് മരുന്നുവിൽപ്പന. ഇത് നമ്മുടെ നാട്ടിലെ ഔഷധ വിതരണവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അസോസിയേഷൻ പറയുന്നു.

ഇതിനെതിരെ ശക്തമായ നടപടിയെടുക്കാൻ അധികാരികൾ തയ്യാറാകണം. ഡിഫാം മുതൽ ഫാംഡി വരെ വിവിധതലത്തിൽ ഫാർമസി യോഗ്യത നേടിയ ഫാർമസിസ്റ്റുകൾ കേരളത്തിൽ മതിയായ വേതനമോ തൊഴിലോ ഇല്ലാതെ അലയുമ്പോൾ വ്യാജന്മാർ ഈ രംഗത്ത് യാതൊരു ഭയവും കൂടാതെ വിലസുകയാണെന്നാണ് അസോസിയേഷന്റെ പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP