Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരിച്ചുകിട്ടിയില്ല; സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകർ രംഗത്ത്

കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരിച്ചുകിട്ടിയില്ല; സഹകരണ സംഘത്തിനെതിരെ പരാതിയുമായി നിക്ഷേപകർ രംഗത്ത്

കെ വി നിരഞ്ജൻ

കോഴിക്കോട്: സഹകരണ സംഘം നിക്ഷേപമായി സ്വീകരിച്ച തുക തിരിച്ചുനൽകാതെ വഞ്ചിച്ചതായി പരാതി. കോഴിക്കോട് വേങ്ങേരി കേന്ദ്രമായി പ്രവർത്തിക്കുന്ന സഹകരണ കാർഷികോൽപ്പാദന സംസ്ക്കരണ വിപണന സംഘം (അഗ്രികോ) ചെയർമാനെതിരെയാണ് പരാതിയുമായി നിക്ഷേപകർ രംഗത്തെത്തിയത്. പണം നിക്ഷേപിച്ച് കാലാവധി അവസാനിച്ചിട്ടും നിക്ഷേപ പണം തിരിച്ചുകിട്ടാത്തവരുടെ കൂട്ടായ്മയാണ് വേങ്ങേരി സ്വദേശിയായ ചെയർമാൻ കെ കെ ചന്ദ്രഹാസനെതിരെ രംഗത്തുവന്നത്. പണം കാലാവധിക്കു ശേഷം ആവശ്യപ്പെട്ടപ്പോൾ നോട്ട് നിരോധനം മൂലം സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഉടൻ തന്നെ തിരിച്ചുതരുമെന്നുമായിരുന്നു ചെയർമാൻ വ്യക്തമാക്കിയതെന്ന് നിക്ഷേപക കൂട്ടായ്മയുടെ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ജില്ലയിൽ നാദാപുരം താലൂക്ക് ഒഴികെയുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കാനുള്ള അനുമതിയോടെ 2014 ലാണ് സ്ഥാപനം ആരംഭിക്കുന്നത്. സംഘത്തിന്റെ പേരിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അരിക്കടകളും പോൾട്രി ഫാമുകളും ഹൈപ്പർ മാർക്കറ്റുമെല്ലാം തുടങ്ങിയിരുന്നു. എന്നാൽ പിന്നീട് നഷ്ടത്തിലാവുകയും കടകൾ ഓരോന്നായി അടച്ചുപൂട്ടുകയുമായിരുന്നു. രജിസ്ട്രാറുടെ അനുമതിയോടെ ഏഴു കടകളും അനുമതി ഇല്ലാതെ പതിനെട്ട് അരിക്കടകളുമാണ് ആരംഭിച്ചത്. വേങ്ങേരി, കക്കോടി, മാവൂർ, പയ്യാനക്കൽ, പറമ്പിൽ ബസാർ, പുതിയങ്ങാടി, ബാലുശ്ശേരി, കൊടശ്ശേരി, ഉള്ള്യേരി, പറമ്പത്ത്, നന്മണ്ട, എളേറ്റിൽ വട്ടോളി, ഈങ്ങാപ്പുഴ, കാക്കൂർ, കുറ്റിക്കാട്ടൂർ, കൊടുവള്ളി, നരിക്കുനി, കൂരാച്ചുണ്ട്, കുമാരസ്വാമി, കടിപ്പാറ, അടിവാരം, നടുവണ്ണൂർ, മാനിപുരം, പെരുമണ്ണ, കോടഞ്ചേരി എന്നിവടങ്ങളിലായാണ് ഇരുപത്തഞ്ച് അരിക്കടകൾ ആരംഭിച്ചത്. തടമ്പാട്ടുതാഴത്ത് ഓർഗാനിക് സ്റ്റോറും വേങ്ങേരി അഗ്രോമാർട്ട്, തടമ്പാട്ടുതാഴം കോക്കോ പോയിന്റ്, കുന്ദമംഗലം പോൾട്രി ഫാം, ഓയിൽ മിൽ അരക്കിണർ ഹൈപ്പർ മാർക്കറ്റ്, കക്കാടിക്കൽ പോളിഹൗസ് എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളാണ് ആരംഭിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളിൽ കാര്യമായ ആസൂത്രണമോ ഇതിനെപ്പറ്റി പഠിക്കാതെയും തുടങ്ങിയതുകൊണ്ട് ഈ സ്ഥാപനങ്ങൾ വേഗം പൂട്ടപ്പെടുകയായിരുന്നു.

ജീവനക്കാർക്കുപോലും ഏറെക്കാലമായി വേതനം ലഭിക്കുന്നില്ല. പത്തുകോടിയോളം രൂപയാണ് വിവിധയാളുകളിൽ നിന്നായി സംഘം നിക്ഷേപം സ്വീകരിച്ചത്. അമ്പതിനായിരം രൂപ മുതൽ 35 ലക്ഷം രൂപ വരെ പലരും നിക്ഷേപിച്ചിട്ടുണ്ട്. ജീവനക്കാരിൽ നിന്നും ഡെപ്പോസിറ്റായി വലിയ തുക വാങ്ങിയിട്ടുണ്ട്. സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലറിന് വിരുദ്ധമായി 81 താൽക്കാലിക ജീവനക്കാരെ നിയമിച്ചതും സെക്യൂരിറ്റി തുക വാങ്ങിയാണെന്നും പണം തിരിച്ചുകിട്ടാത്തവർ രൂപീകരിച്ച കൂട്ടായ്മയുടെ പ്രതിനിധികളായ വിഷ്ണു മോഹൻ, പ്രദീപ് കുമാർ, നിധിൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഏതാനും മാസം മുമ്പു വരെ വേങ്ങേരിയിലെ സംഘം ഓഫീസ് തുറന്നു പ്രവർത്തിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നില്ല. ചെയർമാനെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാൻ കൂട്ടാക്കുന്നില്ല. പണം കിട്ടാതായപ്പോൾ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ജോയിന്റ് രജിസ്ട്രാർ നിയമിച്ച അന്വേഷണ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം സംഘം പല സ്ഥാപനങ്ങളും ആരംഭിച്ചത് അനുമതിയില്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട്. വാടക കെട്ടിടത്തിൽ ആരംഭിച്ച ഹൈപ്പർ മാർക്കറ്റിന് വിവിധ ഇനത്തിൽ പതിനെട്ട് ലക്ഷത്തിലധികം രൂപ രജിസ്ട്രാറുടെ അനുമതി ഇല്ലാതെയാണ് ചെലവഴിച്ചതെന്നും അരിക്കടകൾ തുടങ്ങിയതിൽ പതിനെട്ട് അരിക്കടകളും അനുമതിയില്ലാതെയാണ് തുടങ്ങിയതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

സംഘത്തിലെ മറ്റു ഡയരക്ടർമാരുമായി ബന്ധപ്പെട്ടപ്പോൾ നിക്ഷേപ പണം മുഴുവൻ ചെയർമാൻ മടക്കി നൽകുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് പറഞ്ഞത്. ചെയർമാൻ ചന്ദ്രഹാസനും ചില ഡയരക്ടർമാരും അനധികൃതമായി റിയൽ എസ്റ്റേറ്റ് ബിസിനസ്സിന്റെ ഭാഗമായി മലകളും റിസോർട്ടുകളും വാങ്ങിയതായും അറിയുന്നു. മുഖ്യമന്ത്രി, സഹകരണ വകുപ്പ് മന്ത്രി, ജില്ലാ കലക്ടർ, സിറ്റി പൊലീസ് കമ്മീഷണർ, ചേവായൂർ സർക്കിൾ ഇൻസ്പെക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ടെന്ന് നിക്ഷേപക കൂട്ടായ്മ പ്രതിനിധികളായ വിഷ്ണുമോഹൻ, പ്രദീപ്കുമാർ, നിധിൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP