Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചലനശേഷി നഷ്ടപ്പെട്ട് വർഷങ്ങളായി ദുരിതമനുഭവിച്ച ഏഴുപേർക്ക് തിരിച്ചു കിട്ടിയത് സ്വപ്‌നമായി മാറിയിരുന്ന ചലനശേഷി; കോതമംഗലം പീസ് വാലി പ്രവർത്തകരുടെ സേവന സന്നദ്ധതയിൽ ജീവിതത്തിലേക്ക് വീണ്ടും പിച്ചവെക്കുന്നവർക്ക് 26ന് യാത്രയയപ്പ്; അർഹരായവരെ കണ്ടെത്തി സഹായിക്കുന്ന രീതി വീണ്ടും തുടരുമെന്നും പ്രവർത്തകർ

ചലനശേഷി നഷ്ടപ്പെട്ട് വർഷങ്ങളായി ദുരിതമനുഭവിച്ച ഏഴുപേർക്ക് തിരിച്ചു കിട്ടിയത് സ്വപ്‌നമായി മാറിയിരുന്ന ചലനശേഷി; കോതമംഗലം പീസ് വാലി പ്രവർത്തകരുടെ സേവന സന്നദ്ധതയിൽ ജീവിതത്തിലേക്ക് വീണ്ടും പിച്ചവെക്കുന്നവർക്ക് 26ന് യാത്രയയപ്പ്; അർഹരായവരെ കണ്ടെത്തി  സഹായിക്കുന്ന രീതി വീണ്ടും തുടരുമെന്നും പ്രവർത്തകർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വർഷങ്ങളായി തിരിഞ്ഞുകിടക്കാൻ പരസഹായം ആവശ്യമായിരുന്ന 7 പേർക്ക് മൂന്നുമാസം കൊണ്ട് ലഭിച്ചത് സ്വപ്നം മാത്രമായിരുന്ന ചലനശേഷി. ജീവിതാന്ത്യം വരെ കിടക്ക വിട്ട് എഴുന്നേൽക്കാൻ കഴിയില്ല എന്ന് വിദഗ്ദ്ധർ വിധിയെഴുതിയവരുൾപ്പെടെ ഉള്ളവരാണ് ഇപ്പോൾ സ്വന്തം കാലിൽ ഏഴുന്നേറ്റ് നിൽക്കാനും ഒട്ടൊക്കെ നടക്കാനും തുടങ്ങിയിരിക്കുന്നത്. കാസർഗോഡ് സ്വദേശി അബ്ദുൾ റഹിമാനും മൂന്നാർ സ്വദേശി ഭാഗ്യരാജും നെടുംകണ്ടം സ്വദേശി അശോകനും വെള്ളത്തൂവൽ സ്വദേശി സിജോയും ക്രാരിയേലി സ്വദേശി ബേസ്സിലുമെല്ലാം ഇപ്പോൾ പിച്ചവച്ചുതുടങ്ങിയിട്ടുള്ളത് ഒരിക്കലും തിരച്ചുകിട്ടില്ലന്ന് വിശ്വസിച്ചിരുന്ന ഇവരുടെ പുതു ജീവിതത്തിലേയ്ക്കാണ്. മുളവൂർ സ്വദേശി മൂഹമ്മദും നെല്ലിക്കുഴി സ്വദേശി റഷീദും കിടക്കവിട്ട് എഴുന്നേറ്റതിന്റെ ആശ്വസത്തിലാണ് കുടുംബാംഗങ്ങൾ.

സാമൂഹ്യസേവന തൽപ്പരുടെ കൂട്ടായ്മയായി പ്രവർത്തനം ആരംഭിച്ച പീസ് വാലി പുനരധിവാസ കേന്ദ്രത്തിലെ വിദഗ്ധരായ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റികളുടെയും മൂന്നുമാസത്തെ പ്രവർത്തന മികവാണ് ഇന്ന് ഇവരെ എഴുന്നേൽക്കുന്നതിനും നടക്കുന്നതിനുമൊക്കെ പര്യാപ്തരാക്കിയിട്ടുള്ളത്. കോതമംഗലത്ത് വാർത്താസമ്മേളനം വിളിച്ചുചേർത്താണ് പീസ്സ്വാലിയുടെ പ്രവർത്തകർ 7 പേർ സുഖം പ്രാപിച്ചുവരുന്ന വിവരം അറിയിച്ചത്. 26-ന് ഇവർക്ക് യാത്രയപ്പുനൽകി വീടുകളിലേയ്ക്ക് മടക്കി അയക്കുമെന്നും അർഹരായവർക്ക് തുടർന്നും സൗജന്യ ചികത്സ ലഭ്യമാക്കുമെന്നും പീസ്സ് വാലി പ്രവർത്തകർ വ്യക്തമാക്കി.

കൂലിപ്പണിക്കാരനായ അശോകനും തോട്ടം തൊഴിലാളിയായ ഭാഗ്യരാജും വിദ്യാർത്ഥിയായിരുന്ന സിജോയും മുളവൂർ സ്വദേശിയായ മഹമ്മദും മരത്തിൽ നിന്നും വിണതിനേത്തുടർന്നാണ് നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായത്. അശോകന്റെ പിതാവ് വേദനായകം നേരത്തെ മരണമടഞ്ഞിരുന്നു. അമ്മ മരിയയാണ് ആശുപത്രികളിൽ കയറി ഇറങ്ങി മകനെ ചികത്സിച്ചുവന്നിരുന്നത്. മിഷ്യൻ വാളുകൊണ്ട് മരം മുറിക്കവേ ബാലൻസ് തെറ്റി നിലം പതിച്ച ആശോകനെ ആദ്യം തേനി മെഡിക്കൽ കോളേജിലും നെടുംങ്കണ്ടും താലൂക്ക് ആശുപത്രിയിലുമൊക്കെയായിരുന്നു ചികത്സിച്ചത്. ഓപ്പറേഷൻ നടത്തി നട്ടെല്ലിന് കമ്പിയിടാൻ പണമില്ലാത്തതിനാൽ മകൻ ഒരു മാസത്തോളം അനങ്ങാൻ വയ്യാത്തവണ്ണം കടുത്ത വേദനയിൽ ഒരു വർഷം കഴിച്ചുകൂട്ടേണ്ടി വന്നെന്നും മരിയ കണ്ണൂനീരോടെ വെളിപ്പെടുത്തി.

ചികിത്സ തുടരുമ്പോഴും മകൻ എന്ന് എഴുന്നേറ്റ് നടക്കുമെന്ന കാര്യത്തിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഒരുറപ്പും നൽകിയിരുന്നില്ലന്നും ഈ സ്ഥിതിയിൽ കഴിയവേയാണ് പീസ്സ് വാലിയെക്കുറിച്ച് ഒരു നഴ്സ് പറഞ്ഞ് അറിഞ്ഞതെന്നും മൂന്നുമാസത്തെ ഇവിടുത്തെ ചികിത്സകൊണ്ട് മകന്റെ രോഗവസ്ഥ ഏറെക്കുറെ ഭേദമായിട്ടുണ്ടെന്നും മരിയ വ്യക്തമാക്കി. പീസ്വാലിയിലെത്തി നേരിൽക്കണ്ടപ്പോൾ എഴുന്നേറ്റ് നടക്കാനായതിന്റെ സന്തോഷം അശോകൻ നിറചിരിയോടെയാണ് ഈ ലേഖകനുമായി പങ്കിട്ടത്.

മരം വെട്ടുമ്പോൾ കൊമ്പടിച്ചാണ് ഭാഗ്യരാജ് നിലം പതിച്ചത്. നട്ടെല്ല് തകർന്ന് 7 വർഷമായി കിടപ്പിലായിരുന്നെന്നും ഇതുവരെ ചികത്സയ്ക്കായി 4 ലക്ഷത്തോളം രൂപ ചെലവായെന്നും എഴുന്നേറ്റ് നടക്കാൻ സാദ്ധ്യതയില്ലെന്ന് മധുരൈ ജവഹർ ഹോസ്പിറ്റലിലെ ഡോക്ടർമാർ വിധിയെഴുതിയിരുന്നെന്നും പീസ്വാലിയിലെ ചികത്സാപദ്ധതിയിൽ എത്താനായത് ജീവിതത്തിലെ ഭാഗ്യമാണെന്ന് കരുതുന്നതായും മേഴ്സി പറഞ്ഞു. ഗൾഫിൽ ജോലിചെയ്തിരുന്ന അബ്ദുൾ റഹിമാന് നാട്ടിലെത്തിയ ശേഷമുള്ള ബൈക്ക് യാത്രയാണ് കഷ്ടകാലം സമ്മാനിച്ചത്. ബൈക്കിൽ കാറ് ഇടിച്ചതിനെത്തുടർന്ന് തെറിച്ചുപോയ അബ്ദുൾ റഹിമാന്റെ നട്ടെല്ലിന് സാരമായി പരിക്കേറ്റിരുന്നു. മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചപ്പോൾ തീരെ അവശനിലയിലായിരുന്ന ഇയാളുടെ ജീവൻ രക്ഷപെട്ടെങ്കിലും ശരീരത്തിന്റെ ചനശേഷി ഏറെക്കുറെ നഷ്ടപ്പെട്ട അവസ്ഥിയിലായിരുന്നു. ഒരുവർഷത്തിനുള്ളിൽ ചികത്സയ്ക്കായി 13 ലക്ഷം രൂപ ചെലവായെന്നും തുടർ ചികത്സയ്ക്ക് എന്തുചെയ്യുമെന്ന് കരുതി വിഷമിച്ചിരിക്കുമ്പോഴാണ് ഒരു വാട്സാപ്പ് ഗ്രൂപ്പിൽ പീസ്വാലിയിലെ ചികത്സാ പദ്ധതിയെക്കുറിച്ച് കണ്ടതെന്നും തുടർന്ന് ഇവിടെ ചികത്സയ്ക്കെത്തുകയായിരുന്നു അബ്ദുൾ റഹിമാന്റെ ഭാര്യ സഫ്രീന പറഞ്ഞു.

കൂട്ടുകാരന്റെ അമ്മ കറിക്കരയ്ക്കാൻ തേങ്ങയില്ലെന്നുപറഞ്ഞപ്പോൾ ഒരാവേശത്തിൽ മുറ്റത്തെ തെങ്ങിൽ കയറിയതാണ് ഐ ടി ഐ വിദ്യാർത്ഥിയും വെള്ളത്തൂവൽ സ്വദേശിയുമായ സിജോ. മുകളിലെത്തിയപ്പോൾ തലകറങ്ങുന്നതിനെത്തുടർന്നാണ് സിജോ നിലംപതിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സിജോയുടെ ചികത്സയ്ക്കായി ഒരു മാസത്തിനുള്ളിൽത്തന്നെ 18 ലക്ഷത്തോളം രൂപ ചെലവായെന്നും 10 ലക്ഷം കൂടി മുടക്കിയാൽ നട്ടെല്ല് തുറന്ന് ഒരു ഓപ്പറേഷൻകൂടി പരീക്ഷിക്കാമെന്ന് ചികത്സിച്ചിരുന്ന ഡോക്ടർ അറിയിച്ചതായി സിജോയുടെ മാതാവ് ഷൈനി മറുനാടനോട് വ്യക്തമാക്കി. ഈ തുക സംഘടിപ്പിക്കാൻ നെട്ടോട്ടമൊടുമ്പോഴാണ് നെല്ലിക്കുഴിയിലെ ചികത്സാ പദ്ധതിയെക്കുറിച്ച് അറിഞ്ഞതെന്നും മറ്റൊന്നും ആലോചിക്കാതെ മകനെയും കൂട്ടി ഇവിടേയ്ക്ക് പുറപ്പെടുകയായിരുന്നെന്നും ഷൈനി പറഞ്ഞു. എഴുന്നേറ്റിരിക്കാനായെന്നും ഉപകരണങ്ങളുടെ സഹായത്തോടെ പതിയെ നീങ്ങാൻ കഴിയുന്നുണ്ടെന്നും അസുഖം ഭേദമാവുന്ന മുറയ്ക്ക് ചെറിയ വ്യാപരകേന്ദ്രം അരംഭിക്കണമെന്നാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും സിജോ പറഞ്ഞു.

മരംവെട്ടുമ്പോൾ കൊമ്പടിച്ചുവീണ് കിടപ്പിലായ മുഹമ്മദിനും ഹൃദയാഘാതത്തെത്തുടർന്ന് ഒരുവശം തളർന്ന് നടക്കാൻ കഴിയാത്ത അവസ്ഥയിലാവുകയും ചെയ്ത നെല്ലിക്കുഴി സ്വദേശി റഷീദും ഇന്ന് ഒരു പരിധിവരെങ്കിലും സാധാരണ ജീവിത്തിലേയ്ക്ക് മടങ്ങിയെത്തിയത് പ്രവർത്തന മികവിന്റെ ഉദാഹരണമാണെന്നാണ് പീസ്വാലി പ്രവർത്തകർ വ്യക്തമാക്കുന്നത്. ഭീമമായ ചികത്സ ചെലവ് വഹിക്കാനാവാതെ കിടക്കയിലും ചക്രകസേരയിലുമായി ജീവിതം തളച്ചിടപ്പെട്ട നിർധനരായ ചെറുപ്പക്കാരും പീസ് വാലിയിലെ സൗജന്യ ചികത്സയിലൂടെ സ്വയം പര്യാപ്തരായിരിക്കകയാണെന്ന് സ്ഥാപനത്തിന്റെ അണിയറപ്രവർത്തകർ അറിയിച്ചു. വിദഗ്ദരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അർപ്പണ ബോധമുള്ള ഫിസിയോതെറാപ്പിസ്റ്റുകളുടെ നേതൃത്വത്തിലായിരുന്നു മൂന്ന് മാസം നീണ്ടു നിന്ന ചികത്സ. ചികത്സാ കാലയളവിലുടനീളം രോഗിക്കും കൂട്ടിരിപ്പുകാർക്കും പീസ് വാലിയിൽ സൗജന്യ താമസവും ഭക്ഷണവും ഒരുക്കിയിരുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 13 നു പീസ് വാലിയിൽ സംഘടിപ്പിച്ച ചികിത്സ നിർണ്ണയ ക്യാമ്പിൽ നിന്നാണ് അർഹരായ രോഗികളെ തിരഞ്ഞെടുത്തത്. പ്രായം, അപകടത്തിന്റെ കാലപ്പഴക്കം, ആരോഗ്യം എന്നീ ഘടകങ്ങൾ പരിശോധിച്ചായിരുന്നു അർഹരായവരെ തിരഞ്ഞെടുത്തത്. ഒരു ബാച്ചിൽ ഏഴു രോഗികൾക്കാണ് പ്രവേശനം നൽകിയിരുന്നത്. നിർദ്ധന രോഗികളുടെ വീടുകൾ ഭിന്നശേഷി സൗഹൃദമായി മാറ്റുന്നതുൾപ്പടെ ഏതാണ്ട് ഒരു ലക്ഷത്തോളം രൂപയാണ് മൂന്ന് മാസ കാലയളവിൽ ഒരു രോഗിക്കായി ചെലവ് വന്നത്. സ്വന്തം നാടുകളിലേക്ക് മടങ്ങുന്ന ഇവർക്ക് സ്വയം തൊഴിലിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സ്ഥാപനം നൽകുന്നുണ്ട്. പുതുജീവിതത്തിലേക്ക് കടക്കുന്ന 7 പേർക്കുള്ള യാത്രയപ്പ് ജൂലായ് 26 വൈകിട്ട് 4 ന് പീസ് വാലിയിൽ നടക്കും. കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉത്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ കേരളത്തിലെ ജനകീയ സിവിൽ സർവീസ് ഓഫിസർ എൻ പ്രശാന്ത് ഐഎഎസ് മുഖ്യാഥിതിയാരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇതോടൊപ്പം നിർധനരായ വൃക്ക രോഗികൾക്കായി ആവിഷ്‌കരിച്ചിട്ടുള്ള കുറഞ്ഞ നിരക്കിലുള്ള ഡയാലിസിസ് പദ്ധതിയുടെ പ്രഖ്യാപനം കോതമംഗലം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ടി ബി ഫസീല നിർവഹിക്കും.

രോഗിയിൽ നിന്നും 400 രൂപ മാത്രം ഈടാക്കി പൊതു ജനങ്ങളിൽ നിന്നും സന്നദ്ധ സംഘടനകൾ വഴിയും 500 രൂപയുടെ കൂപ്പൺ മുഖേന ഡയാലിസിസിനു ചെലവാകുന്ന തുക കണ്ടെത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഇത്തരത്തിൽ വർഷത്തിൽ പതിനായിരം ഡയാലിസിസുകളാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. സാമൂഹിക -മാനസിക പുനരധിവാസ കേന്ദ്രം, സാന്ത്വന പരിചരണ കേന്ദ്രം എന്നിവയാണ് പീസ് വാലിക്ക് കീഴിൽ നിലവിൽ പ്രവർത്തിക്കുന്ന ഇതര സംവിധാനങ്ങൾ. നെല്ലിക്കുഴി മുന്നൂറ്റി പതിനാലിൽ പത്തേക്കർ സ്ഥലത്തു വിശാലമായ ക്യാമ്പസിലാണ് പീസ് വാലി പ്രവർത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP