Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പത്തനംതിട്ട-പമ്പ പാതയിലെ വിള്ളലിന് പരിഹാരം കാണാനായില്ല; അപ്പം, അരവണ നിർമ്മാണത്തിനായുള്ള ശർക്കരനീക്കവും പമ്പയിലെ സംരക്ഷണഭിത്തിക്കായുള്ള കല്ലെത്തിക്കുന്നതും മുടങ്ങി; തീർത്ഥാടന മുന്നൊരുക്കങ്ങൾ പ്രതിസന്ധിയിലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

പത്തനംതിട്ട-പമ്പ പാതയിലെ വിള്ളലിന് പരിഹാരം കാണാനായില്ല; അപ്പം, അരവണ നിർമ്മാണത്തിനായുള്ള ശർക്കരനീക്കവും പമ്പയിലെ സംരക്ഷണഭിത്തിക്കായുള്ള കല്ലെത്തിക്കുന്നതും മുടങ്ങി; തീർത്ഥാടന മുന്നൊരുക്കങ്ങൾ പ്രതിസന്ധിയിലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: പത്തനംതിട്ട-പമ്പ പാതയിലെ വിള്ളലിന് പരിഹാരം കാണാൻ ഇതുവരെയും അധികാരികളുടെ ഭാ​ഗത്ത് നിന്നും നടപടികളില്ല. ഇതോടെ ശബരിമല തീർത്ഥാടനം പ്രതിസന്ധിയിലാകും എന്ന ആശങ്കയും ശക്തമാണ്. ചാലക്കയത്തിനടുത്ത് പ്ലാന്തോട് ഭാഗത്ത് മലയിലാണ് റോഡിൽ വിള്ളൽ ദൃശ്യമായത്. ഓഗസ്റ്റ് ആദ്യ ആഴ്ചയിലുണ്ടായ ശക്തമായ മഴയിലാണ് റോഡ് വിണ്ടുകീറിയത്. ഇതോടെ പമ്പയിലെയും ശബരിമലയിലെയും നിർമ്മാണപ്രവർത്തനങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. റോഡ് നന്നാക്കാത്തത് തീർത്ഥാടന മുന്നൊരുക്കങ്ങളെ ആകെ ബാധിച്ചിരിക്കുകയാണ് എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറയുന്നു. തുലാമാസ പൂജ സമയത്ത് ഭക്തർക്ക് പ്രവേശനം നൽകാൻ തീരുമാനമുണ്ടായാൽ പ്രതിസന്ധി രൂക്ഷമാകു‌മെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപ്പം, അരവണ നിർമ്മാണത്തിനായുള്ള ശർക്കരനീക്കവും പമ്പയിലെ സംരക്ഷണഭിത്തിക്കായുള്ള കല്ലെത്തിക്കുന്നതും ഒന്നരമാസമായി നടക്കുന്നില്ല. പമ്പ പെട്രോൾപമ്പിൽ ഇന്ധനമെത്തിക്കാനും സാധിക്കുന്നില്ല. സന്നിധാനത്തേക്കുള്ള അത്യാവശ്യ പൂജാസാധനങ്ങൾ ഉൾപ്പെടെ പൊലീസ് ജീപ്പിലും മറ്റുമാണ് കൊണ്ടുപോകുന്നത്. റോഡിന്റെ തകർച്ച കാരണം കെ.എസ്.ആർ.ടി.സി.യും സർവീസ് നിർത്തിയതോടെ പമ്പ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ്. റോഡ് ഇടിഞ്ഞിടത്ത് റോഡിന്റെ ഒരു വശം വലിയ താഴ്ചയും എതിർവശം മലയുമാണ്. തുലാമാസ പൂജാസമയത്ത് തീർത്ഥാടകരെ അനുവദിക്കുമെന്ന് പറയുമ്പോൾ എങ്ങനെ കടത്തിവിടുമെന്ന കാര്യത്തിലും വലിയ പ്രതിസന്ധിയുണ്ടാകും.

പൊതുമരാമത്ത്, സെസ്, വനം, ദേവസ്വം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധ സമിതി ഇവിടെ പരിശോധന നടത്തി ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ശക്തമായ മഴ പെയ്താൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. റോഡിന് താഴെ വനത്തിലുള്ള വെള്ളച്ചാട്ടം വരെ മണ്ണ് ഇടിഞ്ഞുപോകാം. അങ്ങനെ സംഭവിച്ചാൽ റോഡ് ഉൾപ്പെടെ ഒലിച്ചു പോയേക്കാമെന്നും ഇവർ പറയുന്നു. പുതിയ സംരക്ഷണഭിത്തി കെട്ടി റോഡ് ബലപ്പെടുത്താൻ 1.70 കോടിരൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെങ്കിലും ഇതിന് ചീഫ് എൻജിനീയറുടെ ഭരണാനുമതി ലഭിച്ചാലേ ടെൻഡർ ചെയ്ത് പണി തുടങ്ങാൻ കഴിയൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP