Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോം ക്വാറന്റൈനിലായിരുന്ന ജില്ലാ കമ്മറ്റിയിലെ വനിതാ അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചു: പത്തനംതിട്ടയിൽ സിപിഎം നേതാക്കൾ ഒന്നടങ്കം ക്വാറന്റൈനിലേക്ക്

ഹോം ക്വാറന്റൈനിലായിരുന്ന ജില്ലാ കമ്മറ്റിയിലെ വനിതാ അംഗത്തിനും കോവിഡ് സ്ഥിരീകരിച്ചു: പത്തനംതിട്ടയിൽ സിപിഎം നേതാക്കൾ ഒന്നടങ്കം ക്വാറന്റൈനിലേക്ക്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഹോം ക്വാറന്റൈനിലായിരുന്ന സിപിഎം ജില്ലാ കമ്മറ്റിയിലെ വനിതാ അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചുവെന്ന് വിവരം. ഇതോടെ സിപിഎം ജില്ലാ കമ്മറ്റിയംഗങ്ങൾ ഒന്നടങ്കം ക്വാറന്റൈനിലേക്ക് നീങ്ങുന്നു.

കോവിഡ് രോഗി പങ്കെടുത്ത ചടങ്ങിൽ സംബന്ധിച്ച ആന്റോ ആന്റണി എംപി, കെയു ജനീഷ്‌കുമാർ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പിജെ അജയകുമാർ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് സംഗേഷ് ജി. നായർ, സിപിഐ നേതാവ് സത്യാനന്ദ പണിക്കർ, പത്തനംതിട്ട ആർടിഓ ജിജി ജോർജ് എന്നിവർ ഹോം ക്വാറന്റൈനിൽ പോയതിന് പിന്നാലെയാണ് സിപിഎം ജില്ലാ കമ്മറ്റിയംഗത്തിനും രോഗം സ്ഥിരീകരിച്ചുവെന്ന വാർത്ത പുറത്തു വരുന്നത്. കഴിഞ്ഞ എട്ടിന് രോഗം സ്ഥിരീകരിച്ച സിപിഎം ഏരിയാ കമ്മറ്റിയംഗത്തിൽ നിന്ന് സമ്പർക്കത്തിലൂടെയാണ് ജില്ലാ കമ്മറ്റിയംഗത്തിന് രോഗം പകർന്നത് എന്നാണ് സൂചന.

ഇയാൾ പങ്കെടുത്തിരുന്ന യോഗത്തിൽ ജില്ലാ കമ്മറ്റിയംഗങ്ങൾ വേദി പങ്കിട്ടിരുന്നു. രണ്ട് ജില്ലാ കമ്മറ്റി അംഗങ്ങൾ ഹോം ക്വാറന്റൈനിൽ പോയിരുന്നു. വനിതാ അംഗത്തിനാണ് രോഗം പകർന്നിട്ടുള്ളത്. എന്നാൽ, ഈ യോഗത്തിലുണ്ടായിരുന്ന മറ്റ് നേതാക്കളോ ജില്ലാ കമ്മറ്റിയംഗങ്ങളോ ക്വാറന്റൈനിൽ പോകാൻ തയാറായിരുന്നില്ല. നിലവിൽ സിപിഎം ജില്ലാ കമ്മറ്റി ഒന്നടങ്കം ക്വാറന്റൈനിൽ പോകേണ്ട ഗതികേടിലാണ്. കഴിഞ്ഞ ഒന്നിന് പെൻഷൻ ഭവനിൽ വച്ച് സിപിഎം ജില്ലാ കമ്മറ്റി മീറ്റിങ് നടന്നിരുന്നു. യോഗത്തിൽ ജില്ലാ സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗങ്ങൾ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഇവരിൽ 60 വയസ് കഴിഞ്ഞവരാണ് ഏറെയുമുള്ളത്. സർക്കാരിന്റെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 60 വയസിന് മുകളിൽ പ്രായമുള്ളവർ വീടിന് വെളിയിൽ ഇറങ്ങാൻ പാടില്ല. ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് സിപിഎം ജില്ലാ കമ്മറ്റിയും ഏരിയാ കമ്മറ്റിയും ചേർന്നിരുന്നത്. ഈ യോഗങ്ങളിൽ പങ്കെടുത്ത 60 കഴിഞ്ഞവർക്കെതിരേ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസ് എടുക്കേണ്ടിയിരുന്നതാണ്. അതുണ്ടായിട്ടില്ല.

ഏരിയാ കമ്മറ്റിയംഗത്തിന് കോവിഡ് സ്ഥിരീകരിച്ചപ്പോഴും തനിക്ക് സമ്പർക്കമില്ല, താൻ പോകേണ്ട കാര്യമില്ല എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി നിലപാട് എടുത്തത്. 60 കഴിഞ്ഞ മറ്റു നേതാക്കളും മിണ്ടാതെ വീട്ടിലിരിക്കുകയാണ്. ഇപ്പോൾ വനിതാ നേതാവിന് കോവിഡ് സ്ഥിരീകരിച്ച വിവരം പുറത്തു വന്നപ്പോഴും അതും രഹസ്യമാക്കി വയ്ക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത് എന്നാണ് പാർട്ടിയിൽ തന്നെയുള്ളവർ പറയുന്നത്.

മിനിഞ്ഞാന്ന് സിപിഎം ജില്ലാ കമ്മറ്റി യോഗം കോന്നിയിൽ ചേരാൻ തീരുമാനിച്ചിരുന്നു. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മാറ്റി വയ്ക്കുകയായിരുന്നു. ഡിവൈഎഫ്ഐ ഏരിയാ കമ്മറ്റി യോഗം സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ ചേരാൻ തീരുമാനിച്ചിരുന്നതും മാറ്റി വച്ചു. കഴിഞ്ഞ എട്ടിന് കോവിഡ് സ്ഥിരീകരിച്ച സിപിഎം ഏരിയാ കമ്മറ്റിയംഗത്തിന്റെ സഞ്ചാരപഥം ഇന്നലെയാണ് പുറത്തു വിട്ടത്. ഈ പട്ടികയും അപൂർണമാണ്. ഇയാളിൽ നിന്ന് കൂടുതൽ പേർക്ക് രോഗം ബാധിച്ചതായി കണ്ടെത്തി.

ഇയാൾ പോയ സ്ഥലങ്ങളിൽ സിപിഎം ജില്ലാ കമ്മറ്റി ഓഫീസ്, കുമ്പഴ ലോക്കൽ കമ്മറ്റി ഓഫീസ് എന്നിവയും അവസാനം ഉൾപ്പെടുത്തി. ജില്ലാ ഭരണകൂടം പുറത്തു വിട്ട സഞ്ചാരപഥത്തിൽ ചെറിയ അക്ഷരത്തിലാണ് ഇത് പ്രതിപാദിച്ചിരിക്കുന്നത്. സിപിഎം ഓഫീസുകളും ജില്ലാ സെക്രട്ടറി അടക്കമുള്ള മുതിർന്ന നേതാക്കളെയും സമ്പർക്ക പട്ടികയിൽ നിന്നും ഒഴിവാക്കാനുള്ള സമ്മർദം മാധ്യമങ്ങൾ പൊളിച്ചതോടെയാണ് ഇപ്പോൾ പട്ടിക പുറത്തു വിട്ടിരിക്കുന്നത്. ഇയാളുമായി നേരിട്ട് സമ്പർക്കമുള്ള ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അടക്കം ക്വാറന്റൈനിൽ പോയിട്ടില്ല. ഇതിനായി ഡി.എം.ഓഫീസിൽ ശക്തമായ സമ്മർദമാണ് നടന്നിട്ടുള്ളത് എന്നാണ് വിവരം. കുമ്പഴ ലോക്കൽ കമ്മറ്റി ഓഫീസ്, ജില്ലാ കമ്മറ്റി ഓഫീസ് എന്നിവിടങ്ങൾ പട്ടികയിൽ നിന്നൊഴിവാക്കാനുള്ള ശ്രമമാണ് തുടക്കം മുതൽ നടന്നത്. സാധാരണ രോഗം സ്ഥിരീകരിക്കുന്ന ദിവസം തന്നെ സഞ്ചാരപഥവും സമ്പർക്ക പട്ടികയും പുറത്തു വിടാറുണ്ട്. എം.എസ്.എഫ് നേതാവിന് രോഗം സ്ഥിരീകരിച്ച വാർത്തയ്ക്കൊപ്പം തന്നെ സഞ്ചാരപഥം പുറത്തു വിട്ടിരുന്നു. സിപിഎം നേതാവിന്റെ കാര്യത്തിൽ അതുണ്ടായില്ല.

കോവിഡ് പ്രോട്ടോക്കോൾ വഴി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരുന്ന സകല നിർദ്ദേശങ്ങളും സിപിഎം പത്തനംതിട്ടയിൽ ലംഘിച്ചിരുന്നു. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് യോഗം ചേർന്നതും കോവിഡ് വ്യാപനത്തിന് കാരണമായിരിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP