Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാസ്‌പോർട്ട് ആവശ്യങ്ങൾക്കായി പാലക്കാട്ടുകാർക്ക് ഇനി മലപ്പുറത്തേക്കും തൃശൂരിലേക്കും ഓടേണ്ടി വരില്ല; പാലക്കാട് പുതിയ പാസ്പോർട്ട് സേവാ കേന്ദ്രം അനുവദിച്ച് ഉത്തരവായി; നടപടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‌ എംബി രാജേഷ് നൽകിയ അപേക്ഷ പരിഗണിച്ച്; കേന്ദ്രത്തിന്റെ സമ്മാനം തങ്ങളുടെ നേട്ടമെന്ന് ബിജെപിയും

പാസ്‌പോർട്ട് ആവശ്യങ്ങൾക്കായി പാലക്കാട്ടുകാർക്ക് ഇനി മലപ്പുറത്തേക്കും തൃശൂരിലേക്കും ഓടേണ്ടി വരില്ല; പാലക്കാട് പുതിയ പാസ്പോർട്ട് സേവാ കേന്ദ്രം അനുവദിച്ച് ഉത്തരവായി; നടപടി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‌ എംബി രാജേഷ് നൽകിയ അപേക്ഷ പരിഗണിച്ച്; കേന്ദ്രത്തിന്റെ സമ്മാനം തങ്ങളുടെ നേട്ടമെന്ന് ബിജെപിയും

ജാസിം മൊയ്തീൻ

പാലക്കാട്: പാലക്കാട്ടുകാർക്ക് ഇനി പാസ്പോർട് ആവശ്യങ്ങൾക്കായി മലപ്പുറത്തേക്കും തൃശൂരിലേക്കും ഓടേണ്ടി വരില്ല. പാലക്കാട് ജില്ലയിൽ പുതിയ പാസ്പോർട് സേവാകേന്ദ്രം അനുവദിച്ച് കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. എംബി രാജേഷ് എംപിയുടെ ദീർഘകാലത്തെ ആവശ്യത്തിന്റെ ഫലമായാണ് ഇപ്പോൾ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അനുകൂല തീരുമാനെമെടുത്തിരിക്കുന്നത്. ദിനം പ്രതി നാനൂറിലധികം അപേക്ഷകളുള്ള പാലക്കാട് ജില്ലയിലുള്ളവർ പാസ്പോർട്ടിന് വേണ്ടി ഇതുവരെ ആശ്രയിച്ചിരുന്നത് മലപ്പുറത്തെയും, തൃശൂരിലെയും കേന്ദ്രങ്ങളെയായിരുന്നു.

ഈയൊരു ആവശ്യമുന്നയിച്ച് പാലക്കാടിന്റെ വിവിധ ജനപ്രതിനിധികൾ പലതവണ കേന്ദ്രസർക്കാറിൽ അപേക്ഷ നൽകിയിരുന്നെങ്കിലും ഇപ്പോഴാണ് ഫലമുണ്ടായത്. നേരത്തെ പാലക്കാട് ജില്ലയുടെ എല്ലാഭഗങ്ങളിൽ നിന്നും എത്തിച്ചേരാനാവുന്ന കേന്ദ്രമെന്ന നിലക്ക് ഷൊർണൂരിലാണ് പാസ്പോർട്ട് സേവാകേന്ദ്രത്തിന് വേണ്ടി ജനപ്രതിനിധകൾ നിശ്ചയിച്ചിരുന്നതെങ്കിലും ഷൊർണൂരിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താനാവാത്തതും ജില്ലാ കേന്ദ്രത്തിൽ നിന്ന് ദൂരം കൂടുതലായതിനാലും ഷൊർണൂരിൽ വേണമെന്ന ആവശ്യം ഉപേക്ഷിക്കുകയായിരുന്നു.

പിന്നീട് എല്ലാവിധ അനുകൂല സാഹചര്യങ്ങളുമുള്ള ഒലവക്കോട് പോസ്റ്റ് ഓഫീസിൽ പാസ്പോർട്ട് സേവാ കേന്ദ്രം തുടങ്ങാമെന്ന രീതിയിലാണ് കഴിഞ്ഞ മാസം എംബി രാജേഷ് എംപി വീണ്ടും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ ഇത് സംബന്ധിച്ച അപേക്ഷ സമർപ്പിച്ചത്. ഈ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഇന്ന് ഒലവക്കോട് പോസ്റ്റ് ഓഫീസിൽ പാസ്പോർട്ട് സേവാ കേന്ദ്രം അനുവദിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്.

അതേസമയം പാസ്പോർട്ട് സേവാ കേന്ദ്രം അനുവദിച്ചതിന്റെ പിതൃത്വം ഏറ്റെടുത്ത് സിപിഎം ബിജെപി പ്രവർത്തകർ സോഷ്യൽ മീഡിയയിൽ തർക്കം തുടങ്ങിയിട്ടുണ്ട്. ഇത്രയും കാലമായിട്ടും നടക്കാത്ത കാര്യം ഇപ്പോൾ നടന്നെങ്കിൽ അത് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പാലക്കാടിന് നൽകിയ സമ്മാനമാണെന്നും, കഴിഞ്ഞ യുപിഎ ഭരണകാലത്തും രാജേഷ് പാലക്കാടിന്റെ എംപിയായിരുന്നിട്ടും അപ്പോഴൊന്നും അദ്ദേഹത്തിന്റെ ആവശ്യത്തോട് അനുകൂലമായ തീരുമാനമെടുക്കാത്തതിൽ അദ്ദേഹത്തിന് പരാതിയില്ലെയെന്നുമാണ് ബിജെപി പ്രവർത്തകർ ചോദിക്കുന്നത്.

ഇതിന് മറുപടിയായി ബിജെപിയുടെ കേരളത്തിൽ നിന്നുള്ള ഏതെങ്കിലും ഒരു നേതാവ് പാലക്കാടിന്റെ ഈ ആവശ്യമുന്നയിച്ച് കേന്ദ്ര സർക്കാറിനെ സമീപിച്ചിരുന്നോ എന്നാണ് സിപിഎം പ്രവർത്തകർ ചോദിക്കുന്നത്. ബിജെപിക്ക് കേരളത്തിൽ ഭരണമുള്ള ഏക മുനസിപ്പാലിറ്റിയുള്ള ജില്ലയായിട്ട് കൂടി എന്തുകൊണ്ടാണ് കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കൾ ഈയൊരു ആവശ്യം കേന്ദ്രസർക്കാറിന് മുന്നിലെത്തിക്കാതിരുന്നതെന്നും ഇവർ ചോദിക്കുന്നു. ഏതായാലും പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങുന്നതിന് മുമ്പ് തന്നെ അതിന്റെ പിതൃത്വം അവകാശപ്പെട്ടുള്ള തർക്കങ്ങൾ തുടങ്ങിയിരിക്കുന്നു. ഇന്ന് സോഷ്യൽ മീഡിയയിലെ തർക്കങ്ങൾ നാളെ തെരവുകളിൽ ഫ്ളെക്സുകളുടെ രൂപത്തിലേക്കും കടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP