Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോളേജ് വിദ്യാർത്ഥികൾക്കായുള്ള 'പഠനത്തിനൊപ്പം ജോലി' പദ്ധതി ഈ അധ്യയനവർഷം നടപ്പാക്കും; ജോലിക്കുള്ള ശമ്പളം സർക്കാർ നിശ്ചയിക്കും

കോളേജ് വിദ്യാർത്ഥികൾക്കായുള്ള 'പഠനത്തിനൊപ്പം ജോലി' പദ്ധതി ഈ അധ്യയനവർഷം നടപ്പാക്കും; ജോലിക്കുള്ള ശമ്പളം സർക്കാർ നിശ്ചയിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനസർക്കാർ വിഭാവനംചെയ്യുന്ന കോളേജ് വിദ്യാർത്ഥികൾക്കായുള്ള 'പഠനത്തിനൊപ്പം ജോലി' പദ്ധതി ഈ അധ്യയനവർഷം നടപ്പാക്കും. ജോലിക്കുള്ള ശമ്പളം സർക്കാർ നിശ്ചയിക്കും. പഠനസമയത്തിനുശേഷം എത്രമണിക്കൂർ ജോലിചെയ്യണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനിക്കും, ഇതിനായി ഒരു പൊതു പ്ലാറ്റ്ഫോമും തയ്യാറാക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർത്ഥിനേതാക്കളുമായി നടത്തിയ ചർച്ചയിൽനിന്ന് രൂപപ്പെട്ട ആശയമാണ് യാഥാർഥ്യമാകാനൊരുങ്ങുന്നത്. പദ്ധതിക്കായി ഉന്നതവിദ്യാഭ്യാസ കൗൺസിൽ കരട് റിപ്പോർട്ട് തയ്യാറാക്കി. സർവകലാശാലകളും സർക്കാർകോളേജുകളും അർധസർക്കാർസ്ഥാപനങ്ങളും ചേർന്ന് പദ്ധതികൾ തയ്യാറാക്കി നടപ്പാക്കുന്നരീതിയിലും സർക്കാരിന്റെയും സർവകലാശാലകളുടെയും മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർത്ഥികൾക്കുതന്നെ സ്വന്തമായി ജോലി തിരഞ്ഞെടുക്കാവുന്ന രീതിയുമാണ് ആലോചനയിലുള്ളത്.

സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെ പുറംകരാർ നൽകുന്ന ജോലികൾ, തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും മരാമത്ത് ജോലികൾക്ക് എൻജിനിയറിങ് വിദ്യാർത്ഥികളെ അപ്രന്റിസായി അനുവദിക്കുക, ഐ.ടി. അനുബന്ധജോലികൾ, ഫ്രണ്ട് ഓഫീസ് ജോലികൾ തുടങ്ങിയവയാണ് വിദ്യാർത്ഥികൾക്കായി പരിഗണിക്കുക.സംസ്ഥാനത്ത് കോളേജ് ക്ലാസുകളുടെ സമയം രാവിലെ എട്ടരമുതൽ ഉച്ചയ്ക്ക് ഒന്നരവരെയാക്കാമെന്ന ചർച്ചയും ഇതിന്റെ പശ്ചാത്തലത്തിലാണ്. അദ്ധ്യാപകസംഘടനകളിൽനിന്നുൾപ്പെടെ എതിർപ്പുകൾ വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. 2004-ൽ യുജിസിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. മദ്രാസ് സർവകലാശാല ഉൾപ്പെടെയുള്ള പ്രമുഖ സർവകലാശാലകൾ ഇത് നടപ്പാക്കിക്കഴിഞ്ഞു. 2017-ൽ ഓൾഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷനും ഓൾഇന്ത്യ ടെക്‌നിക്കൽ മാനേജ്മെന്റ് കൗൺസിലും പദ്ധതി പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി താത്പര്യമെടുത്ത് കേരളത്തിലും പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്.

സർവകലാശാലകളും കോളേജുകളും തൊഴിലധിഷ്ഠിത അനുബന്ധകോഴ്സുകൾ ആരംഭിക്കുകയും ജോലിപരിചയം അക്കാദമിക വിലയിരുത്തലിനു പരിഗണിക്കുകയും വേണമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പഠനറിപ്പാർട്ടിലുണ്ട്. ശാസ്ത്രം, സാങ്കേതികം, എൻജിനിയറിങ്, ഗണിതം തുടങ്ങിയവയിൽ തൊഴിലധിഷ്ഠിത പഠ്യപദ്ധതികൾക്ക് രൂപംനൽകാം. പദ്ധതികൾ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ലാഭത്തിനുവേണ്ടിയാകരുത്.

സ്ഥാപനങ്ങൾക്ക് അവരുടെതന്നെ വിവിധ വകുപ്പുകളെ ഉപയോഗിച്ച് ജോലിസാധ്യതകൾ സംബന്ധിച്ച പഠനങ്ങൾ നടത്തി അതനുസരിച്ചുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് രൂപംനൽകാം. വ്യാവസായസ്ഥാപനങ്ങൾ അവയുടെ സാമൂഹികഉത്തരവാദിത്വത്തിന്റെ ഭാഗമായി പദ്ധതിയെ കാണണം. പദ്ധതി നടപ്പാകുമ്പോൾ സർക്കാരിന്റെയും സർവകലാശാലകളുടെയും കർശന നിരീക്ഷണം ഉണ്ടാകണമെന്നും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP