Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202221Saturday

അവകാശ സംരക്ഷണത്തിന് മുസ്ലിംകൾ തെരുവിലിറങ്ങേണ്ട നിർബന്ധിതാവസ്ഥയെന്ന് ഇ എം അബ്ദുറഹ്മാൻ; സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പോപുലർ ഫ്രണ്ടിന്റെ സെക്രട്ടേറിയറ്റിലേക്ക് മാർച്ച്

അവകാശ സംരക്ഷണത്തിന് മുസ്ലിംകൾ തെരുവിലിറങ്ങേണ്ട നിർബന്ധിതാവസ്ഥയെന്ന് ഇ എം അബ്ദുറഹ്മാൻ; സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പോപുലർ ഫ്രണ്ടിന്റെ സെക്രട്ടേറിയറ്റിലേക്ക് മാർച്ച്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അവകാശ സംരക്ഷണത്തിനായി മുസ്ലിംകൾ തെരുവിലിറങ്ങേണ്ട നിർബന്ധിതാവസ്ഥയിലാണെന്നും ജനങ്ങളുടെ സ്വയംനിയന്ത്രണത്തെ സംസ്ഥാന സർക്കാർ ഒരു ദൗർബല്യമായി കാണരുതെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചെയർമാൻ ഇ എം അബ്ദുറഹ്മാൻ. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ കമ്മിറ്റി ശുപാർശകൾ പൂർണമായും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   

മഹാമാരിയുടെ മറപിടിച്ച് സർക്കാർ അന്യായങ്ങൾ പ്രവർത്തിക്കുകയാണ്. അന്യായങ്ങൾ പ്രവർത്തിക്കുന്ന ഭരണകൂടത്തെ ഈ നിലയിൽ തുടരാൻ മുസ്ലിംകൾ മാത്രമല്ല, മറ്റു പിന്നാക്കവിഭാഗങ്ങളും അനുവദിക്കില്ലെന്ന പ്രഖ്യാപനം കൂടിയാണ് സെക്രട്ടേറിയറ്റിന് മുമ്പിൽ പോപുലർ ഫ്രണ്ട് നടത്തുന്ന പ്രക്ഷോഭം. മുസ്ലിംകൾ അനുഭവിച്ച് കൊണ്ടിരുന്ന ആനുകൂല്യങ്ങൾ സമ്മർദ്ദങ്ങൾക്കും സ്ഥാപിത താല്പര്യങ്ങൾക്ക് വഴിപ്പെട്ട് സർക്കാർ പിന്നോട്ടടിച്ചപ്പോൾ സർക്കാരിനെ നീതിയുടെ മാർഗത്തിൽ മുന്നോട്ട് നയിക്കുന്നതിനുള്ള പ്രക്ഷോഭമാണ് ഇവിടെ ആരംഭിച്ചിട്ടുള്ളത്. ഇത് സാമൂഹിക നീതിക്ക് വേണ്ടിയുള്ള പ്രക്ഷോഭമാണ്. ഇവിടെ ചില ആളൂകൾ മനപ്പൂർവ്വം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് പൊതുജനശ്രദ്ധ തിരിച്ച് വിടാനാണ്. പോപുലർ ഫ്രണ്ട് നടത്തുന്ന സമരം ഏതെങ്കിലും ജനവിഭാഗത്തിന് നേരെയുള്ള സമരമല്ല.

മുസ്ലിംകൾ ഇന്ത്യയിലെ മറ്റേതൊരു സമൂഹത്തെക്കാളും പിന്നാക്കമാണെന്ന കണ്ടെത്തലാണ് സച്ചാർ കമ്മീഷൻ വസ്തുതകളുടെ പിൻബലത്തിൽ കണ്ടെത്തിയിട്ടുള്ളത്. വിദ്യാഭ്യാസത്തിന്റെയും ഭൂ ഉടമസ്ഥതയുടേയും കാര്യത്തിൽ ഉൾപ്പെടെ മുസ്ലിംകൾ പട്ടിക വിഭാഗങ്ങളേക്കാൾ പിന്നാക്കമാണെന്നാണ് കമ്മീഷൻ കണ്ടെത്തിയത്. സച്ചാർ മുന്നോട്ടുവച്ചതിൽ വളരെ കുറച്ച് നിർദ്ദേശങ്ങൾ മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ. നടപ്പിലാക്കാനുള്ളത് കൂടുതലും സർക്കാരുകൾ അവഗണിക്കുകയായിരുന്നു. മുസ്ലിംകൾക്ക് മാത്രമായി നടപ്പിലാക്കേണ്ടതിൽ മറ്റ് പിന്നാക്ക വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തിയിട്ടും ഒരു ധ്രുവീകരണത്തിലേക്ക് സമൂഹം പോകരുതെന്ന വിശാല മനസ്സ് കൊണ്ട് എല്ലാവരും മൗനം പാലിച്ചു. എന്നാൽ, ഈ അനീതിയെ ആയുധമാക്കി കോടതിയെ സമീപിക്കാനാണ് ഒരു വിഭാഗം ശ്രമിച്ചത്. അങ്ങനെ 80:20 അനുപാതം റദ്ദു ചെയ്യുന്നതിൽ അവർ വിജയിച്ചു. സർക്കാർ കോടതി വിധിയെ മറികടന്ന് മുന്നോട്ട് പോകുന്നതിന് പകരം തടിയൂരി തൽക്കാലും തടിരക്ഷിക്കാനാണ് ഉപായങ്ങൾ തേടിക്കൊണ്ടിരിക്കുന്നത്. എൽഡിഎഫ് സർക്കാർ സത്യസന്ധമായി നിലപാട് സ്വീകരിക്കണം.  
മുസ്ലിംകൾക്ക് മാത്രമായി അവരുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കണം. മറ്റു പിന്നാക്കവിഭാഗങ്ങൾ ഏതെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കേണ്ടതുണ്ടെങ്കിൽ അത് അവർക്കും ലഭിക്കണം.

വിവിധ മതവിഭാഗങ്ങൾക്ക് അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ പ്രത്യേക സംവിധാനങ്ങളുണ്ട്. പട്ടികവർഗ- പരിവർത്തിത ക്രൈസ്തവർക്ക് വേണ്ടി പ്രത്യേക കോർപറേഷനുണ്ട്. മുസ്ലിംകൾക്ക് മാത്രം ഇത്തരത്തിലൊരു സംവിധാനം ആകുന്നത് എന്തുകൊണ്ടാണ് വിഭാഗീയവും മതേതരവിരുദ്ധവും വർഗീയവുമാവുന്നത്. മറുപടി പറയേണ്ടത് സർക്കാരും അവർക്ക് പിന്തുണ നൽകുകയോ മൗനം പാലിക്കുകയോ ചെയ്യുന്ന പ്രതിപക്ഷവുമാണ്. ഇത് ഇവിടെ അവസാനിക്കുന്ന സമരമല്ല. ഇവിടെ ആരംഭിക്കുന്ന സമരമാണ്.

അവകാശങ്ങൾ നിഷേധിച്ച് കേരളത്തിലെ മുസ്ലിം മതന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ സമരത്തിന്റെ തീജ്വാലയിലേക്ക് എടുത്തെറിയാതെ രാഷ്ട്രീയ വിവേകം കാണിക്കാൻ ഭരണകൂടം തയ്യാറാവണം. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ സർക്കാർ നിറവേറ്റണം. എൽഡിഎഫിനോടും ഇതുതന്നെയാണ്  പറയാനുള്ളത്. ഇതിനായി ഭരണപക്ഷത്തെ നിർബന്ധിക്കുന്ന നിലപാട് യുഡിഎഫ് എടുക്കണം. ഈ അവശ്യങ്ങൾക്ക് പിന്തുണ നൽകാൻ മാധ്യമങ്ങളും പൊതുസമൂഹവും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി പാർക്കിൽ നിന്നാരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് മുൻപിൽ സമാപിച്ചു. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ അധ്യക്ഷത വഹിച്ചു. മെക്ക സംസ്ഥാന പ്രസിഡന്റ പ്രഫ. എ അബ്ദുൽ റഷീദ്, എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ, ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഹാഫിസ് അഫ്സൽ ഖാസിമി, പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരം സോണൽ പ്രസിഡന്റ് ഇ സുൽഫി, തിരുവനന്തപുരം സൗത്ത് ജില്ല പ്രസിഡന്റ് എ നിസാറുദ്ദീൻ ബാഖവി സംസാരിച്ചു.Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP