Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചാരായം വാറ്റാൻ കാട്ടിൽ പോയപ്പോൾ എത്തിയ പുലിയെ വെടിവച്ച് കൊന്നു; പിറ്റേന്ന് കാത്തിരുന്ന ആൺപുലി വെടിവച്ചയാളെ കൊന്നു; പാലു കുടിക്കാതെ കുഞ്ഞുങ്ങൾ ചത്തപ്പോൾ കലിതീർക്കാൻ റോഡിലിറങ്ങിയ ആൺപുലി ആങ്ങമൂഴി-പ്ലാപ്പള്ളി റോഡിൽ ഭീഷണി ഉയർത്തുന്നു

ചാരായം വാറ്റാൻ കാട്ടിൽ പോയപ്പോൾ എത്തിയ പുലിയെ വെടിവച്ച് കൊന്നു; പിറ്റേന്ന് കാത്തിരുന്ന ആൺപുലി വെടിവച്ചയാളെ കൊന്നു; പാലു കുടിക്കാതെ കുഞ്ഞുങ്ങൾ ചത്തപ്പോൾ കലിതീർക്കാൻ റോഡിലിറങ്ങിയ ആൺപുലി ആങ്ങമൂഴി-പ്ലാപ്പള്ളി റോഡിൽ ഭീഷണി ഉയർത്തുന്നു

സീതത്തോട്: ചാരായം വാറ്റാൻ കാട്ടിൽ പോയപ്പോൾ എത്തിയ പുലിയെ വെടിവച്ച് കൊലപ്പെടുത്തിയ ആളെ പുലി കൊലപ്പെടുത്തി. ആങ്ങമൂഴിയിൽ വടക്കേമണ്ണിൽ ബേബി (64) എന്നയാളെ പുലി കൊല്ലുന്നതിന് മുമ്പ് ബേബി ഒരു പുലിയെ വെടിവച്ച് കൊന്നതായും ആ പുലിയുടെ ഇണയാണ് ബേബിയെ ആക്രമിച്ചതെന്ന് സംശയിക്കുന്നതായും വെളിപ്പെടുത്തലുണ്ടായത്. ഇതോടെ പുലി പ്രതികാരദാഹിയായതാണെന്നാണ് വിവരം. പാലത്തടിയാർ വനത്തിലാണ് സംഭവം. ഒരു സംഘം ആളുകൾ ഇണയെ വെടിവച്ചു കൊലപ്പെടുത്തിയതിനെ തുടർന്ന് ആൺ പുലി ഇണയെ തേടി നാട്ടിലിറങ്ങിയതോടെ നാടിന്റെ സ്വൈര്യം നഷ്ടപ്പെട്ട അവസ്ഥയിലാണ്.

ബേബി കൊല്ലപ്പെടുന്നതിനു മൂന്ന് ദിവസം മുമ്പാണ് പുലിയെ കൊന്നത്. അതിന്റെ ഇറച്ചി ബേബിയും സംഘവും വീതിച്ചെടുക്കുകയും തൊലി ഉരിച്ചെടുക്കുകയും ബാക്കി അവശിഷ്ടങ്ങൾ കത്തിച്ചു കളയുകയും ചെയ്തു. കഴിഞ്ഞ മാർച്ച് രണ്ടിനാണ് ബേബി കൊല്ലപ്പെട്ടത്. ബേബിയെ ആക്രമിച്ച പുലി ഇപ്പോഴും ആങ്ങമൂഴിക്കാരുടെ ഉറക്കം കെടുത്തുകയാണ്.ബേബിയോടൊപ്പം സംഘത്തിലുണ്ടായിരുന്ന പാമ്പ്‌മോടിയിൽ ഐസ് തമ്പി എന്നയാൾ വനപാലകരുടെ പിടിയിലായതോടെയാണ് പുലിയെ കൊന്ന കഥയും പുലി ആക്രമിച്ച കഥയും പുറത്തായത്.

ആങ്ങമൂഴി പാലത്തടിയാർ ഭാഗത്ത് പ്‌ളാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തെ നത്തക്കാമുടി ഭാഗത്തുവച്ചാണ് ബേബിയെ പുലി കടിച്ചുകൊന്നതെന്നാണ് പുറത്തുവന്നിരുന്ന വിവരം. എന്നാൽ വനപലാകർ അത് വിശ്വാസത്തിലെടുത്തില്ല. വനവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയായിരുന്ന ബേബി വനത്തിനുള്ളിൽ തനിയെ പോകില്ലെന്നും മൃഗവേട്ടയ്‌ക്കോ, ചാരായ വാറ്റിനോ വേണ്ടിയാകാം ബേബി കാട്ടിൽ കടന്നത് എന്നായിരുന്നു വനപാലകരുടെ നിഗമനം. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ ബേബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചതെന്നായിരുന്നു വിവരം. ബേബിയെ ആശുപത്രിയിൽ കൊണ്ടുപോയ ആളുകൾ പിന്നീട് വനപാലകരുടെ നിരീക്ഷണത്തിലുമായി.

കഴിഞ്ഞ വ്യാഴാഴ്ച ഗൂഡ്രിക്കൽ റേഞ്ച് ഓഫീസർ കെ എ സാജുവിന്റെ നേതൃത്വത്തിൽ പട്രോളിങിന് പോയ വനപാലകസംഘം പാലത്തടിയാർ ഭാഗത്ത് സംശയാസ്പദ നിലയിൽ കണ്ട ഐസ് തമ്പിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണ് ബേബി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിഞ്ഞത്. മാർച്ച് രണ്ടിന് ബേബി കൊല്ലപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് തമ്പിയും ബേബിയും ഉൾപ്പെടെ നാലംഗ സംഘം പാലത്തടിയാർ ഭാഗത്ത് വനത്തിൽ വാറ്റുചാരായം ഉണ്ടാക്കുന്നതിനുവേണ്ടി തമ്പടിച്ചിരുന്നു. രാത്രി ഇവരുടെ സമീപത്തെ പൊന്തക്കാട്ടിൽ ഒരനക്കം കേട്ടു. ശബ്ദംകേട്ട ഭാഗത്തേക്ക് തോക്കുകൊണ്ട് ബേബി വെടിയുതിർത്തു. ഒരു പുലിക്കായിരുന്നു വെടിയേറ്റത്. ഇറച്ചി നാലുപേരും പങ്കിട്ടെടുത്തതിനു ശേഷം പുലിത്തോൽ ബേബി കൊണ്ടുപോവുകയും ചെയ്തു. പുലിയുടെ ബാക്കി അവശിഷ്ടങ്ങൾ അവിടെ തന്നെ കത്തിച്ചു കളഞ്ഞു.

മൂന്ന് ദിവസം കഴിഞ്ഞ് സംഘം വീണ്ടും വാറ്റുകേന്ദ്രത്തിലെത്തി. ഈ സമയം വനപാലകർ തെരച്ചിൽ നടത്തി കോടയും വാറ്റുപകരണങ്ങളും നശിപ്പിച്ചത് മനസിലാക്കിയ സംഘം സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് പോയി. ബേബിയെ വാറ്റുകളത്തിൽ ഇരുത്തിയിട്ട് മറ്റ് മൂന്നുപേർ വിറകും വാറ്റുപകരണങ്ങളും സംഘടിപ്പിക്കാനായി പോയി. ഇവർ തിരികെ വന്നപ്പോൾ ബേബിയെ കണ്ടില്ല. അൽപ്പം അകലെ ഞരക്കം കേൾക്കുകയും ചെന്നുനോക്കിയപ്പോൾ ബേബിയെ പുലി കടിച്ചുവലിച്ചുകൊണ്ട് പോകുന്നതും കണ്ടു. ബഹളം വച്ചപ്പോൾ ബേബിയെ ഉപേക്ഷിച്ച് പുലി കാട്ടിൽ മറഞ്ഞു. ഉടൻ തന്നെ വനാതിർത്തിക്കു സമീപം ബേബിയെ എത്തിക്കുകയും സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ആശുപത്രിയിലേക്ക് പോകും വഴിയാണ് ബേബി മരിച്ചത്.

വെള്ളിയാഴ്ച തമ്പിയെയും കൊണ്ട് സംഭവ സ്ഥലത്ത് റേഞ്ചോഫീസറുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തി. തമ്പിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് രണ്ട് പ്രതികളെയും പുലിത്തോലും ഇനി കസ്റ്റഡിയിലെടുക്കാനുണ്ട്. ഗ്രൂഡ്രിക്കൽ റേഞ്ച് ഓഫീസർ പി എ സാജു, പ്‌ളാപ്പള്ളി ഡപ്യൂട്ടി റേഞ്ച് ഓഫീസർ വി അജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെ ജയപ്രകാശ്, ടി എസ് അഭിലാഷ് എന്നിവരുടെ നേതൃത്വത്തത്തിലാണ് അന്വേഷണം.

ആക്രമകാരിയായ പുലിയെ കുടുക്കാൻ കൂട് സ്ഥാപിച്ചിട്ടും ഇതുവരെ കുടുങ്ങിയിട്ടില്ല. പ്‌ളാപ്പള്ളി ആങ്ങമൂഴി റോഡിൽ പാലത്തടിയാർ ഭാഗത്തുകൂടി ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച നിരവധിയാളുകൾ പുലിയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. പുലിയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആങ്ങമൂഴി പ്ലാപ്പള്ളി റോഡിലൂടെ യാത്ര ചെയ്യുന്ന ഇരുചക്രയാത്രക്കാരിൽ പലരും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഈ വഴിയിലൂടെ കടന്നുപോകുന്ന വലിയ വാഹനങ്ങുടെ മുമ്പിലും പുലി ഏറെ നേരം വഴിമുടക്കി നിന്നിരുന്നു.

തള്ളപ്പുലി കൊല്ലപ്പെട്ടതോടെ പുലിക്കുഞ്ഞിനെ ഏറെ ദിവസം ആൺ പുലി കൊണ്ടു നടന്നിരുന്നു. എന്നാൽ സ്വയം ഭക്ഷണം കഴിക്കാൻ പ്രായമാകത്ത പുലിക്കുഞ്ഞ് പാലു കിട്ടാതെ ചത്തു. ഇതും ആൺ പുലിയുയെ പ്രകോപിപ്പിച്ചു. ആക്രമകാരിയായ പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ഫലം കണ്ടില്ല. എന്നാൽ വനം വാകുപ്പ് സ്ഥാപിച്ച ക്യാമറയിൽ നിരവധി തവണ പുലി പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്പോഴും ആങ്ങമൂഴി പ്രദേശങ്ങളിൽ ഭീതി പടർത്തികൊണ്ട് പുലി വിഹരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP