Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

നാണക്കേടിനെ അറബിക്കടലിൽ തള്ളി പുതുപാതയൊരുങ്ങും; പാലാരിവട്ടം പാലത്തിന്റെ അവശിഷ്ടങ്ങൾ കടലാക്രമണം തടയാൻ; പൊളിക്കുന്ന അവശിഷ്ടങ്ങൾ ഉപയോഗിക്കുക ചെല്ലാനത്തെ കടൽഭിത്തി നിർമ്മാണത്തിന്: മന്ത്രി ജി സുധാകരൻ

നാണക്കേടിനെ അറബിക്കടലിൽ തള്ളി പുതുപാതയൊരുങ്ങും; പാലാരിവട്ടം പാലത്തിന്റെ അവശിഷ്ടങ്ങൾ കടലാക്രമണം തടയാൻ; പൊളിക്കുന്ന അവശിഷ്ടങ്ങൾ ഉപയോഗിക്കുക ചെല്ലാനത്തെ കടൽഭിത്തി നിർമ്മാണത്തിന്: മന്ത്രി ജി സുധാകരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാലാരിവട്ടം പാലം നാളെ മുതൽ പൊളിച്ചു തുടങ്ങും. പൊളിക്കുന്ന പാലത്തിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ കടലാക്രമണം തടയുന്നതിന് ഉപയോഗിക്കാൻ മന്ത്രി നിർദ്ദേശം നല്കി. ഇ.ശ്രീധരൻ മുന്നോട്ട് വച്ചിരുന്ന നിർദ്ദേശ പ്രകാരമാണ് തീരുമാനമെന്ന് മന്ത്രി ജി. സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ചു. നാണക്കേടിനെ അറബിക്കടലിൽത്തള്ളി അഭിമാനത്തിന്റെ പുതു പാതയൊരുങ്ങുന്നുവെന്നും എത്രയും വേഗം ഈ അഭിമാനപ്പാതയുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് എല്ലാവരുടെയും പിന്തുണയുണ്ടാവണമെന്നും ജി.സുധാകരൻ ഫേസ്‌ബുക്കിൽ കുറിച്ചു.

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ചുമതലപ്പെടുത്തിയതനുസരിച്ച് ഇ. ശ്രീധരന്റെ മോൽനോട്ടത്തിലാണ് തിങ്കളാഴ്ച പാലാരിവട്ടം പാലം പൊളിക്കുന്നത്.

ജി. സുധാകരന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ചുമതലപ്പെടുത്തിയതനുസരിച്ച് ശ്രീ ഇ.ശ്രീധരന്റെ മേൽനോട്ടത്തിൽ ഡി.എം.ആർ.സി നാളെ രാവിലെ 9 മണിമുതൽ പാലാരിവട്ടം പാലം പൊളിച്ച് തുടങ്ങും. പകലും രാത്രിയുമായി പൊളിക്കുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ കഴിയുമെങ്കിൽ വാഹനങ്ങളിൽ കയറ്റി ചെല്ലാനത്ത് കടലാക്രമണം തടയുന്നതിന് വേണ്ടി ഉപയോഗിക്കാൻ പൊതുമരാമത്ത് വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ശ്രീ ഇ. ശ്രീധരൻ മുന്നോട്ട് വച്ചിരുന്ന നിർദ്ദേശ പ്രകാരമാണ് ഈ തീരുമാനം. ഈ കാര്യം അദ്ദേഹം സഹായം തേടിയിട്ടുള്ള ഊരാളുങ്കൾ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയർമാൻ ശ്രീ രമേശനെ ഫോണിലൂടെ അറിയിച്ചിട്ടുണ്ട്.

ഇത് മൂലം രണ്ടാണ് ഗുണം. കടലാക്രമണം ദുരിതം വിതച്ചു കൊണ്ടിരുന്ന ചെല്ലാനത്ത് കൂറ്റൻ തിരകൾക്ക് പ്രതിരോധം തീർക്കാനും റോഡിൽ ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാനും സാധിക്കും എന്നുള്ളതാണ്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തുന്ന പാലാരിവട്ടം പാലം പുനർനിർമ്മാണം കേരളത്തിന്റെ നിർമ്മാണ ചരിത്രത്തിലെ തന്നെ പുതിയൊരു അദ്ധ്യായമായി എഴുതിച്ചേർക്കപ്പെടുമെന്നുറപ്പാണ്.

വിലപ്പെട്ട സമയം നമുക്ക് നഷ്ടപ്പെട്ടു. നഗരവാസികളും ദേശീയ പാത ഉപയോക്താക്കളും ഏറെ വലഞ്ഞു. കഴിഞ്ഞ 9 മാസക്കാലം പ്രവൃത്തി തടസ്സപ്പെട്ടു കിടന്നു.ബഹു. ഹൈക്കോടതി പാലം പുനർ നിർമ്മാണം അസ്ഥിരപ്പെടുത്തിയില്ലായിരുങ്കിൽ ഇപ്പോൾ പണി പൂർത്തിയാക്കി സുഗമമായ യാത്രാ സൗകര്യം സജ്ജമാക്കാൻ കഴിയുമായിരുന്നു. പുനർനിർമ്മാണം തടസ്സപ്പെടുത്തിയവർ ചെയ്ത തെറ്റ് എത്രമാത്രം വലുതാണ് എന്നത് നാടും നാട്ടാരും മാധ്യമങ്ങളും തിരിച്ചറിയുന്നുണ്ട്. ഉത്തരവാദികളെപ്പറ്റി ആകുലപ്പെടുന്നവരുണ്ട്. കൃത്യമായ വിജിലൻസ് അന്വേഷണം നടന്നു വരുന്നുണ്ട്. ഉപ്പു തിന്നവർ വെള്ളം കുടിച്ചു കൊള്ളും.

തടസ്സങ്ങൾ സൃഷ്ടിക്കാൻ ബോധപൂർവ്വം ചിലർ ശ്രമിച്ചു.ഒട്ടൊക്കെ വിജയിച്ചു. എന്നാൽ ബഹു.പരമോന്നത കോടതി വിധിയോടെ തമസ്സും തടസ്സങ്ങളുമകന്നു. ഇപ്പോൾ മറ്റൊന്നും തന്നെ ഞങ്ങളെ അലട്ടുന്നില്ല. ഏക ലക്ഷ്യത്തോടെ മുന്നേറുകയാണ്. ഭൂതകാല ഭാണ്ഡങ്ങളഴിച്ച് പഴി പറഞ്ഞിരിക്കാൻ ഞങ്ങളില്ല.

ചടുലവും സത്വരവുമായ വർത്തമാന കാല പ്രവൃത്തികളിലൂടെ ഭാവിയിലേയ്ക്കുള്ള ഉയരപ്പാതയാണ് ലക്ഷ്യം. നാണക്കേടിനെ അറബിക്കടലിൽത്തള്ളി അഭിമാനത്തിന്റെ പുതു പാതയൊരുങ്ങുന്നു. എത്രയും വേഗം ഈ അഭിമാനപ്പാതയുടെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് സർക്കാരിന് എല്ലാവിധ പിന്തുണയും സഹകരണവും എല്ലാവരുടേയും ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അഭ്യർത്ഥിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP