Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

അധിക്ഷേപങ്ങൾക്ക് മറുപടി നൽകണം; ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും; പുനരധിവാസത്തിന് സൗജന്യമായി ലഭിച്ച സ്ഥലം സർക്കാർ ഫണ്ട് ചെലവിട്ടു വാങ്ങാൻ എംഎൽഎ ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ വെട്ടിലായ പി വി അൻവർ മലപ്പുറം കലക്ടർക്ക് വക്കീൽ നോട്ടീസ് അയക്കാൻ ഒരുങ്ങുന്നു

അധിക്ഷേപങ്ങൾക്ക് മറുപടി നൽകണം; ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും; പുനരധിവാസത്തിന് സൗജന്യമായി ലഭിച്ച സ്ഥലം സർക്കാർ ഫണ്ട് ചെലവിട്ടു വാങ്ങാൻ എംഎൽഎ ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ വെട്ടിലായ പി വി അൻവർ മലപ്പുറം കലക്ടർക്ക് വക്കീൽ നോട്ടീസ് അയക്കാൻ ഒരുങ്ങുന്നു

മറുനാടൻ മലയാളി ബ്യൂറോ

നിലമ്പൂർ: മലപ്പുറം കലക്ടർ ജാഫർ മാലിക്കും നിലമ്പൂർ എംഎൽഎ പി വി അൻവറും തമ്മിലുള്ള പോര് തുടരുന്നു. തനിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട ജില്ലാ കലക്ടർ ജാഫർ മാലിക്കിന് എതിരെ അൻവർ വക്കീൽ നോട്ടീസ് അയച്ചു. അധിക്ഷേപങ്ങൾക്ക് മറുപടി നൽകിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. പ്രളയദുരിതാതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണ് കലക്ടറും എംഎൽഎയും തമ്മിലുള്ള പരസ്യ വാക്പോരിൽ കലാശിച്ചത്. മുണ്ടേരി ചളിക്കൽ കോളനിയിലെ ആദിവാസികൾക്ക് ചെമ്പൻ കൊല്ലിയിൽ വീടുകൾ നിർമ്മിച്ചു നൽകുന്നത് അൻവറിന്റെ നേതൃത്വത്തിൽ ഒരു സംഘമെത്തി തടഞ്ഞതോടെയാണ് വിഷയം മറനീക്കി പുറത്തറിഞ്ഞത്.

ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കവളപ്പാറ കോളനിയിലുള്ളവരെ പരിഗണിക്കാത്തതിരെ ആയിരുന്നു അൻവറിന്റെ പ്രതിഷേധം. ഐടിഡിപി വാങ്ങിയ 5 ഏക്കറിൽ ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെയാണ് 34 വീടുകൾ നിർമ്മിച്ചു നൽകുന്നത്. വീടുകളുടെ തറപ്പണി നടക്കുന്നതിനിടയിലാണ് അൻവറിന്റെ നേതൃത്വത്തിൽ പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് സി കരുണാകരൻപിള്ള, വൈസ് പ്രസിഡന്റ് വത്സല അരവിന്ദ്, സിപിഎം ലോക്കൽ സെക്രട്ടറി പി സഹീർ ഉൾപ്പെടെയുള്ള സംഘമെത്തി തടഞ്ഞത്. കവളപ്പാറ കോളനിയിലുള്ളവർ 5 മാസത്തോളമായി പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുമ്പോൾ അത്രയും ദുരിതം അനുഭവിക്കാത്തവർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്നത് അനുവദിക്കില്ലെന്ന് അൻവർ പറഞ്ഞു.

ജില്ലാ കലക്ടറും റവന്യു ഉദ്യോഗസ്ഥരും ചേർന്ന് പ്രളയ പുനരധിവാസ പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണിതെന്നും താനുൾപ്പെടെയുള്ള ജനപ്രതിനിധികളോട് ആലോചിക്കാതെയാണ് ഗുണഭോക്താക്കളെ കണ്ടെത്തി വീടുകളുടെ നിർമ്മാണം തുടങ്ങിയതെന്നും ആരോപിച്ചു. ഈ സ്ഥലം കവളപ്പാറക്കാർക്ക് നൽകാതിരിക്കാൻ ഉദ്യോഗസ്ഥർ ഗൂഢനീക്കം നടത്തിയെന്നും കുറ്റപ്പെടുത്തി. കലക്ടർക്കെതിരെ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും പരാതി നൽകുമെന്നും അൻവർ പറഞ്ഞു. കവളപ്പാറയിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങളും സ്ഥലത്തെത്തിയിരുന്നു.

ഇതിനെതിരെ രംഗത്ത് വന്ന കലക്ടർ, പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അൻവർ തന്നെ വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ചു. തനിക്കെതിരെ എന്ത് പരാതി വന്നാലും പേടിയില്ലെന്നും, സ്ഥലം മാറ്റം തന്നെ സംബന്ധിച്ച് ഒരു ദിവസത്തെ പായ്ക്കിംഗിന്റെ കാര്യം മാത്രമാണെന്നും കലക്ടർ പറഞ്ഞു. പുനരധിവാസത്തിന് സൗജന്യമായി ലഭിച്ച സ്ഥലം സർക്കാർ ഫണ്ട് ചെലവിട്ടു വാങ്ങാൻ എംഎൽഎ ആവശ്യപ്പെട്ടു. പ്രളയ പുനരധിവാസത്തിന് താൻ പറയുന്ന ഭൂമി വാങ്ങണമെന്നും പറഞ്ഞു. പുനരധിവാസത്തിന് സ്ഥലവും പണവും ലഭ്യമാണ്. എന്നിട്ടും നിർമ്മാണം തുടങ്ങാത്തത് എന്തുകൊണ്ടെന്ന് അറിയില്ല. സ്ഥലം ഇടപാടുകളിൽ പണം വാരാൻ ചിലർ പ്രവർത്തിക്കുന്നതായി സംശയിക്കുന്നെന്നും കലക്ടർ വെളിപ്പെടുത്തി.

കവളപ്പാറയിലെ ആദിവാസി കുടുംബങ്ങൾക്ക് മുൻഗണന നൽകണമെന്ന വാദത്തിൽ പി.വി അൻവർ ഉറച്ചു നിൽക്കുമ്പോൾ ചെമ്പൻകൊല്ലിയിലെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കലക്ടറും വ്യക്തമാക്കിയിട്ടുണ്ട്. വിഷയം ഇന്ന് മലപ്പുറത്ത് ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ വിഷയം ചർച്ചയാകും. പി.വി അൻവർ എംഎ‍ൽഎയുടെ റീബിൽഡ് നിലമ്പൂരിനെതിരെയാണ് കലക്ടർ ആരോപണം ഉന്നയിച്ചത്. ആരോപണത്തിൽ കലക്ടർ കോടതിയിൽ ഉത്തരം പറയേണ്ടി വരുമെന്നാണ് പിവി അൻവർ പ്രതികരിച്ചത്. പദ്ധതിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന കലക്ടറുടെ ആരോപണങ്ങളെ പിവി അൻവർ കണക്കുകൾ സഹിതം എതിർത്തു.

247 വീടുകൾക്ക് ഓഫർ ലഭിച്ചിട്ടുണ്ടെന്നും നിർമ്മാണം പൂർത്തിയാക്കിയ ഒരു വീടിനു പുറമേ ഈ മാസം 11ന് രണ്ടു വീടുകൾ കൂടി കൈമാറുമെന്നും അൻവർ വ്യക്തമാക്കി. ഇതിനു പുറമേ 26 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നതായും 34 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലുണ്ടെന്നും അൻവർ വ്യക്തമാക്കി. കലക്ടർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും വിവിധ വിഷയങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുവെന്നുമാണ് അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചത്. കലക്ടറുടെ പദ്ധതിക്കായി ഭൂമി വാങ്ങിയതുൾപ്പെടെയുള്ള കാര്യങ്ങളിലെ അപാകത വിജിലൻസ് അന്വേഷിച്ച് കണ്ടെത്തണമെന്നാവിശ്യപ്പെട്ട പി.വി അൻവർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ജില്ലാ കലക്ടർക്കെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP