Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്റ്റാർട്ടപ്പുകളുടെ മെച്ചപ്പെടുത്തലിന് ധനസഹായം വർധിപ്പിക്കും: മന്ത്രി പി രാജീവ്

സ്റ്റാർട്ടപ്പുകളുടെ മെച്ചപ്പെടുത്തലിന് ധനസഹായം വർധിപ്പിക്കും: മന്ത്രി പി രാജീവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് പ്രവർത്തനപുരോഗതി കൈവരിക്കാൻ (സ്‌കെയിൽ അപ്) കെഎസ്‌ഐഡിസി വഴി നൽകുന്ന ധനസഹായം അൻപതു ലക്ഷംരൂപയിൽ നിന്ന് ഒരു കോടി രൂപയാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്കായി കെ.എസ്‌ഐ.ഡി.സി സംഘടിപ്പിച്ച സ്‌കെയിൽ അപ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഇന്ന് വ്യവസായങ്ങൾക്ക് അനുകൂലമായ എല്ലാ സാഹചര്യങ്ങളുമുണ്ട്. ഇതുപയോഗിക്കാൻ സ്റ്റാർട്ടപ്പുകൾ തയ്യാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പുതുതായി തുടങ്ങുന്ന സംരംഭങ്ങളിൽ മുപ്പതു ശതമാനം പൂട്ടിപ്പോകുന്നുവെന്നാണ് കണക്ക്. ഈ നിരക്ക് കുറച്ചുകൊണ്ടുവരാനാണ് സർക്കാരിന്റെ ശ്രമം. സ്റ്റാർട്ടപ്പുകളെ സഹായിക്കാനായി വിദഗ്ദ്ധസംഘത്തെ കെഎസ്‌ഐഡിസി തയ്യാറാക്കും. നിർമ്മാണമേഖലയ്ക്ക് പ്രാധാന്യം നൽകി നവംബറിൽ കൊച്ചിയിൽ സ്റ്റാർട്ടപ് സംഗമം നടത്തുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പ് ആരംഭിച്ച ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പരിപാടിയിൽ ആറുമാസംകൊണ്ട് 61350 സംരംഭങ്ങൾ തുടങ്ങാനായെന്നും ഇതിലൂടെ 1,35,000ൽപരം ആളുകൾക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെൽട്രോണുമായി ചേർന്ന് ആയിരംകോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിക്കായി പദ്ധതിരേഖ തയ്യാറാക്കിവരികയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ബ്ലഡ്ബാഗ് നിർമ്മാണ കമ്പനിയും കൃത്രിമ പല്ല് നിർമ്മാണ കമ്പനിയും ഉൾപ്പെടെ ആഗോളതലത്തിൽ പ്രധാനപ്പെട്ട ധാരാളം കമ്പനികൾ ഇന്ന് കേരളത്തിൽ വിജയകരമായി പ്രവർത്തിച്ചുവരുന്നുണ്ട്. ആഗോളതലത്തിൽ ശ്രദ്ധേയരായ ഒട്ടേറെ കമ്പനികൾ ഇവിടെ പുതിയ ഓഫീസുകൾ തുറക്കുകയാണ്.

കേരളം എല്ലാ ഉൽപന്നങ്ങളുടേയും നല്ലൊരു വിപണിയാണ്. 240 കോടി രൂപയുടെ കുപ്പിവെള്ളവും 3000 കോടി രൂപയുടെ തുണിത്തരങ്ങളും വിറ്റുപോകുന്ന ഇവിടെ അതിലേറെയും പുറത്തുനിന്നു വരുന്നവയാണ്. കേരളത്തിന്റെ വിപണിയിൽ കേരളത്തിന്റെ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനായി ബ്രാൻഡിങ് കേരള, മെയ്ഡ് ഇൻ കേരള പോലുള്ള ബ്രാൻഡിങ് രീതികൾ നടപ്പാക്കും. ഇവ സപ്ലൈക്കോ പോലുള്ള വിതരണ ശൃംഖലകളിൽ പ്രത്യേക വിഭാഗമുണ്ടാക്കി വിറ്റഴിക്കും. ഐടി മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ആനുകൂല്യങ്ങളും സഹായങ്ങളും ഐടി ഇതര സ്റ്റാർട്ടപ്പുകൾക്കും നൽകുകയെന്നതാണ് സർക്കാർ നയമെന്ന് അദ്ദേഹം പറഞ്ഞു.

പ്രാഥമിക മൂലധന നിക്ഷേപം കിട്ടി വളരുന്ന സ്റ്റാർട്ടപ്പുകളിൽ ചിലത് കേരളം വിട്ടപോകുന്നതിന്റെ കാരണം മനസ്സിലാക്കി അതു പരിഹരിക്കാൻ സർക്കാർ ശ്രമിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് സ്റ്റാർട്ടപ്പുകളെ കേൾക്കുന്നതിനുള്ള ഇത്തരം പരിപാടികൾ. സംരംഭകത്വം പാഠ്യപദ്ധതിയുടെ ഭാഗമാക്കേണ്ടതുണ്ടെന്നും 1000 സംരംഭക വികസന ക്ലബ്ബുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാനായി സർവ്വകലാശാലകൾക്കുകീഴിൽ പ്രത്യേക കേന്ദ്രങ്ങൾ ഇപ്പോൾതന്നെ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കെഎസ്‌ഐഡിസിയുടെ സ്റ്റാർട്ടപ് സാമ്പത്തിക പദ്ധതിയിൽ സഹായം ലഭിച്ച കമ്പനികളിൽ കൂടുതൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന ആറ് കമ്പനികൾക്കുള്ള അച്ചീവ്മെന്റ് അവാർഡും ഈ വർഷം വായ്പ അനുവദിച്ചിട്ടുള്ള ഏഴു കമ്പനികൾക്കുള്ള അനുമതിപത്രവും പരിപാടിയിൽ മന്ത്രി രാജീവ് വിതരണം ചെയ്തു. പരിപാടിയിൽ പങ്കെടുത്തവരുമായി സംവാദത്തിന് സമയം കണ്ടെത്തിയ മന്ത്രി അവരുടെ ആശങ്കൾക്കും നിർദ്ദേശങ്ങൾക്കും സർക്കാർ തലത്തിൽ കൈക്കൊള്ളാനാകുന്ന നടപടികളെപ്പറ്റി വിശദീകരിച്ചു.

2014 മുതൽ ഇതുവരെ 126 സ്റ്റാർട്ട് അപ്പുകൾക്ക് കെഎസ്‌ഐഡിസി സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. ഇതിലൂടെ 1500ൽപരം തൊഴിലവസരങ്ങൾ സംസ്ഥാനത്തു സൃഷ്ടിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. സീഡ് ഫണ്ട്, സ്‌കെയിൽഅപ് ഫണ്ട് എന്നിങ്ങനെ രണ്ട് സ്‌കീമുകളാണ് സ്റ്റാർട്ടപ്പുകൾക്കുവേണ്ടി കെഎസ്‌ഐഡിസി നടപ്പാക്കുന്നത്. സംരംഭം തുടങ്ങുന്നതിനാവശ്യമായ മൊത്തം തുകയുടെ തൊണ്ണൂറു ശതമാനമോ അല്ലെങ്കിൽ ഇരുപത്തഞ്ചു ലക്ഷം രൂപയോ റിസർവ് ബാങ്ക് നിരക്കായ 5.65 ശതമാനം പലിശയ്ക്ക് വായ്പയായി നൽകുന്നതാണ് സീഡ് ഫണ്ട് പദ്ധതി. മൂന്നു വർഷമാണ് വായ്പ തിരിച്ചടവ് കാലാവധി. തങ്ങളുടെ ഉൽപ്പന്നമോ സേവനമോ വിജയകരമായി വികസിപ്പിക്കുകയും വാണിജ്യവത്ക്കരിക്കുകയും ചെയ്ത സ്റ്റാർട്ടപ്പുകൾക്ക് എഴു ശതമാനം പലിശ നിരക്കിൽ 50 ലക്ഷം രൂപവരെ മൂന്നു വർഷത്തേക്ക് വായ്പ നൽകുകയാണ് സ്‌കെയിൽ അപ്പ് സപ്പോർട്ട് പദ്ധതിയിൽ ചെയ്യുന്നത്. പരസ്പരധാരണ പ്രകാരം കമ്പനിയിലെ കെഎസ്‌ഐഡിസിയുടെ ഓഹരി നിക്ഷേപമായി ഈ വായ്പകൾ മാറ്റുന്നതിനുള്ള സൗകര്യവുമുണ്ട്.

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. സ്റ്റാർട്ടപ്പ് മിഷൻ സിഇഒ: അനൂപ് അംബിക, ഡിജിറ്റൽ സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. സജി ഗോപിനാഥ്, കെഎസ്‌ഐഡിസി എം.ഡി: എസ്. ഹരികിഷോർ, ജനറൽ മാനേജർ അശോക് ലാൽ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP