Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഔദ്യോഗിക ബഹുമതിയേക്കാൾ വില ആയിരങ്ങളുടെ അശ്രുപൂജയ്ക്ക്; ഫോണിൽ വിളിച്ച് അനുശോചനം അറിയിക്കാൻ പോലും മന്ത്രിമാർ തയ്യാറായില്ല; പി സി സനൽകുമാറിനെ അവഗണിച്ചതിനെതിരെ കുടുംബം രംഗത്ത്

ഔദ്യോഗിക ബഹുമതിയേക്കാൾ വില ആയിരങ്ങളുടെ അശ്രുപൂജയ്ക്ക്; ഫോണിൽ വിളിച്ച് അനുശോചനം അറിയിക്കാൻ പോലും മന്ത്രിമാർ തയ്യാറായില്ല; പി സി സനൽകുമാറിനെ അവഗണിച്ചതിനെതിരെ കുടുംബം രംഗത്ത്

തിരുവനന്തപുരം: സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥനായി വിരമിക്കുകയും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ പി സി സനൽകുമാറിന്റെ സംസ്‌ക്കാര ചടങ്ങിൽ അർഹിക്കുന്ന ഔദ്യോഗിക ബഹുമതി നൽകാതിരുന്നതിനെ കുറിച്ച് കഴിഞ്ഞദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. സാഹിത്യകാരി ഹൃദയകുമാരി ടീച്ചർക്ക് ഔദ്യോഗിക ബഹുമതി നൽകിയ വേളയിൽ തന്നെയായിരുന്നു പി സി സനൽ കുമാറിനെ സർക്കാർ അവഗണിച്ചത്. ദളിതനായതിനാലാണ് ഇങ്ങനെ സനൽകുമാറിനെ അവഗണിച്ചതെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തി. അർഹമായ ഔദ്യോഗിക ബഹുമതി നൽകാതിരുന്നത് കൂടാതെ സർക്കാറിന്റെ പ്രതിനിധിയായി ഒരു മന്ത്രി പോലും ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചില്ലെന്നാണ് കുടുംബം പരാതിപ്പെട്ടത്.

സാഹിത്യകാരനെന്ന നിലയിലും സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥനായി വിരമിച്ച ആളെന്ന നിലയിലും മരിക്കുമ്പോൾ ഔദ്യോഗിക ബഹുമതി ലഭിക്കുമെന്നാണ് പി സി സനൽകുമാർ കരുതിയിരുന്നതെന്ന് ഭാര്യ ഓമന പറഞ്ഞു. ഇക്കാര്യം നിഷേധിക്കപ്പെട്ടതിൽ വിഷമമുണ്ടെന്നും അവർ പറഞ്ഞു. ഞായറാഴ്ച പി.സി. സനൽകുമാറിന്റെ മൃതശരീരം ശാന്തികവാടത്തിൽ എത്തിച്ച് ബന്ധുക്കൾ കുറച്ചു നേരം കാത്തു നിൽക്കുക പോലുമുണ്ടായി. സർക്കാർ ഔദ്യോഗിക ബഹുമതി നൽകാൻ പൊലീസിനെ അയയ്ക്കുമെന്നാണ് കടുംബം കരുതിയത്. എന്നാൽ അതുണ്ടാകാത്തതിലാണ് കുടുംബത്തിന് ദുഃഖം.

മന്ത്രിമാർ ആരും അനുശോചനം അറിയിക്കാൻ എത്തിതിരുന്നപ്പോൾ എൻ ശക്തൻ എംഎൽഎയാണ് വീട്ടുകാരെ ആശ്വസിപ്പിക്കാനായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയെ അറിയിച്ചെങ്കിലും അദ്ദേഹം സ്ഥലത്തില്ലായിരുന്നു. എന്നാൽ ഗൺമാനെ വിവരം അറിയിച്ചിരുന്നു. മരണാന്തര ചടങ്ങുകൾ ലളിതമായി മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ താൽപ്പര്യമെന്നും ഭാര്യ ഓമന പറയുന്നു.

അതേസമയം ഔദ്യോഗിക ബഹുമതി കിട്ടിയില്ലെങ്കിലും അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയ ആയിരങ്ങളുടെ അശ്രുപൂജയ്ക്ക് അതിനെക്കാൾ വിലയുണ്ടെന്ന് മകൻ രാഹുൽ ഹമ്പിൾ പറഞ്ഞു. അറിയപ്പെടുന്ന എഴുത്തുകാരനും പ്രഭാഷകനും രണ്ട് ജില്ലകളുടെ കളക്ടറുമൊക്കെയായിരുന്ന അച്ഛന്റെ മരണ വാർത്ത അറിഞ്ഞ് ഒന്നു ഫോണിൽ വിളിച്ച് അനുശോചനം അറിയിക്കാൻ പോലും മന്ത്രിമാരാരും തയ്യാറാകാത്തതിൽ ദുഃഖമുണ്ടെന്നും രാഹുൽ പറഞ്ഞു.

സനൽകുമാറിനെ സർക്കാർ അവഗണിച്ചെങ്കിലും നർമ്മകൈരളിയിലെ സജീവ സാന്നിധ്യമായിരുന്ന സനൽകുമാറിനെ അനുസ്മരിക്കാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് നർമ്മകൈരളിയുടെ അനുസ്മരണ ചടങ്ങ് വൈ.എം.സി.എ യിൽ വൈകിട്ട് ആറിന് നടക്കും. പി സി സനൽകുമാറിന്റെ ചരമവാർത്ത പോലും മലയാളത്തിലെ പ്രമുഖ പത്രങ്ങൾ കാര്യമായ പ്രാധാന്യം നൽകാതെയാണ് പ്രസിദ്ധീകരിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP