Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കള്ളന്മാരെ തറച്ച കുരിശു ചുമക്കുന്ന ചില മെത്രാന്മാർ വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനുമെന്ന് സിസ്റ്റർ അനുപമയുടെ അച്ഛൻ; കേരളത്തിലെ ക്രൈസ്തവ മെത്രാന്മാരെ പ്രീതിപ്പെടുത്താൻ വേണ്ടി സത്യസന്ധമായ ഒരു കാർട്ടൂണിനെയാണ് മന്ത്രി എ കെ ബാലൻ തള്ളിപ്പറഞ്ഞതെന്നും കെ എം വർഗീസ്; വിശ്വാസം രക്ഷതി കാർട്ടൂൺ വിവാദത്തിൽ സാംസ്‌കാരിക മന്ത്രിക്ക് തുറന്ന കത്തുമായി കെ എം വർഗീസ്

കള്ളന്മാരെ തറച്ച കുരിശു ചുമക്കുന്ന ചില മെത്രാന്മാർ വായ തുറക്കുന്നത്  ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനുമെന്ന് സിസ്റ്റർ അനുപമയുടെ അച്ഛൻ; കേരളത്തിലെ ക്രൈസ്തവ മെത്രാന്മാരെ പ്രീതിപ്പെടുത്താൻ വേണ്ടി സത്യസന്ധമായ ഒരു കാർട്ടൂണിനെയാണ് മന്ത്രി എ കെ ബാലൻ തള്ളിപ്പറഞ്ഞതെന്നും കെ എം വർഗീസ്; വിശ്വാസം രക്ഷതി കാർട്ടൂൺ വിവാദത്തിൽ സാംസ്‌കാരിക മന്ത്രിക്ക് തുറന്ന കത്തുമായി കെ എം വർഗീസ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരള ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ കാർട്ടൂൺ സ്റ്റേറ്റ് അവാർഡിനർഹമായ സുഭാഷ് കെ കെ യുടെ വിശ്വാസം രക്ഷതി എന്ന കാർട്ടൂൺ വിവാദമായതോടെ സംഭവത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് തുറന്ന കത്തെഴുതി സിസ്റ്റർ അനുപമയുടെ അച്ഛൻ കെ എം വർഗീസ്. ക്രൈസ്തവ വിശ്വാസ സംഹിതയോട് അൽപ്പം പോലും നീതി പുലർത്താത്ത മെത്രാനെയും രാഷ്ട്രീയക്കാരെയും പൊലീസ് സേനയിലെ ചുരുക്കം ചിലരെയുമാണ് കാർട്ടൂൺ വിമർശിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

യേശുവിന്റെ ഇടതും വലതുമായി രണ്ടു കള്ളന്മാരെ തറച്ച കുരിശാണ് ഇപ്പോൾ ചില മെത്രാന്മാർ ചുമക്കുന്നത്. ഇക്കൂട്ടർ വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനുമാണെന്ന് എന്നും അദ്ദേഹം പരിഹസിക്കുന്നു. എ കെ ബാലൻ കേരളത്തിലെ മെത്രാന്മാരുടെ മന്ത്രിയല്ല ജനാധിപത്യ വിശ്വാസികളായ കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മന്ത്രിയാണെന്ന് കെ എം വർഗീസിന്റെ തുറന്ന കത്തിൽ പറയുന്നു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള ബിഷപ് ഫ്രാങ്കോയെയും അദ്ദേഹത്തെ പിന്തുണച്ച പി.സി ജോർജ് എംഎ‍ൽഎയേയും ലൈംഗികാരോപണം നേരിട്ട പി.കെ ശശി എംഎ‍ൽഎയേയും പശ്ചാത്തലമാക്കിയാണ് കാർട്ടൂൺ. പൊലീസ് തൊപ്പിക്കു മുകളിൽ കയറിയിരിക്കുന്ന പൂവൻകോഴിയായി. ഫ്രാങ്കോയെയും ഇവരെ കണ്ട് ഭയന്നോടുന്ന കന്യാസ്ത്രീകളെയും കാർട്ടൂണിൽ ചേർത്തിരിക്കുന്നൂ. ഫ്രാങ്കോയുടെ കൈവശമിരിക്കുന്ന അംശവടിയിൽ കുരിശിന്റെ സ്ഥാനത്ത് അടിവസ്ത്രമാണ് വരച്ചുചേർത്തിരിക്കുന്നത്. സഭയുടെ പ്രതിഷേധത്തെ തുടർന്ന് പുരസ്‌കാരം പിൻവലിക്കാൻ സാംസ്‌കാരിക മന്ത്രി എ കെ ബാലൻ നിർദ്ദേശിച്ചിരുന്നു.

കെ എം വർഗീസിന്റെ കത്തിന്റെ പൂർണ രൂപം

കേരള ലളിതകലാ അക്കാദമിയുടെ കാർട്ടൂൺ അവാർ പ്രഖ്യാനത്തെ തള്ളിയ, നമ്മുടെ സാംസ്‌കാരിക വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ബാലൻസാറിന്റെ നടപടി തികച്ചും ദൗർഭാഗ്യകരമാണ്. കേരളത്തിലെ ക്രൈസ്തവ മെത്രാന്മാരെ പ്രീതിപ്പെടുത്താൻ വേണ്ടി സത്യസന്ധമായ ഒരു കാർട്ടൂണിനെയാണ് ബഹുമാനപ്പെട്ട മന്ത്രി ബാലൻസാർ തള്ളിപ്പറഞ്ഞതെന്നാണ് എനിക്ക് തോന്നുന്നത്. ശ്രീ കെകെ സുഭാഷ് എന്ന വ്യക്തി ഇന്നത്തെ സമൂഹത്തിന്റെ അപചയത്തെയാണ് വരച്ചുകാണിച്ചതെന്നാണ് ഞാൻ മനസിലാക്കുന്നത്.

ക്രൈസ്തവ വിശ്വാസ സംഹിതയോട് അല്പം പോലും നീതി പുലർത്താത്ത മെത്രാനെയും രാഷ്ട്രീയക്കാരെയും പൊലീസ് സേനയിലെ ചുരുക്കം ചിലരെയുമാണ് കാർട്ടൂൺ വിമർശിച്ചിട്ടുള്ളതെന്ന് എനിക്ക് തോന്നുന്നു. കേരള സമൂഹത്തിൽ നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില വസ്തുതകളുടെ ഒരു നേർകാഴ്ചയല്ലേ ശ്രീ സുബാഷ് വരച്ചുകാട്ടിയത്. അത് അംഗീകരിക്കാനും വിലമതിക്കാനും തയ്യാറാവുകയാണ് സഭയും നേതൃത്വവും ചെയ്യേണ്ടത്. കേരള മെത്രാൻസമിതി നടത്തുന്ന പ്രസ്താവനകൾ പലതും ബുദ്ധിയും വിവരവും ഉള്ള വിശ്വാസികൾ തള്ളി കളഞ്ഞുകൊണ്ടിരിക്കുകയാണ്. സർക്കുലർ ഇറക്കുന്നതും മെത്രാൻ സമിതി മണിക്കൂറുകൾക്കകം പിൻവലിക്കുന്നതും എന്തൊരു വിരോധാഭാസമാണ്.

മനുഷ്യ കുലത്തിന്റെ പാപ പരിഹാരങ്ങൾക്കുവേണ്ടിയാണ് ദൈവ പുത്രനായ യേശുനാഥൻ കുരിശിൽ മരിക്കേണ്ടി വന്നത്. യേശുനാഥനെ തൂക്കിലേറ്റിയ കുരിശാണ് വിശുദ്ധ കുരിശ്. യേശുവിന്റെ ഇടതും വലതും ആയി രണ്ട് കള്ളന്മാരെയും കുരിശിൽ തറച്ചിരുന്നു. ആ കള്ളന്മാരെ തറച്ച കുരിശാണ് ഇപ്പോൾ ചില മെത്രാന്മാർ ചുമക്കുന്നത്. ഇക്കൂട്ടർ വായ തുറക്കുന്നത് ഭക്ഷണം കഴിക്കാനും കള്ളത്തരം പറയാനുമാണെന്ന് സമീപകാല സംഭവങ്ങളിൽ നിന്നും വ്യക്തമല്ലേ?

വിശ്വാസത്തെയും, വിശ്വാസ സമൂഹങ്ങളെയും ദൈവ പ്രമാണങ്ങളെയും സ്വാർത്ഥലാഭത്തിനായി ഉപയോഗിച്ച് അധികാര ദുർവിനിയോഗം ചെയ്ത് ചിലർ രൂപത മെത്രാന്മാരായിരിക്കുന്നു. പണത്തിന്റെ ആധിപത്യവും അധികാര കേന്ദ്രങ്ങളുമായിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടുകളും സഭയ്ക്ക് നന്മ വരുത്തുകയില്ല. മറിച്ച് സഭയുടെ സൽപേരിന് കളങ്കമേർപ്പെടുത്തകയുള്ളൂ എന്ന തിരിച്ചറിവിന് ഈ കാർട്ടൂൺ കാരണമാകട്ടെ എന്ന് ഞാൻ ആശിക്കുന്നു.

ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പ് മന്ത്രി ബാലൻ സാർ, ബാലിശമായ നടപടികൾ ഒന്നും അങ്ങയുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്ന് വിനീതമായി അപേക്ഷിക്കുന്നു. അങ്ങ് കേരളത്തിലെ മെത്രാന്മാരുടെ മന്ത്രിയല്ല ജനാധിപത്യ വിശ്വാസികളായ കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും മന്ത്രിയാണ്.

കെ എം വർഗീസ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP