Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളാപ്പള്ളി പടർത്തുന്നത് കേരളീയ സമൂഹം ഒരിക്കലും ചിന്തിക്കാൻ തയ്യാറാകാത്ത വിധത്തിലുള്ള വർഗീയ വിഷം; യാഥാർഥ്യത്തിനു നിരക്കാത്ത കാര്യങ്ങൾ പറഞ്ഞ് വർഗീയത വളർത്താൻ ശ്രമിക്കുന്നു: വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് ഉമ്മൻ ചാണ്ടി

വെള്ളാപ്പള്ളി പടർത്തുന്നത് കേരളീയ സമൂഹം ഒരിക്കലും ചിന്തിക്കാൻ തയ്യാറാകാത്ത വിധത്തിലുള്ള വർഗീയ വിഷം; യാഥാർഥ്യത്തിനു നിരക്കാത്ത കാര്യങ്ങൾ പറഞ്ഞ് വർഗീയത വളർത്താൻ ശ്രമിക്കുന്നു: വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിച്ച് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കേരളീയ സമൂഹം ഒരിക്കലും ചിന്തിക്കാൻ തയ്യാറാകാത്ത വിധത്തിലുള്ള വർഗീയ വിഷമാണ് വെള്ളാപ്പള്ളിയുടെ വാക്കുകളെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വെള്ളാപ്പള്ളിയുടെ പ്രസ്താവന നിർഭാഗ്യകരവും വേദനാജനകവുമാണ്.

കേരളം ഒരിക്കലും കേട്ടിട്ടില്ലാത്ത വിധത്തിലുള്ള വർഗീയ വികാരമാണ് വെള്ളാപ്പള്ളി പ്രകടിപ്പിച്ചത്. യാഥാർഥ്യങ്ങൾക്കു നിരക്കാത്ത കാര്യമാണു വെള്ളാപ്പള്ളി പറഞ്ഞത്. നൗഷാദിനെതിരായ പരാമർശം വർഗീയ വിഷം ചീറ്റുന്നതാണെന്നും മുഖ്യമന്ത്രി വിമർശിച്ചു.

അപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനാണു നൗഷാദ് ശ്രമിച്ചത്. മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ കളഞ്ഞയാളാണ് നൗഷാദ്. ഇതൊന്നും കണക്കിലെടുക്കാതെയുള്ള വെള്ളാപ്പള്ളിയുടെ പരാമർശം വേദനാജനകമാണ്.

യാഥാർഥ്യത്തിന് നിരക്കാത്ത കാര്യങ്ങളാണ് വെള്ളാപ്പള്ളി പറഞ്ഞത്. നൗഷാദിന്റെ കുടുംബത്തിനു മാത്രമല്ല ഇത്തരത്തിൽ സഹായം നൽകിയത്. തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ള നിരവധിപ്പേർക്കു വേണ്ടി ഇടപെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം നൽകിയവർക്ക് മുൻപും ജോലി നൽകിയിട്ടുണ്ട്, സഹായം നൽകിയത് ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വർഗീയ വിദ്വേഷം പടർത്തുന്ന പരാമർശത്തിന്റെ പേരിൽ വെള്ളാപ്പള്ളിക്കെതിരെ കേസ് എടുക്കുന്നതിൽ നിയമവശങ്ങൾ പരിശോധിക്കും. കെപിസിസി പ്രസിഡന്റ് വി എം.സുധീരന്റെ കത്ത് നിയമ സെക്രട്ടറിക്ക് കൈമാറി. നിയമപരമായേ സർക്കാരിന് മുന്നോട്ടുപോകാൻ സാധിക്കൂ. വെള്ളാപ്പള്ളിയോട് മൃദുസമീപനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൗഷാദ് മറ്റെല്ലാം മറന്നാണ് അപകടത്തിൽപ്പെട്ട മനുഷ്യരെ രക്ഷിക്കാൻ ഇറങ്ങിയത്. ഇത്തരം വ്യക്തികളെ സഹായിക്കാൻ കേരളത്തിലെ എല്ലാ വിഭാഗം ആളുകളും സഹകരിക്കുന്നു. ആ മനസ്സിനെ സങ്കുചിതമായ രീതിയിൽ കാണരുത്. എല്ലാവരും സഹായവാഗ്ദാനവുമായി മുന്നോട്ടു വരുമ്പോൾ ആ നന്മയെ കുറച്ചു കാണരുത്. ഇതുപോലുള്ള സാഹചര്യങ്ങളിൽ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയിട്ടില്ല. സാമൂഹിക പ്രതിബദ്ധത സർക്കാരിന്റെ വലിയ ലക്ഷ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എടപ്പാളിൽ മൂന്നു വിദ്യാർത്ഥികളടക്കം നാലു പേർ അപകടത്തിൽ മരിച്ചവരെ തിരിഞ്ഞു നോക്കിയില്ലെന്ന വെള്ളാപ്പള്ളിയുടെ ആരോപണം ശരിയല്ല.
എറണാകുളം സ്വദേശികളാണ് മരിച്ചവർ. ബെന്നി ബെഹ്‌നാൻ, ഹൈബി ഈഡൻ, ഡൊമിനിക് പ്രസന്റേഷൻ തുടങ്ങിയ നേതാക്കൾ അവരുടെ വീടുകളിൽ പോയി അനുശോചനം അറിയിച്ചിട്ടുണ്ട്. അവർക്ക് സർക്കാരിന്റെ സഹായം വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. അവരത് എഴുതിത്ത്തരികയും ചെയ്തിട്ടുണ്ട്. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ നൗഷാദിന്റെ കാര്യത്തിലടക്കം തീരുമാനം എടുക്കും.

ഇതുപോലുള്ള നിരവധി സാഹചര്യങ്ങളിൽ താനിടപെടുകയും അവരുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലത്ത് മൂന്ന് കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ട്രെയിൻ കയറി കാലു മുറിച്ചു മാറ്റേണ്ടിവന്ന യുവാവിന് ജോലി നൽകി. കോട്ടയത്ത് ബോട്ട് അപകടത്തിൽപെട്ടവരെ ഒട്ടേറെ പേരെ സ്വന്തം വണ്ടിയിൽ ആശുപത്രിയിലെത്തിച്ച ടാക്‌സി ഡ്രൈവർക്ക് ജോലി കൊടുത്തിട്ടുണ്ട്. കണ്ണൂരിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന അമാവാസി എന്ന ബാലന് ബോംബ് പൊട്ടി കൈ നഷ്ടപ്പെട്ടപ്പോൾ പഠനത്തിനു സഹായം നൽകി. സംഗീത കോളേജിൽനിന് ബിരുദം എടുത്തപ്പോൾ സംഗീത കോളേജിൽ ജോലി കൊടുത്തിട്ടുമുണ്ട്.

നൗഷാദിന്റെ മരണവാർത്ത അറിഞ്ഞപ്പോൾ മറ്റെല്ലാം മാറ്റിവച്ച് താൻ അവിടെയെത്തി. നൗഷാദിന്റെ സഹപ്രവർത്തകരായ ഓട്ടോ ഡ്രൈവർമാരെയും നാട്ടുകാരെയും കണ്ടു. നൗഷാദിന്റെ ഭാര്യക്ക് ജോലി നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. നൗഷാദിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഉമ്മയ്ക്ക് സാമ്പത്തികസഹായം ചെയ്യണമെന്നും അവർ അഭ്യർത്ഥിച്ചു. രണ്ടു കാര്യത്തിലും ഞാനവർക്ക് പോസിറ്റീവായ മറുപടി കൊടുത്തു. ആളുകളുടെ വികാരങ്ങൾ മനസ്സിലാക്കുമ്പോൾ പോസിറ്റീവായി മറുപടി പറയുകയാണ് തന്റെ രീതി. ഇതിനെ വർഗീയമായി കാണുന്നത് ഒരുതരത്തിലും അംഗീകരിക്കാൻ പറ്റില്ല. അപകടത്തിൽ മരിച്ച ആന്ധ്ര സ്വദേശികളായ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഓരോ ലക്ഷം രൂപ വീതം കൊടുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ നൗഷാദിന് സഹായധനം അനുവദിച്ചത് അദേഹം മുസ്‌ലിം ആയതുകൊണ്ടാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. മുസ്‌ലിമായി മരിക്കാൻ കൊതി തോന്നുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP