Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓർഡർ ചെയ്ത വാച്ച് കിട്ടിയില്ല; പരാതിപ്പെട്ടപ്പോൾ അക്കൗണ്ടിൽ നിന്നും നഷ്ടമായത് 1.37 ലക്ഷം രൂപ; ഓൺലൈൻ വ്യാപാരം വർദ്ധിപ്പിക്കുമ്പോൾ തട്ടിപ്പുകളും പെരുകുന്നു

ഓർഡർ ചെയ്ത വാച്ച് കിട്ടിയില്ല; പരാതിപ്പെട്ടപ്പോൾ അക്കൗണ്ടിൽ നിന്നും നഷ്ടമായത് 1.37 ലക്ഷം രൂപ; ഓൺലൈൻ വ്യാപാരം വർദ്ധിപ്പിക്കുമ്പോൾ തട്ടിപ്പുകളും പെരുകുന്നു

സ്വന്തം ലേഖകൻ

കുമളി: ഓൺലൈൻ വ്യാപാരം വർദ്ധിക്കുമ്പോൾ രാജ്യത്ത് തട്ടിപ്പുകളും പെരുകുന്നു. ആകർഷകമായ ഓഫർ കണ്ട് ഓൺലൈൻ വ്യാപാരസൈറ്റിൽ വാച്ച് ഓർഡർ ചെയ്ത് തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടുകയാണ്. ഒടിവിൽ തട്ടിപ്പിന് ഇരയായത് കുമിളിയിലെ ഒരു വ്യാപാരിയാണ്. ഇദ്ദേഹം ഓർഡർ ചെയ്ത വാച്ചു കിട്ടിയില്ലെന്ന് മാത്രമല്ല, പരാതിപ്പെട്ടപ്പോൾ 1.37 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടമാകുകയും ചെയ്തു.

ജൂൺ 28-നാണ് 'വാച്ച് ഹബ്' എന്ന സൈറ്റിൽ റിസ്റ്റ് വച്ച് ഓർഡർ ചെയ്തത്. 1899 രൂപ വിലയുള്ള വാച്ചിനൊപ്പം മറ്റൊരുവാച്ച് സൗജന്യമുണ്ടെന്നായിരുന്നു സൈറ്റിൽ വ്യക്തമാക്കിയിരുന്നത്. ശനിയാഴ്ച വാച്ച് കൊറിയറിലെത്തി. എന്നാൽ, സൈറ്റിൽ കണ്ട വാച്ചിന് പകരം വളരെ വിലകുറഞ്ഞ ഒന്നായിരുന്നു അത്. സൗജന്യം ലഭിക്കുമെന്ന് പറഞ്ഞിരുന്ന വാച്ചും കിട്ടിയില്ല.

പരാതി പറയാനായി വെബ്‌സൈറ്റിന്റെ കസ്റ്റമർ കെയറിലേക്ക് പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് സൈറ്റ് പരിശോധിച്ചപ്പോൾ 'കൺസ്യൂമർ കംപ്ലയിന്റ് കോർട്ട്' എന്ന വിൻഡോ ഓപ്പണായി വന്നു. ഇതിൽ പരാതി രേഖപ്പെടുത്തി. അന്നുതന്നെ പരാതി കണ്ടിട്ട് സൈറ്റിൽനിന്ന് ഫോൺ വന്നു. അക്കൗണ്ട് നമ്പർ നൽകിയാൽ പണം തിരികെ നൽകാമെന്നാണ് അവർ പറഞ്ഞത്. 'ഫോൺപേ' ഡൗൺലോഡ് ചെയ്താൽ അതിലൂടെ പണം അയയ്ക്കാമെന്നായിരുന്നു തട്ടിപ്പുകരുടെ വാഗ്ദാനം.

പിന്നീട് പണം അയച്ചിട്ടുണ്ടെന്നും അക്കൗണ്ട് പരിശോധിക്കണമെന്നും പറഞ്ഞ് പല തവണ അതേ നമ്പരിൽനിന്ന് വിളിച്ചു. എന്നാൽ, പണം വന്നിരുന്നില്ല. കുറച്ചുസമയം കഴിഞ്ഞ് അവർ വീണ്ടും വിളിക്കുകയും ഫോൺപേ വഴി പണം അയയ്ക്കുന്നതിൽ സാങ്കേതിക തടസ്സമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന് ഓൺലൈൻ ലിങ്ക് അയച്ചുനൽകി അതിൽ ഡെബിറ്റ്-ക്രെഡിറ്റ് കാർഡിന്റെ വിവരങ്ങൾ നൽകാനും പറഞ്ഞു. സി.വി.വി. നന്പർ ഉൾെപ്പടെയുള്ള കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു. വ്യാപാരി കാർഡ് വിവരങ്ങൾ ലിങ്കിൽ അപ്ലോഡാക്കുകയും ചെയ്തു. അതോടെ ഡെബിറ്റ് കാർഡ് അക്കൗണ്ടിൽനിന്ന് 57,000 രൂപയും ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽനിന്ന് 80,000 രൂപയും നഷ്ടമായി.

തുടർച്ചയായി ഇടപാടുകൾ നടത്തുന്നുണ്ടോയെന്ന് തിരക്കി ബാങ്കിന്റെ ഓഫീസിൽനിന്ന് വിളി വന്നതോടെയാണ് ചതിക്കപ്പെട്ട വിവരം വ്യാപാരി അറിയുന്നത്. ഉടൻതന്നെ ബാങ്കുകാർ കാർഡ് ബ്ലോക്ക് ചെയ്യാനുള്ള നടപടികൾ സ്വകീകരിച്ചു. കുമളി പൊലീസിൽ പരാതിയും നൽകി. തട്ടിപ്പുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി എസ്‌ഐ. പ്രശാന്ത് പി.നായർ അറിയിച്ചു.

സമൂഹമാധ്യമത്തിലെ പരസ്യം കണ്ട് 1500 രൂപയുടെ വാച്ച് ബുക്ക് ചെയ്ത നരിയംപാറ സ്വദേശിക്ക് നൂറുരൂപയുടെ വാച്ച് ലഭിച്ചത് കഴിഞ്ഞദിവസമാണ്. പരാതിപ്പെടാൻ നോക്കിയപ്പോൾ ബുക്ക് ചെയ്ത വെബ്‌സൈറ്റ് തന്നെ ഉണ്ടായിരുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP