Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പോക്സോ കേസുകളിൽ ഒരിക്കൽ മാത്രമേ മൊഴിയെടുക്കാവൂ: മാർഗ നിർദ്ദേശങ്ങളുമായി പോക്സോ ആക്ട് ഏകദിന ശിൽപശാല

പോക്സോ കേസുകളിൽ ഒരിക്കൽ മാത്രമേ മൊഴിയെടുക്കാവൂ: മാർഗ നിർദ്ദേശങ്ങളുമായി പോക്സോ ആക്ട് ഏകദിന ശിൽപശാല

ആവണി ഗോപാൽ

തിരുവനന്തപുരം: അതിക്രമത്തിന് ഇരയാകുന്ന കുട്ടികളുടെ സംരക്ഷണവും പുനരധിവാസവും ഫലപ്രദമായ പ്രോസിക്യൂഷൻ നടപടികളും ഉറപ്പു വരുത്തുന്നതിന് വേണ്ടി തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ 'പോക്സോ ആക്ട് നടപ്പിലാക്കുന്നതിലെ പ്രശ്നങ്ങളും വെല്ലുവിളികളും' എന്ന പേരിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. വനിതാശിശു വികസന വകുപ്പ്, ജില്ലാ ലീഗൽ അഥോറിറ്റി, സഖി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്. കേരളത്തിലെ ജനസംഖ്യയുടെ നാലിലൊന്നും 18 വയസിന് താഴെയുള്ള കുട്ടികളാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശിശുക്ഷേമത്തിൽ സംസ്ഥാനം കാര്യമായ മുന്നേറ്റം നടത്തിയെങ്കിലും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചു വരികയാണ്. എന്നാൽ പലപ്പോഴും കുറ്റവാളികൾ രക്ഷപ്പെടുന്ന അവസ്ഥയാണുള്ളത്. അതിനാൽ കുട്ടികൾക്ക് പരിപൂർണ സംരക്ഷണം നൽകി കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പു വരുത്തുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റേയും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റേയും നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റെ നിർദ്ദേശാനുസരണമാണ് ശിൽപശാല സംഘടിപ്പിച്ചത്. ഈ യോഗത്തിന്റെ തീരുമാന പ്രകാരം കേരളത്തിൽ 28 പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.

കുട്ടികളുടെ പരിരക്ഷ, അതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം, നിലവിലുള്ള റിപ്പോർട്ടിങ്, കൗൺസിലിങ് സംവിധാനങ്ങൾ, ഫലപ്രദവും സമയബന്ധിതവുമായ അന്വേഷണ പ്രക്രിയ എങ്ങനെ ഉറപ്പാക്കാനാകും, പ്രീട്രയൽ, ട്രയൽ ഘട്ടങ്ങളിലെ കുട്ടികളുടെ പരിപാലനം, സമയബന്ധിതമായി കേസുകൾ തീർപ്പാക്കാൻ എന്താണ് ചെയ്യേണ്ടത്, ശിക്ഷ ഉറപ്പാക്കൽ, പുനരധിവാസം മെച്ചപ്പെടുത്തൽ തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് ചർച്ചകൾ നടന്നത്. ചർച്ചയിൽ ഉരുത്തിരിഞ്ഞ വിഷയങ്ങൾ അടിസ്ഥാനമാക്കി മാർഗരേഖയുണ്ടാക്കി പോക്സോ ആക്ട് നിരീക്ഷിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അടുത്തിടെ രൂപീകരിച്ച ഉന്നതതല സമിതിക്ക് സമർപ്പിക്കും.

അന്വേഷണം നടത്തുമ്പോൾ അതിക്രമത്തിൽ നിന്നും അതിജീവിച്ച കുട്ടികളിൽ നിന്നും ഒരു പ്രാവശ്യം മാത്രമേ മൊഴിയെടുക്കാവൂവെന്ന് ശിൽപശാല വിലയിരുത്തി. ഒന്നിലേറെ തവണ മൊഴിയെടുക്കുമ്പോൾ കുട്ടികളിൽ മാനസിക പ്രശ്നങ്ങളുണ്ടാകാറുണ്ട്. കുട്ടികൾക്ക് നല്ല കൗൺസിലിംഗും സൈക്കോതെറാപ്പിയും ലഭ്യമാക്കണം. മാനസിക ശാരിരിക പ്രശ്നമുള്ളവർക്ക് മതിയായ ചികിത്സയും ആവശ്യമാണ്. ഇതുകൂടാതെ നിയമസഹായവും ലഭ്യമാക്കണം. ഡി.എൻ.എ. ഉൾപ്പെടെയുള്ളവ നഷ്ടപ്പെടാതിരിക്കാൻ സാമ്പികളുകൾ പരിശോധനയ്ക്കായി കെമിക്കൽ ലാബിലയ്ക്കാതെ ഫോറൻസിക് ലാബിൽ തന്നെയയക്കണം. പോക്സോ കേസുകളെ പറ്റി പൊതുജനങ്ങൾക്ക് അവബോധം നൽകാനുള്ള ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കും.

വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, ജയിൽ ഡി.ജി.പി. ഋഷിരാജ് സിങ്, കെൽസ മെമ്പർ സെക്രട്ടറി നിസാർ അഹമ്മദ്, ഡെൽസ സെക്രട്ടറി ജൂബിയ, കൊല്ലം ജില്ല പൊലീസ് സൂപ്രണ്ട് ഹരിശങ്കർ, കേരള ചൈൽഡ് റൈറ്റ് കമ്മീഷൻ മെമ്പർ അഡ്വ. ശ്രീല മേനോൻ, മെഡിക്കൽ കോളേജ് സൈക്യാട്രിസ്റ്റ് ഡോ. ടി.വി. അനിൽകുമാർ, പ്ലാനിങ്ബോർഡ് അംഗം മൃദുൽ ഈപ്പൻ, പാലക്കാട് ഫോറൻസിക് സർജൻ ഡോ. ഗുജ്റാൾ, പ്രൊബേഷൻ ഓഫീസർ കെ.കെ. സുബൈർ, ജെൻഡർ അഡൈ്വസർ ടി.കെ. ആനന്ദി, സഖി സെക്രട്ടറി ഏലിയാമ്മ വിജയൻ എന്നിവർ ശിൽപശാലയിൽ പങ്കെടുത്ത് വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP