Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹരിതഭംഗിയിൽ സാംസ്‌കാരികഘോഷയാത്ര, ഓണാഘോഷ പരിപാടികൾക്ക് സമാപനം; വർണ വിസ്മയങ്ങളും താളമേളങ്ങളും അണിനിരന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ഒരാഴ്ചനീണ്ട ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീണു

ഹരിതഭംഗിയിൽ സാംസ്‌കാരികഘോഷയാത്ര, ഓണാഘോഷ പരിപാടികൾക്ക് സമാപനം; വർണ വിസ്മയങ്ങളും താളമേളങ്ങളും അണിനിരന്ന സാംസ്‌കാരിക ഘോഷയാത്രയോടെ ഒരാഴ്ചനീണ്ട ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീണു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് വർണാഭമായ സമാപനം. മഴക്കാറ് പോലും മാറി നിന്ന അന്തരീക്ഷത്തിൽ കനത്ത സുരക്ഷാവലയത്തിലാണ് ഘോഷയാത്ര സമാപിച്ചത്. വർണ വിസ്മയങ്ങളും താളമേളങ്ങളും അണിനിരന്ന സാംസ്‌കാരിക ഘോഷയാത്രയോടെയായിരുന്നു ഒരാഴ്ചനീണ്ട ഓണാഘോഷങ്ങൾക്ക് തിരശ്ശീല വീണത്. ഉച്ചയോടെ നഗരവീഥികൾ കയ്യടക്കി ജനക്കൂട്ടമൊഴുകിയെത്തി. അഞ്ചു മണിയോടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.

ബഹുമാനപ്പെട്ട ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വാദ്യോപകരണമായ 'കൊമ്പ്' മുഖ്യകലാകാരന് കൈമാറിയതോടെ മേളപ്പെരുക്കം ആരംഭിച്ചു. ആദ്യം അശ്വാരൂഢസേന. പിന്നിൽ കേരളീയ വേഷം ധരിച്ച് മുത്തുക്കുടയേന്തിയ 100 പുരുഷന്മാർ അണിനിരന്നു. അവരോടൊപ്പം മോഹിനിയാട്ട നർത്തകിമാർ ഓലക്കുടയുമായി, തുടർന്ന് അണിമുറിയാതെ വേലകളി,ആലവട്ടം, വെഞ്ചാമരം, അതിനും പിന്നിലായി കേരളീയ കലാരൂപങ്ങളായ തെയ്യം, കഥകളി, വേലകളി, പടയണി എന്നിവയോടൊപ്പം തനതുമേളങ്ങളുടെ അകമ്പടിയിൽ പുലികളി, നീലക്കാവടി, പൂക്കാവടി, ചിന്ത് കാവടി, അമ്മൻകൊട എന്നിവ ആടിത്തിമിർത്തതോടെ ഘോഷയാത്രയുടെ ആരവം കാണികളിലേയ്ക്കും പടർന്നു.

കേരളത്തനിമ ചോരാതെ പഞ്ചവാദ്യം, ചെണ്ടമേളം, ശിങ്കാരിമേളം, ബാന്റു മേളം തുടങ്ങി പെരുമ്പറ മേളം വരെ താളവിസ്മയങ്ങൾ തീർത്തു. മൂവായിരത്തോളം കലാകാരന്മാരാണ് ഘോഷയാത്രയെ വർണാഭമാക്കിയത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ഉത്സവ സാംസ്‌കാരിക പരിപാടികളെ ബന്ധപ്പെടുത്തിയുള്ള കലാരൂപങ്ങളും പരമ്പരാഗത താളമേളങ്ങളും ഇത്തവണത്തെ ഘോഷയാത്രയുടെ പ്രത്യേകതയായി.

ഒപ്പനയും, മാർഗംകളിയും ദഫ് മുട്ടും തിരുവാതിരക്കളിയും കോൽക്കളിയും കേരളത്തിന്റെ മതമൈത്രി സംസ്‌കര പ്രതീകമായി നൃത്തം വെച്ചു. മയൂര നൃത്തം, പരുന്താട്ടം, ഗരുഡൻ പറവ, അർജ്ജുന നൃത്തം തുടങ്ങി കുമ്മാട്ടിക്കളി വരെയുള്ള നാല് ഡസനോളം വൈവിധ്യമാർന്ന കേരളീയ കലാരൂപങ്ങളും ഘോഷയാത്രയുടെ പൊലിമയേകി. വർണാഭമാക്കി. കാണികളിൽ കൗതുകം ഉയർത്തുന്ന പൊയ്ക്കാൻ കളി, ബൊമ്മകളി, ചവിട്ടുനാടകം, പരിചമുട്ടുകളി, പന്തം വീശൽ, വള്ളുവനാടൻ കലാരൂപങ്ങൾ എന്നിവയും ഘോഷയാത്രക്ക് മിഴിവേകി. ഇതോടൊപ്പം ഇതര സംസ്ഥാനങ്ങളായ അസം, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, തെലുങ്കാന, കർണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങളും വർണാഭമായി.

ജിഎസ്ടി, ട്രാൻസ്ജെൻഡേഴ്സിന്റെ ജോലി സംരക്ഷണം, തിരുവനന്തപുരം നഗരസഭ സ്മാർട് സ്വപ്നത്തിലേയ്ക്ക്, തലസ്ഥാനം തുടങ്ങി സമകാലിക വിഷയങ്ങളെ ബന്ധപ്പെടുത്തി തയ്യാറാക്കിയ നിശ്ചലദൃശ്യാവിഷ്‌കാരങ്ങൾ മികച്ച നിലവാരം പുലർത്തി. സംസ്ഥാനത്തിന്റെ ടൂറിസം രംഗത്തിന്റെ മുഖമുദ്രയാകുന്ന ചടയമംഗലത്തെ ജഡായുപാറയുടെ ആവിഷ്‌കാരമാണ് സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്‌കരിച്ചത്. ആനുകാലികപ്രാധാന്യമുള്ളതും കഴിയുന്നത്ര കൃത്രിമത്വം ഒഴിവാക്കിയുള്ളതുമായ ഫ്ളോട്ടുകളാണ് ഘോഷയാത്രയിൽ അണിനിരന്നത്. ഗ്രീൻ പ്രോട്ടോക്കോൾ മുറുകെ പിടിച്ചായിരുന്നു ഘോഷയാത്രയിൽ ഫ്ലോട്ടുകൾ തയ്യാറാക്കിയത്.

സംസ്ഥാന സർക്കാരിന്റെ പ്രധാനപ്പെട്ട നാല് മിഷനുകൾ ഉൾപ്പെടുന്ന ഫ്േളാട്ടുകൾ - എല്ലാവർക്കും സാമൂഹ്യ സുരക്ഷ എല്ലാവർക്കും ഭവനം, എല്ലാവർക്കും വൈദ്യുതി, നാടാകെ ജൈവപച്ചക്കറി, ക്ഷേമപെൻഷൻ, സാമ്പത്തിക ഭദ്രത, വളരൂ കേരളം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഫ്േളാട്ടുകൾ ശ്രദ്ധയാകർഷിച്ചു. ഉത്തരവാദിത്വടൂറിസം, ഗ്രീൻ പ്രോട്ടോകോൾ, ലഹരി മയക്കുമരുന്നുകൾക്കെതിരെയുള്ള ബോധവത്കരണം, പ്രകൃതി സംരക്ഷണം, എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം, റിന്യൂവബിൾ എനർജി എന്നീ വിഷയങ്ങളിലെ ഫ്ളോട്ടുകളും കൈയടി നേടി.

ഓണം വാരാഘോഷ സമാപന ഘോഷയാത്ര വീക്ഷിക്കാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും കുടുംബവും ബഹു മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ രാജുവും കുടുംബവും, മന്ത്രി കെ കെ ശൈലജ, ബഹു. എം എൽ എ മാരായ സി ദിവാകരൻ, ഡി.കെ മുരളി, ബി സത്യൻ, സി.കെ ഹരീന്ദ്രൻ, കെ. മുരളീധരൻ, ഒ രാജഗോപാൽ, തിരുവനന്തപുരം മേയർ വി. കെ പ്രശാന്ത്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് വി.കെ മധു, ടൂറിസം സെക്രട്ടറി വേണു വി. ഐ എ എസ്, ജില്ലാ കളക്ടർ ഡോ. വാസുകി, കേരള ടൂറിസം ഡയറക്ടർ പി ബാലകിരൺ ഐഎഎസ്,, അഡീഷണൽ ഡയറക്ടർ ജനറൽ ജാഫർ മാലിക് ഐ എ എസ്, ഡി ജി പി ലോക് നാഥ് ബഹ്റ, എഡിജിപിമാരായ ബി സന്ധ്യ. ശ്രീലേഖ എന്നിവരും എത്തിയിരുന്നു.

വെള്ളയമ്പലത്തുതുടങ്ങിയ ഘോഷയാത്ര കിഴക്കേ കോട്ടയിൽ ആണ് ഘോഷയാത്ര സമാപിച്ചത്. ഓണം വാരാഘോഷത്തിന് കൊട്ടിക്കലാശവുമായി നിശാഗന്ധിയിൽ നടി ശോഭന അവതരിപ്പിച്ച നൃത്തം കാണികൾക്ക് ദൃശ്യവിരുന്നായി.

സുരക്ഷാക്രമീകരണങ്ങൾക്കായി കുറ്റമറ്റ സംവിധാനങ്ങളാണ് പൊലീസ് ഒരുക്കിയിരുന്നത്. ഘോഷയാത്രാപാതയിലും മറ്റു വേദികളിലും മഫ്തി പൊലീസിന്റെ സാന്നിദ്ധ്യം കൂടാതെ വനിതാ പൊലീസും പിങ്ക് പൊലീസും ക്രമസമാധാനവും പൊതജനങ്ങളുടെ സുരക്ഷയും ഉറപ്പാക്കി. ക്രമസമാധാന സേനയും ഘോഷയാത്ര നടന്ന മേഖലകളിൽ സജീവമായിരുന്നു.

കടുത്ത സാമ്പത്തിക അച്ചടക്കം പാലിച്ചിട്ടും ഏറെ വർണാഭമായ രീതിയിലായിരുന്നു ഇക്കുറി ഓണാഘാഷം സംഘടിപ്പിച്ചിരിക്കുന്നത്. ഇക്കുറി 34 ലക്ഷം രൂപ വിനിയോഗിച്ചാണ് സംഘടിപ്പിച്ചത്. എന്നാൽ, പരിപാടികളുടെ പകിട്ടിലോ, കലാരൂപങ്ങളുടെ എണ്ണത്തിലോ കുറവുണ്ടായില്ല.

ഘോഷയാത്രയോട് അനുബന്ധിച്ച് കവടിയാർ, വെള്ളയമ്പലം, കെൽട്രോൺ, കോർപ്പറേഷൻ, പാളയം, യൂണിവേഴ്സിറ്റി കോളേജ്, സ്റ്റാച്യു. , ആയുർവേദ കോളേജ് ജംഗ്ഷൻ, ഈസ്റ്റ് ഫോർട്ട് എന്നിവിടങ്ങളിൽ ആമ്പുലൻസ് സർവ്വീസ് ഏർപ്പെടുത്തിയിരുന്നത് ആശ്വാസകരമായി. .കൂടാതെ ഫയർഫോഴ്സിന്റ 9 യൂണിറ്റുകളും അത്യാവശ്യ ഘട്ടങ്ങളെ സഹായിക്കാൻ ഏർപ്പെടുത്തിയിരുന്നു. ഘോഷയാത്രക്കെത്തുന്ന കാണികൾക്കായി എസ് ബി ഐ ലൈഫ് ഇൻഷറൻസ് കുടിവെള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു

നഗരത്തിൽ 30 കേന്ദ്രത്തിലാണ് ആഘോഷപരിപാടി നടന്നത്. വിവിധ കലാപരിപാടികൾ കാണുന്നതിന് വൻ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. കലാപരിപാടികൾ കാണുന്നതിന് ജനം ഒഴുകിയെത്തിയതോടെ വൈകുന്നേരങ്ങളിൽ നഗരം വീർപ്പുമുട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP