Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വേണ്ടപ്പെട്ടതെല്ലാം കടൽ കൊണ്ടു പോയ ദുഃഖത്തിൽ ദുരിത ബാധിതർ; പല വള്ളങ്ങൾക്കും ബോട്ടുകൾക്കും തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷയില്ല; ക്ഷേമനിധിയിൽ അംഗമായ തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത് മരിച്ചാൽ മാത്രം: മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിൽ നിന്നും ലഭിക്കുക നാമമാത്രമായ തുക

വേണ്ടപ്പെട്ടതെല്ലാം കടൽ കൊണ്ടു പോയ ദുഃഖത്തിൽ ദുരിത ബാധിതർ; പല വള്ളങ്ങൾക്കും ബോട്ടുകൾക്കും തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷയില്ല; ക്ഷേമനിധിയിൽ അംഗമായ തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നത് മരിച്ചാൽ മാത്രം: മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിൽ നിന്നും ലഭിക്കുക നാമമാത്രമായ തുക

കൊല്ലം: ഓഖി ചുഴലിക്കാറ്റിൽ പെട്ട പലരുടെയും ജീവൻ തിരിച്ചു കിട്ടി എങ്കിലും വേണ്ടപ്പെട്ടതെല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് മത്സ്യത്തൊഴിലാളികൾ. കടംവാങ്ങിയും ലോണെടുത്തുമാണ് വള്ളങ്ങളും ബോട്ടുകളും വാങ്ങി മിക്കവരും ജീവിതം കരുപ്പിടിപ്പിച്ചത്. എന്നാൽ കടലിൽ വെച്ച് തന്നെ തങ്ങൾക്ക് എല്ലാമായ വള്ളം നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് എല്ലാവരും. തൊഴിൽ ചെയ്ത് ജീവിക്കണമെങ്കൽ ബോട്ടോ വള്ളമോ വേണം. എന്നാൽ അത് കടലെടുത്തതോടെ എന്ത് ചെയ്യണമെന്ന് ആർക്കും അറിയില്ല.

ലക്ഷങ്ങൾ കൊടുത്താണ് വള്ളങ്ങളും ബോട്ടും വാങ്ങുന്നത്. ഇതുകൊണ്ടാണ് നടുക്കടലിൽ അപകടത്തിൽപെട്ടിട്ടും പലരും വള്ളങ്ങളും ബോട്ടും ഉപേക്ഷിച്ച് വരാൻ തയ്യാറാവാത്തതും സംസ്ഥാനത്തെ മത്സ്യബന്ധന വള്ളങ്ങൾക്കും ബോട്ടുകൾക്കും ഇൻഷുറൻസ് പരിരക്ഷയില്ല. യാനങ്ങൾ നഷ്ടപ്പെട്ടാൽ സർക്കാരിൽനിന്ന് നഷ്ടപരിഹാരവും ഇല്ല. അപകടത്തിൽ പരിക്കേൽക്കുന്ന മത്സ്യത്തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷയില്ല. ഇതൊക്കെയാണ് സ്വന്തം ജീവൻ പണയം വെച്ചും തങ്ങൾക്ക് ഭക്ഷണം തന്നാൽ മതി എന്ന് പറഞ്ഞ് ജീവൻ പണയം വെച്ച് പലരും നടുക്കടലിൽ കിടക്കാൻ തയ്യാറായത്.

നിലവിൽ ക്ഷേമനിധിയിൽ അംഗമായ മത്സ്യത്തൊഴിലാളി കടലിലെ അപകടങ്ങളിൽ മരണമടഞ്ഞാൽ മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക. പത്തുലക്ഷം രൂപയാണ് ഇപ്പോൾ നൽകുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികളിൽ പകുതിയോളം പേർ ക്ഷേമനിധിയിൽ അംഗത്വമില്ലാത്ത ഇതര സംസ്ഥാനക്കാരാണ്. ഇതിൽ അമ്പതുശതമാനം പേർ തമിഴ്‌നാട്ടുകാരും മറ്റുള്ളവർ ബംഗാൾ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരുമാണ്.

മിക്കവാറും എല്ലാ ബോട്ടുകൾക്കും ഇപ്പോൾ രജിസ്ട്രേഷൻ ഉണ്ട്. എന്നാൽ മണ്ണെണ്ണ സബ്സിഡി ലഭിക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ള വള്ളങ്ങൾക്ക് മാത്രമേ രജിസ്ട്രേഷൻ ഉള്ളൂ. അതുകൊണ്ടുതന്നെ എത്ര വള്ളങ്ങൾ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നു എന്ന് ഫിഷറീസ് വകുപ്പിന്റെ പക്കൽ കണക്കില്ല. കടലിൽ അപകടത്തിൽപ്പെട്ട് ബോട്ടുകളും വള്ളങ്ങളും നശിച്ചാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് നാമമാത്രമായ തുക നൽകാൻ മാത്രമേ ഇപ്പോൾ വ്യവസ്ഥയുള്ളൂ. ഇതാകട്ടെ ഒരിക്കലും കിട്ടാറില്ലെന്ന് ബോട്ടുടമകൾ പറയുന്നു.

ഒരു ബോട്ടിന് 50 ലക്ഷത്തോളം രൂപയാണ് വില. വള്ളങ്ങൾക്ക് അഞ്ചുലക്ഷത്തിനടുത്താകും. സ്വന്തംനിലയിൽ ഇൻഷുർ ചെയ്യാൻ ഇൻഷുറൻസ് കമ്പനികൾ വലിയ പോളിസി തുകയാണ് ആവശ്യപ്പെടുന്നത്. വർഷംതോറും ഇത്രയും വലിയതുക അടയ്ക്കാൻ കഴിയില്ലെന്ന് ബോട്ടുടമകളുടെ സംഘടന പറയുന്നു.

രജിസ്ട്രേഷനുള്ള എല്ലാ വള്ളങ്ങൾക്കും സർക്കാർ ബീക്കണുകൾ നൽകിയിട്ടുണ്ട്. എന്നാൽ തൊഴിലാളികൾ ഇത് കാര്യക്ഷമമായി ഉപയോഗിക്കുന്നില്ല. വള്ളം അപകടത്തിൽപ്പെട്ട് ബീക്കൺ വെള്ളത്തിൽ വീണാൽ കോസ്റ്റ് ഗാർഡിന്റെയും നേവിയുടെയും ജോയിന്റ് ഓപ്പറേഷൻ സെന്ററിൽ സന്ദേശം ലഭിക്കും. ഇതുവഴി അപകടത്തിൽപ്പെട്ട വള്ളം എവിടെയാണെന്നു കൃത്യമായി കണ്ടെത്താനാകും.

കടലിൽ അപകടത്തിൽപ്പെടുകയോ അസുഖം ബാധിക്കുകയോ ചെയ്യുന്ന മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനുള്ള മറൈൻ ആംബുലൻസ് പദ്ധതി ഇതുവരെയും നടപ്പായില്ല. നാലുവർഷം മുൻപാണ് സർക്കാർ ഇതു തീരുമാനിച്ചത്. പ്രഥമശുശ്രൂഷാ സൗകര്യവും ഓക്സിജനടക്കമുള്ള സംവിധാനങ്ങളും ആംബുലൻസിലുണ്ടാവും. ടെൻഡറിൽ ഒരെണ്ണത്തിന് എട്ടുകോടി രൂപ ആവശ്യപ്പെട്ടതിനാലാണ് കരാർ ഉറപ്പിക്കാൻ കഴിയാതിരുന്നത്. മറൈൻ ആംബുലൻസ് നിർമ്മിച്ചുനൽകാനായി ഇപ്പോൾ സർക്കാർ കൊച്ചി കപ്പൽശാലയുമായി ധാരണയിലെത്തിയിട്ടുണ്ട്. ആറുകോടിയോളം രൂപ ചെലവുവരും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP