Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

സംസ്ഥാന സർക്കാരിന്റേത് പിന്നോക്ക-പട്ടികജാതി പ്രീണനം; വഴിയൊരുക്കുന്നത് വർഗീയ കലാപത്തിന്; വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൻഎസ്എസ് സ്വീകരിക്കുക ശരിദൂര സിദ്ധാന്തം എന്നും സുകുമാരൻ നായർ; സമദൂരം ഉപേക്ഷിച്ച് ശരിദൂരം കൈക്കൊണ്ടതോടെ വെട്ടിലാകുന്നത് വട്ടിയൂർക്കാവ് അടക്കമുള്ള മണ്ഡലങ്ങളിൽ ഇടത്പക്ഷവും

സംസ്ഥാന സർക്കാരിന്റേത് പിന്നോക്ക-പട്ടികജാതി പ്രീണനം; വഴിയൊരുക്കുന്നത് വർഗീയ കലാപത്തിന്; വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൻഎസ്എസ് സ്വീകരിക്കുക ശരിദൂര സിദ്ധാന്തം എന്നും സുകുമാരൻ നായർ; സമദൂരം ഉപേക്ഷിച്ച് ശരിദൂരം കൈക്കൊണ്ടതോടെ വെട്ടിലാകുന്നത് വട്ടിയൂർക്കാവ് അടക്കമുള്ള മണ്ഡലങ്ങളിൽ ഇടത്പക്ഷവും

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശ്ശേരി: സംസ്ഥാന സർക്കാർ വർഗീയ കലാപത്തിന് വഴിമരുന്നിടുകയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. വിജയദശമി ദിനത്തിൽ ചങ്ങനാശ്ശേരിയിൽ നടന്ന നായർ മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സവർണനും അവർണനുമെന്ന വേരിതിരിവ് മുൻപ് ഉണ്ടായിരുന്നതായി പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ അങ്ങനെയില്ല. എന്നാൽ സംസ്ഥാന സർക്കാർ തന്നെ രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളിൽ സവർണ - അവർണ ചേരിതിരിവ് ഉണ്ടാക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.

ജാതിചിന്ത മനുഷ്യരുടെ മനസ്സിൽ നിന്ന് എന്നന്നേക്കുമായി മാറിയ സാഹചര്യത്തിലും മുന്നാക്ക - പിന്നാക്ക വിഭാഗീയത വളർത്തുകയും ജാതീയമായി പോലും ജനങ്ങളെ വേർതിരിക്കുകയും ചെയ്യുന്ന പ്രവർത്തിയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
കേരളത്തിൽ വർഗീയ കലാപത്തിന് വഴിയൊരുക്കുകയാണ് ഭരണത്തിലിരിക്കുന്നവർ യഥാർഥത്തിൽ ഇതിലൂടെ ചെയ്യുന്നത്. പിന്നാക്ക വിഭാഗങ്ങൾക്കും പട്ടിക ജാതി വിഭാഗങ്ങൾക്കും മാത്രം നിലകൊണ്ടാൽ അവരുടെ വോട്ട് നോടാം എന്നാണ് സർക്കാർ കരുതുന്നത്. മുന്നാക്ക വിഭാഗം എണ്ണത്തിൽ കുറവാണ് എന്നതാണ് കാരണം.

മുന്നാക്ക സമുദായങ്ങളിലെ പാവങ്ങൾക്ക് മുൻ കാലങ്ങളിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പോലും ഈ സർക്കാർ അട്ടിമറിച്ചു. എല്ലാ ആനുകൂല്യങ്ങളും എപ്പോഴും പറ്റുന്ന വിഭാഗങ്ങളെ സന്തോഷിപ്പിക്കാൻ കൂടിയാണ് ഇത് ചെയ്യുന്നത്. സംസ്ഥാന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ വഴി നൽകി വന്നിരുന്ന ധനസഹായങ്ങൾക്കായി അനുവദിച്ചിരുന്ന പണം കഴിഞ്ഞ രണ്ട് വർഷമായി തടഞ്ഞ് വെച്ചിരിക്കയാണ്. 50 കോടിയിൽ കൂടുതൽ രൂപയാണ് ഇങ്ങനെ തടഞ്ഞു വെച്ചിരിക്കുന്നത്.

ഈ വിഷയം വളരെ ഗൗരവത്തിൽ എൻഎസ്എസ് ഉന്നയിച്ചിട്ടും അത് പരിഗണിക്കാൻ സർക്കാർ തയ്യാറായില്ല. അതേസമയം ഒന്ന് തുമ്മിയാൽ സമുദായ നേതാക്കളുടെ വീട്ടിൽ ചെന്ന് ക്യാബിനറ്റ് അവിടെ കൂടി അവർ ചോദിക്കുന്നതെല്ലാം അനുവദിച്ച് കൊടുത്ത് അവരുടെ അനുഗ്രഹം വാങ്ങിക്കുന്ന സർക്കാരാണ് ഇപ്പോഴത്തേതെന്നും സുകുമാരൻ നായർ ആരോപിച്ചു.

Stories you may Like

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സുകുമാരൻ നായരുടെ നിലപാടിന് രാഷ്ട്രീയ പ്രസക്തി ഏറെയാണ്. എൻഎസ്എസിന് ശക്തമായ സ്വാധീനമുള്ള വട്ടിയൂർക്കാവ് അടക്കമുള്ള മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനിടെയാണ് സംസ്ഥാന സർക്കാരിനെതിരെ ശക്തമായ നിലപാടുമായി സുകുമാരൻ നായർ രംഗത്തെത്തിയത്. ഉപതെരഞ്ഞെടുപ്പുകളിൽ സമദൂരം ഉപേക്ഷിച്ച് എൻഎസ്എസ് ശരിദൂരം എന്ന നിലപാടാകും സ്വീകരിക്കുക എന്നും സുകുമാരൻ നായർ പറഞ്ഞു.

എൻഎസ്എസിനു രാഷ്ട്രീയമില്ല. എന്നാൽ നാട്ടിൽ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യങ്ങളും സാമുദായിക സമവാക്യങ്ങളും കണക്കിലെടുത്ത് ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി, ആചാരാനുഷ്ഠാനങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനു ശരിദൂരം കണ്ടെത്തും. ഏതാണു ശരിദൂരമെന്നു സമുദായാംഗങ്ങൾക്ക് അറിയാമെന്നും അദ്ദേഹ കൂട്ടിച്ചേർത്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP