Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രെയിൻ ഉപയോ​ഗിച്ച് 10 പൈപ്പ് ഇറക്കുന്നതിന് നോക്കുകൂലിയായി ആവശ്യപ്പെട്ടത് 30,000 രൂപ; ലോറി ഉപേക്ഷിച്ച് കരാറുകാരൻ മടങ്ങി; കോട്ടൂർ കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിന്റെ നവീകരണം പ്രതിസന്ധിയിലാകുന്നത് ഇങ്ങനെ

ക്രെയിൻ ഉപയോ​ഗിച്ച് 10 പൈപ്പ് ഇറക്കുന്നതിന് നോക്കുകൂലിയായി ആവശ്യപ്പെട്ടത് 30,000 രൂപ; ലോറി ഉപേക്ഷിച്ച് കരാറുകാരൻ മടങ്ങി; കോട്ടൂർ കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിന്റെ നവീകരണം പ്രതിസന്ധിയിലാകുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നോക്കുകൂലിയായി വൻ തുക ആവശ്യപ്പെട്ടതോടെ കൂറ്റൻ കോൺക്രീറ്റ് പൈപ്പുകളുമായി വന്ന ലോറി ഉപേക്ഷിച്ച് കരാറുകാരൻ മടങ്ങി. കോട്ടൂർ കാപ്പുകാട് ആന പരിപാലനകേന്ദ്രത്തിലാണ് സംഭവം. നവീകരണ പ്രവൃത്തികൾക്കായി കൊണ്ടുവന്ന കൂറ്റൻ കോൺക്രീറ്റ് പൈപ്പുകൾ ഇറക്കുന്നത് സംബന്ധിച്ചായിരുന്നു തർക്കം. ക്രെയിൻ ഉപയോഗിച്ച് മാത്രം ഇറക്കാനാകുന്ന പൈപ്പുകളാണ് ഇവ. എന്നാൽ, തൊഴിലാളികൾ 30,000 രൂപ നോക്കുകൂലി ആവശ്യപ്പെട്ടു. ഇതോടെ ലോറി ഉപേക്ഷിച്ച് കരാറുകാർ മടങ്ങുകയായിരുന്നു.

തമിഴ്‌നാട്ടിലെ നാമക്കലിൽ നിന്നും വെള്ളിയാഴ്ച രാവിലെയാണ് പൈപ്പുമായി ലോറി വന്നത്. തർക്കങ്ങൾക്ക് പരിഹാരമാകാത്തതിനാൽ വൈകീട്ടോടെ കരാറുകാർ വാടകത്തുകയായ 7000 രൂപ നൽകി ക്രെയിൻ മടക്കിയയച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആന പരിപാലനകേന്ദ്രത്തിലെ റോഡിന്റെ പണിയിൽ തോട്ടിലെ വെള്ളം ഒഴുക്കാനുള്ള സംവിധാനത്തിനാണ് 10 കൂറ്റൻ പൈപ്പുകളുമായി ലോറി എത്തിയത്. ഇതറിഞ്ഞ് പ്രദേശത്തെ വിവിധ യൂണിയനുകളിൽപ്പെട്ട നൂറോളം തൊഴിലാളികൾ സ്ഥലത്തെത്തി. ക്രെയിൻ ഉപയോഗിച്ച് മാത്രം ഇറക്കുന്ന പൈപ്പുകളാണെന്നും തൊഴിലാളികളുടെ ആവശ്യമില്ലെന്നും കരാറുകാർ പറഞ്ഞെങ്കിലും ഇവർ കൂട്ടാക്കിയില്ല.

പൈപ്പ് ഒന്നിന് 3000 രൂപ വീതം 30,000 രൂപ വേണമെന്നും ഇല്ലെങ്കിൽ ഇറക്കാനാകില്ലെന്നും അവർ പറഞ്ഞതായി കരാറെടുത്ത കമ്പനിയുടെ പ്രതിനിധി പറയുന്നു. ഒടുവിൽ പൈപ്പ് ഒന്നിന് 2500 രൂപ വച്ച് കൊടുക്കാമെന്ന് കരാറുകാരുടെ പ്രതിനിധി പറഞ്ഞെങ്കിലും 3000 രൂപ കിട്ടാതെ പിന്മാറില്ല എന്ന നിലപാടിൽ തൊഴിലാളികൾ ഉറച്ചുനിന്നു. ഇതോടെ പൈപ്പ് ഇറക്കൽ പ്രതിസന്ധിയിലായി. സൈറ്റിൽ എത്തി ഏഴു മണിക്കൂറിനുള്ളിൽ മടക്കി അയക്കേണ്ട ലോറിയുടെ വാടക ഇനത്തിലും തുക നഷ്ടമാകുന്ന സാഹചര്യമാണെന്നു കരാറുകാരന്റെ പ്രതിനിധിയും സൈറ്റ് എൻജിനീയറുമായ ഷെറിൻ പറഞ്ഞു. നാമക്കലിൽ നിന്നും പൈപ്പുകൾ കോട്ടൂരിലെത്തിക്കുന്നതിനേക്കാളും കൂടുതൽ തുകയാണ് നോക്കുകൂലിയായി ആവശ്യപ്പെട്ടതെന്നും, അടുത്ത ദിവസം ലേബർ ഓഫീസിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ വിഷയം ശ്രദ്ധയിൽ വന്നിട്ടില്ലെന്ന് സിഐ.ടി.യു. കുറ്റിച്ചൽ മേഖലാ സെക്രട്ടറി എം.അഭിലാഷും, ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് സുധീറും പറഞ്ഞു. പ്രദേശത്ത് സിഐ.ടി.യു., ഐ.എൻ.ടി.യു.സി. യൂണിയനുകൾ മാത്രമല്ല ബി.എം.എസും, യു.ടി.യു.സി.യും, എസ്.ടി.യു. വും ഉണ്ട്. ആരാണ് പ്രശ്നക്കാരെന്നു അറിയില്ലെന്നും ആരും ഇതുമായി ബന്ധപ്പെട്ടിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP