Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബില്ലടച്ചില്ലെങ്കിൽ സെക്രട്ടറിയേറ്റിലും സിങ്കം ഇഫക്ട് ! കുടിശിക വരുത്തിയതിന് സെക്രട്ടറിയേറ്റിനുള്ളിലെ ഒരു കെട്ടിടത്തിലെ ഫീസ് വൈദ്യുത ബോർഡ് ഊരി

ബില്ലടച്ചില്ലെങ്കിൽ സെക്രട്ടറിയേറ്റിലും സിങ്കം ഇഫക്ട് ! കുടിശിക വരുത്തിയതിന് സെക്രട്ടറിയേറ്റിനുള്ളിലെ ഒരു കെട്ടിടത്തിലെ ഫീസ് വൈദ്യുത ബോർഡ് ഊരി

തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ കാര്യങ്ങൾ നോക്കാൻ സിംങ്കമുണ്ട്. അതുകൊണ്ട് ഒരു ദിവസം വൈകിയപ്പോൾ ഇന്നസെന്റ് എംപിയുടെ ഓഫീസിലെ ഫീസൂരി. വൈദ്യുത മോഷണങ്ങളും കാര്യക്ഷമമായി പിടിക്കുന്നു. ബില്ലടയ്ക്കാതെ വൈദ്യുതി ഉപയോഗിക്കുന്നതും മോഷണ പരിധിയിൽ വരുമെന്നാണ് നിർദ്ദേശം. അതുകൊണ്ട് തന്നെ ബില്ലടച്ചില്ലെങ്കിൽ എത്ര ഉന്നതനായാലും ഫീസൂരും.

സെക്രട്ടറിയേറ്റ് എന്നാൽ സർക്കാർ തന്നെയാണ്. സംസ്ഥാന ഭരണം നടക്കുന്നത് അവിടെയാണ്. മുഴുവൻ സമയം വൈദ്യുതി നൽകേണ്ട സ്ഥലം. ഭരണ സിരാകേന്ദ്രം ഇരുട്ടിലായാൽ വെളിച്ചം പോകുന്നത് സാധാരണക്കാർക്കാണ്. ഇതെല്ലാം വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥർക്കും അറിയാം. പക്ഷേ ബില്ലടച്ചില്ലെങ്കിൽ കാര്യമില്ല. സെക്രട്ടറിയേറ്റിലെ ഫീസും ഊരും. ഇതാണ് സിങ്കം ഇഫക്ട്.

സെക്രട്ടറിയേറ്റ് ഡൈനിങ് ഹാൾ ഉൾപ്പെടുന്ന സർക്കാർ കെട്ടിടത്തിന്റെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. വൈദ്യുതി ബില്ല് അടക്കാത്തതിനെത്തുടർന്നാണ് ഭരണസിരാകേന്ദ്രത്തിന്റെ തന്നെ ഫ്യൂസ് കെഎസ്ഇബിക്ക് ഊരേണ്ടിവന്നത്. രാവിലെ പത്ത് നാല്പത്തഞ്ചോടെ കെഎസ്ഇബിയിൽ നിന്നും ജീവനക്കാരെത്തി. ആരോടും ഒന്നും പറയാതെ സെക്രട്ടറിയേറ്റിനോട് ചേർന്ന ഈ കെട്ടിടത്തിന്റെ ഫ്യൂസ് ഊരിക്കൊണ്ടുപോയി. 

ആർക്കും ഒന്നും മനസ്സിലായില്ല. ഇത്രയും അഹങ്കാരം ആർക്കുന്ന് പലരും ചോദിച്ചു. ഒടുവിൽ വൈദ്യുത ബോർഡിലേക്ക് വിളിച്ചു. അപ്പോഴാണ് കാരണം വ്യക്തമായത്. നാല്പതിനായിരത്തോളം രൂപയുടെ കുടിശ്ശികയുണ്ടെന്ന്. സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ വൈദ്യുതി ബില്ല് അടക്കേണ്ട അതേ വകുപ്പ് തന്നെയാണ് ഇതിന്റെയും ബില്ല് അടക്കേണ്ടത്. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സൊസൈറ്റി, ഡൈനിങ് ഹാൾ. സെക്രട്ടറിയേറ്റ് സ്പോർട്സ് അസോസിയേഷൻ ഹാൾ, എടിഎം അടക്കമുള്ള ഈ ബഹുനിലകെട്ടിടത്തിന്റെ പ്രവർത്തനം തന്നെ ഇതോടെ താറുമാറായി.

സെക്രട്ടറിയേറ്റിലെ പാർട് ടൈം ജീവനക്കാർക്ക് വേണ്ടി കേന്ദ്രസർക്കാരിന്റെ പ്രതിനിധികൾ പങ്കെടുത്തുകൊണ്ടുള്ള പരിശീലന ക്ലാസ്സ് നടക്കുമ്പോഴാണ് ഫീസ് ഊരിയത്. വൈദ്യുതി ഇല്ലാത്തതിനാൽ ഇരുട്ടത്ത് ഇരുന്നാണ് എല്ലാവരുടെയും പഠനം. തൊട്ടടുത്ത എടിഎമ്മിലും മറ്റ് ഓഫീസുകളിലും വൈദ്യുതിയില്ല. തപ്പിടഞ്ഞാണ് പ്രവർത്തനം. പക്ഷേ ഇതുകൊണ്ടെങ്കിലും പഠിക്കണമെന്നാണ് വൈദ്യുതി ബോർഡിന്റെ നിലപാട്. ബില്ലടച്ചില്ലെങ്കിൽ അവർ മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിന്റെ ഫീസും ഊരും.

ഋഷിരാജ് സിങ് ഇഫക്ട പിടിപ്പെട്ട ജീവനക്കാരാണ് ഫീസ് ഊരിയതെന്നാണ് സെക്രട്ടറിയേറ്റിലെ അടക്കം പറച്ചിൽ. സെക്രട്ടറിയേറ്റിലെ ചെറിയ ഭാഗത്തിന്റേതാണെങ്കിലും ഇങ്ങനെ ഇവർ തുടങ്ങിയാൽ എങ്ങനെയെന്നാണ് ചോദ്യമുയർത്തുന്നത്. സെക്രട്ടറിയേറ്റിനെ പൊതുജനമധ്യത്തിൽ താറടിക്കാനുള്ള ശ്രമമായും അവർ വിലയിരുത്തുന്നു.

ഋഷിരാജ് സിങ് വൈദ്യുത ബോർഡിന്റെ മുഖ്യ വിജിലൻസ് ഓഫീസറായതുമുതൽ വൈദ്യുത മോഷണത്തിനെതിരായ നടപടിയും സജീവമായി. വലിയ കുടിശിഖ വരുത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും നിർദ്ദേശം പോയിരുന്നു. എന്നാൽ ഇതിന്റെ ഭാഗമായാണോ സെക്രട്ടറിയേറ്റിലെ ഫീസ് ഊരൽ എന്ന് വ്യക്തമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP