Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടെ പിന്നാലെ ഇപ്പോഴും പൊലീസ് വണ്ടി പായുന്നു; തലസ്ഥാനം വിട്ടാൽ എസ്‌ഐമാർക്ക് മന്ത്രിമാരുടെ പിന്നാലെ നടക്കാൻ മാത്രം നേരം; അകമ്പടി പൊലീസ് വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ഗൺമാന്മാർ സമ്മതിക്കുന്നില്ല

മുഖ്യമന്ത്രിയുടെ പിന്നാലെ ഇപ്പോഴും പൊലീസ് വണ്ടി പായുന്നു; തലസ്ഥാനം വിട്ടാൽ എസ്‌ഐമാർക്ക് മന്ത്രിമാരുടെ പിന്നാലെ നടക്കാൻ മാത്രം നേരം; അകമ്പടി പൊലീസ് വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ഗൺമാന്മാർ സമ്മതിക്കുന്നില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റുമുള്ള പൊലീസ് സുരക്ഷയിൽ കുറവു വരുത്താനുള്ള തീരുമാനം നടപ്പാകുന്നില്ലെന്ന് സൂചന. മുഖ്യമന്ത്രിയുടെ പിന്നാലെ ഇപ്പോഴും എസ്‌കോർട്ട് വാഹനം പായുന്നുണ്ട്. മന്ത്രിമാരാണെങ്കിൽ തലസ്ഥാനജില്ല അതിർത്തി കടന്നാൽ അപ്പോൾ തന്നെ ലോക്കൽ പൊലീസിന്റെ പൈലറ്റ് സേവനം ഇപ്പോഴും വിനിയോഗിക്കുന്നു. ഇതോടെ കഴിഞ്ഞ ദിവസം ചേർന്ന സുരക്ഷാ അവലോകന സമിതി യോഗത്തിലെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉയരുകയാണ്.

തിരുവനന്തപുരം വിട്ടാൽ മന്ത്രിമാർക്കൊപ്പമുള്ള ഗൺമാന്മാരാണു മന്ത്രിക്കു വഴികാട്ടിയായി ലോക്കൽ പൊലീസിനെ വിളിക്കുന്നത്. അതിനാൽ സ്ഥിരം ഏർപ്പാടു വേണ്ടെന്നുവച്ചാലും പൊലീസിന്റെ പണി കുറയില്ല. സുരക്ഷാ അവലോകന സമിതി യോഗത്തിലെ നിർദ്ദേശത്തിൽ ഉത്തരവ് പുറത്തിറങ്ങിയില്ല. അതുകൊണ്ട് കൂടിയാണ് മുഖ്യമന്ത്രിക്ക് പിറകെ തലസ്ഥാനത്തും എസ്‌കോർട്ട് വാഹനമുള്ളത്. തലസ്ഥാനത്തുള്ളപ്പോൾ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പൈലറ്റും എസ്‌കോർട്ടും വേണ്ടെന്നാണു മുഖ്യമന്ത്രിയുടെ നിർദ്ദേശം. ജില്ല വിട്ടാലും വലിയ ആഡംബരം വേണ്ടെന്നും വ്യക്തമാക്കി. ഇത് മന്ത്രിമാരുടെ ഗൺമാന്മാർ പാലിക്കുന്നില്ലെന്നതാണ് ഉയരുന്ന ആക്ഷേപം.

എന്നിട്ടും ലോക്കൽ സ്റ്റേഷനുകളിലെ എസ്‌ഐമാർക്കും സിഐമാർക്കുമാണ് മന്ത്രിമാരുടെ പിറകെ നടക്കാനേ നേരമുള്ളൂ. ഏകദേശം 500 പൊലീസുകാരാണ് ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ ചുമതലയിൽ വിവിഐപികൾക്കു സുരക്ഷ നൽകുന്നത്. ഇതിൽ നൂറിലേറെ പേർ കഴിഞ്ഞ ഏഴെട്ടു വർഷമായി രാഷ്ട്രീയക്കാർ അടക്കമുള്ള പ്രമുഖരുടെ സ്ഥിരം ഗൺമാന്മാരാണ്. വ്യക്തികൾ ആവശ്യപ്പെടുന്ന പൊലീസുകാരെ തന്നെ അവരുടെ സുരക്ഷയ്ക്കായി നിയോഗിക്കുന്നതാണ് പതിവ്. അതിനാൽ കുറേ പേർക്ക് പൊലീസ് പണി ചെയ്യാതെ രക്ഷപ്പെടാൻ കഴിയുന്നു. ഇതിന് മാറ്റമുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.

മൂന്നു മാസത്തിലൊരിക്കലാണു വിവിഐപികളുടെ സുരക്ഷ അവലോകനം ചെയ്യുന്നത്. ഏതായാലും കഴിഞ്ഞ സർക്കാരിന്റെ കാലത്തേതുപോലെ മന്ത്രിമാർക്കു മുന്നിലും പിന്നിലുമായി പൊലീസ് ചീറിപ്പായുന്ന കാഴ്ച ഉണ്ടാകില്ലെന്നാണു സൂചന. ഇതുറപ്പാക്കണമെന്ന നിർദ്ദേശം പലവട്ടം മുഖ്യമന്ത്രി നൽകുകയും ചെയ്തു. അതിനാൽ മന്ത്രിമാരുടെ സഹകരണം ഉറപ്പാക്കി തീരുമാനം നടപ്പാക്കാൻ തന്നെയാണ് പൊലീസിന്റേയും തീരുമാനം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു കേന്ദ്ര സർക്കാർ സുരക്ഷ ഉള്ളതിനാൽ സംസ്ഥാന പൊലീസിന്റെ സുരക്ഷ തൽക്കാലം വേണ്ടെന്നും ധാരണയായി. ഉമ്മൻ ചാണ്ടിക്കു മുൻ മുഖ്യമന്ത്രി എന്ന നിലയിൽ നൽകുന്ന സുരക്ഷയിൽ കുറവു വരുത്തും.

ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ അവലോകനസമിതിയാണ് ഈ തീരുമാനമെടുത്തത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ് ഇത്തരം പൈലറ്റുകളെന്ന് തിരിച്ചറിഞ്ഞാണ് തീരുമാനം. തിരുവനന്തപുരത്ത് സഞ്ചരിക്കുമ്പോൾ തന്റെയും മന്ത്രിമാരുടെയും വാഹനങ്ങളിൽ ഗൺമാനല്ലാതെ മറ്റാരും വേണ്ടെന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. ഇതുകൂടി പരിഗണിച്ചാണ് പുതിയ തീരുമാനം. തന്റെ സുരക്ഷ പിൻവലിക്കണമെന്ന് ഉമ്മൻ ചാണ്ടിയും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ വി എസ് അച്യുതാനന്ദന് ലഭിച്ച അത്രയും സുരക്ഷ രമേശ് ചെന്നിത്തലയ്ക്കും നൽകില്ല. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ആറു പൊലീസുകാരെയും പിൻവലിക്കും. എന്നാൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സിഐഎസ്.എഫ്. സുരക്ഷാവലയം വെള്ളാപ്പള്ളിക്കുണ്ടാകും.

വി.ഐ.പികൾക്ക് അകമ്പടി സേവിക്കേണ്ടതിനാൽ പൊലീസ് സ്‌റ്റേഷനുകളിൽ ആവശ്യത്തിനു പൊലീസുകാരില്ലെന്ന വിമർശനം വ്യാപകമായിരുന്നു. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരാകട്ടെ ആവശ്യപ്പെട്ടവർക്കെല്ലാം പത്തും പതിനാറും പൊലീസുകാരെ സുരക്ഷയുടെ പേരിൽ വിട്ടുകൊടുത്തു. ഇങ്ങനെ അഞ്ഞൂറിലധികം പൊലീസുകാരാണ് ഉന്നതരുടെ കാവൽ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ടിരുന്നത്. ഇവരെല്ലാം പൊലീസ് സേനയിലേക്ക് മടങ്ങിയെത്താനാവുകയും ചെയ്യും. ജനങ്ങളെ പേടിക്കുന്ന ജനപ്രതിനിധികളാണു പൊലീസ് അകമ്പടിയോടെ സഞ്ചരിക്കുന്നതെന്നും തനിക്കേർപ്പെടുത്തിയ പൊലീസ് കമാൻഡോ സുരക്ഷ പിൻവലിക്കണമെന്നും പിണറായി വിജയൻ നേരത്തേ ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റയോടു നിർദ്ദേശിച്ചിരുന്നു. െ

പാലീസ് എസ്‌കോർട്ടും ചുവന്ന ബീക്കൺ ലൈറ്റും ശല്യമാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും പറഞ്ഞിരുന്നു. രാവിലെ മുതൽ രാത്രിവരെ പൊലീസുകാർ പിന്തുടരുകയാണെന്നാണ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പറയുന്നത്. മൂത്രമൊഴിക്കാൻ പോലും അനുവദിക്കാത്ത വിധത്തിലാണ് അകമ്പടി. ഗാർഡ് വേറേയും. ഇതെല്ലാം മാറ്റേണ്ട സമയമായി എന്നാണ് മന്ത്രിയുടെ പക്ഷം. പൊലീസിന്റെ അകമ്പടി രാജവാഴ്ചയേക്കാൾ കടുപ്പമാണെന്നാണ് ചന്ദ്രശേഖരൻ പറയുന്നത്. ഇത് പഴഞ്ചൻ രീതിയാണ്, പരിഷ്‌കൃത സമൂഹത്തിന് തീരെ യോജിച്ചതല്ലെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ചട്ടങ്ങളുടെ ഭാഗമാണെന്ന് മന്ത്രിക്ക് അറിയാം. മന്ത്രിക്ക് എന്തിനാണ് ഇത്രയധികം പരിവാരങ്ങൾ എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. പൊലീസ് അകമ്പടി വൻ സാമ്പത്തിക ബാധ്യത സർക്കാരിന് വരുത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമാന നിലപാട് തന്നെയാണ് മറ്റ് മന്ത്രിമാക്കും ഉള്ളത്. മന്ത്രി സുനിൽകുമാർ പൊലീസ് അകമ്പടിയൊന്നും ഇല്ലാതെ കാൽനടയായി പോകുന്നതിന്റെ ചിത്രവും പുറത്ത് വന്നിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയുമായി. ഈ സാഹചര്യത്തിലാണ് സുരക്ഷാ അവലോകന സമിതി തീരുമാനങ്ങളെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP