Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തിനായി ജീവൻ ബലികഴിച്ച വീരപുത്രന്റെ മൃതദേഹം പാലക്കാട്ടെത്തിച്ചു; നിരഞ്ജന്റെ ചേതനയറ്റ ശരീരം ജന്മനാട് അശ്രുപുഷ്പങ്ങളോടെ ഏറ്റുവാങ്ങി; അവസാനമായി ഒരുനോക്കു കാണാൻ ഒഴുകിയെത്തിയതു പതിനായിരങ്ങൾ; സംസ്‌കാരം നാളെ

രാജ്യത്തിനായി ജീവൻ ബലികഴിച്ച വീരപുത്രന്റെ മൃതദേഹം പാലക്കാട്ടെത്തിച്ചു; നിരഞ്ജന്റെ ചേതനയറ്റ ശരീരം ജന്മനാട് അശ്രുപുഷ്പങ്ങളോടെ ഏറ്റുവാങ്ങി; അവസാനമായി ഒരുനോക്കു കാണാൻ ഒഴുകിയെത്തിയതു പതിനായിരങ്ങൾ; സംസ്‌കാരം നാളെ

പാലക്കാട്: രാജ്യത്തിനായി സ്വജീവൻ ബലികഴിച്ച വീരപുത്രനെ ജന്മനാട് കണ്ണീരോടെ സ്വീകരിച്ചു. എൻഎസ്ജി ലഫ്. കേണൽ നിരഞ്ജൻ കുമാറിന്റെ മൃതദേഹം വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറിലാണു ജന്മനാടായ പാലക്കാട്ടെത്തിച്ചത്.

വൈകിട്ട് നാലു മണിയോടെയാണ് ബംഗളൂരുവിൽ നിന്ന് മൃതദേഹം പാലക്കാട് എത്തിച്ചത്. നിരഞ്ജന്റെ ബന്ധുക്കളും കോപ്ടറിൽ ഉണ്ടായിരുന്നു.

ഇന്ന് പുലർച്ചെ 12.30നാണ് പത്താൻകോട്ടിൽ നിന്ന് ബംഗളൂരുവിലെ മിലിട്ടറി കേന്ദ്രത്തിൽ നിരഞ്ജന്റെ മൃതദേഹം എത്തിച്ചത്. മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് ഏറ്റുവാങ്ങിയ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. എംഇജിയിൽ നിന്നു ഡെപ്യൂട്ടേഷനിലാണ് നിരഞ്ജൻ എൻഎസ്ജിയിലേക്കു പോയത്.

ബംഗളൂരുവിലെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിനുവച്ചപ്പോൾ ആയിരക്കണക്കിന് പേരാണ് നിരജ്ഞന് അന്ത്യാഞ്ജലി അർപ്പിക്കാൻ അവിടെയെത്തിയത്. തുടർന്ന് മൃതദേഹം ഹെലികോപ്ടറിൽ പാലക്കാട് വിക്ടോറിയ കോളേജ് ഗ്രൗണ്ടിലെത്തിക്കുകയായിരുന്നു. അവിടെ നിന്ന് റോഡു മാർഗം മണ്ണാർക്കാട്ട് എത്തിച്ചു.

നാളെ രാവിലെ എലമ്പുലാശേരി കെ.എ.യു.പി സ്‌കൂളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് പൂർണ ഔദ്യോഗിക ബഹുമതികളോടെ കളരിക്കൽ തറവാട്ടുവളപ്പിൽ സംസ്‌കരിക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മണ്ണാർക്കാട് എത്തി നിരഞ്ജന് ആദരാഞ്ജലിയർപ്പിക്കും.

പത്താൻകോട്ട് വ്യോമസേന താവളത്തിലെ പരിശോധനയ്ക്കിടെയാണു ഗ്രനേഡ് പൊട്ടി നിരഞ്ജൻ കുമാർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹത്തിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ നീക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഇന്നലെ രാത്രി ഡൽഹിയിലെത്തിച്ച മൃതദേഹം തിങ്കളാഴ്ച പുലർച്ചെയാണ്  ബാംഗ്ലൂരിലെത്തിച്ചത്. അവിടെ നിന്ന് വൈകുന്നേരത്തോടെ എലമ്പുലാശ്ശേരിയിലെത്തിച്ച് കെ.എ.യു.പി.സ്‌കൂളിൽ പൊതുദർശനത്തിനുവച്ച ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ തറവാട്ടുവളപ്പിൽ സംസ്‌കരിക്കാനാണ് തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു.

മണ്ണാർക്കാട് കരിമ്പുഴ പഞ്ചായത്തിലെ എലമ്പുലാശ്ശേരി കളരിക്കൽ തറവാട്ടിലെ അംഗമാണ് മരിച്ച നിരഞ്ജൻ കുമാർ. നിരഞ്ജന്റെ വീരമൃത്യു അറിഞ്ഞ് നിരവധി പേരാണ് കളരിക്കൽ തറവാട്ടിലെത്തിയത്.

ജനിച്ചതും പഠിച്ചതും വളർന്നതുമെല്ലാം ബംഗളൂരുവിലായിട്ടും അവധി ദിനങ്ങളും നാട്ടിലെ ആഘോഷങ്ങൾക്കും നാട്ടിൽ എത്താറുണ്ടായിരുന്നു. പാലക്കാട് മണ്ണാർക്കാട് എളമ്പിലാശ്ശേരി കളരിക്കൽ വീട്ടിൽ ശിവരാജന്റെ മകൻ നിരഞ്ജൻ ജനിച്ചതും വളർന്നതുമെല്ലാം ബെംഗളൂരുവിലാണ്. അച്ഛൻ ശിവരാജൻ ബെംഗളൂരുവിലെ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിലെ ഉദ്യോഗസ്ഥനായിരുന്നു. മല്ലേശ്വരത്തെ ബി.പി. ഇന്ത്യൻ ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കിയശേഷം 2003ൽ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പിൽ അംഗമായി.

പിന്നീട് ഡെപ്യൂട്ടേഷനിൽ എൻ.എസ്. ജി.യിൽ എത്തി. സൈന്യത്തിൽ ചേരണമെന്നത് നിരഞ്ജന്റെ ചെറുപ്പംമുതലുള്ള ആഗ്രഹമായിരുന്നുവെന്ന് ബന്ധുക്കളും അടുപ്പക്കാരും ഓർക്കുന്നു. രണ്ടരവർഷം മുമ്പാണ് പുലാമന്തോൾ സ്വദേശിനി ഡോ. രാധികയെ വിവാഹംചെയ്തത്. കുടുംബത്തോടൊപ്പം ഡൽഹിയിലായിരുന്നു താമസം. രണ്ടുമാസംമുമ്പ് നിരഞ്ജൻ ബെംഗളൂരുവിലെ വീട്ടിലെത്തിയിരുന്നു. ബന്ധുവിന്റെ വിവാഹത്തിനായി അടുത്തമാസം വീണ്ടുമെത്താനിരിക്കുകയായിരുന്നു. അതിനിടെയാണ് മരണ വാർത്ത എത്തുന്നത്.

ഭീകര ആക്രമണത്തെ തുടർന്ന് ഡൽഹിയിൽ നിന്നും പുറപ്പെട്ട എൻ.എസ്.ജി സംഘത്തോടൊപ്പമാണ് ബോംബ് നിർവീര്യമാക്കൽ സംഘത്തിലുൾപ്പെട്ട നിരഞ്ജൻകുമാറും പഠാൻകോട് എത്തിയത്. അത് മരണത്തിലേക്കുള്ള യാത്രയുമായി. സഹസികതയെ എന്നും ഇഷ്ടപ്പെട്ടിരുന്ന നിരഞ്ജൻ നാഷണൽ സെക്യൂരിറ്റി ഗാർഡിലെ ബോംബ് നിർവ്വീര്യമാക്കൽ സംഘത്തിലേക്ക് ചേക്കേറുകയായിരുന്നു. നിരഞ്ജൻ യൂണിറ്റിന്റെ തലവനായിരുന്നു. ഈ യുണിറ്റിനെയാണ് പഠാൻകോട്ടിലേക്ക് നിയോഗിച്ചത്.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അപകടത്തെ കുറിച്ചുള്ള വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. അച്ഛന്റെ അമ്മ പത്മാവതിയും, പിതൃസഹോദരൻ ഹരികൃഷ്ണനുമാണ് തറവാട് വീടിനടുത്തുള്ള പുതിയ വീടായ കൃഷ്ണാർപ്പണത്തിലെ താമസക്കാർ. കഴിഞ്ഞ പത്തുവർഷമായി തറവാട് വീട്ടിൽ ആരും താമസമില്ല. കഴിഞ്ഞ ഓണത്തിന് നിരഞ്ജൻ ഡൽഹിയിൽ നിന്നും ഭാര്യ ഡോ: രാധികക്കും, മകൾ വിസ്മയക്കും ഒപ്പം നാട്ടിലെത്തിയിരുന്നു.

ബംഗളൂരുവിൽ പോയി മാതാപിതാക്കളെ കണ്ടതിനുശേഷം മുകാംബിക ക്ഷേത്ര ദർശനവും കഴിഞ്ഞ് പുലാമന്തോൾ പാലൂരിലെ ഭാര്യ വീട്ടിലും പോയി നാട്ടിലെത്തി ബന്ധുക്കളെയും സന്ദർശിച്ചാണ് മടങ്ങിയത്. അമ്മ രാജേശ്വരി നിരഞ്ജന്റെ മൂന്നാം വയസ്സിൽ തന്നെ മരണപ്പെട്ടു. പിന്നീട് രണ്ടാനമ്മ രാധയാണ് നിരഞ്ജനെ വളർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP