Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

രാത്രി നടത്തം വൻ വിജയം: ഇനി അറിയിക്കാതെയും നടക്കും; അഭിനന്ദനം അറിയിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചർ; ഏറ്റവും കൂടുതൽ നടന്നത് തൃശൂരും രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും; ശല്യപ്പെടുത്തിയ 2 പേരെ സ്ത്രീകൾ തന്നെ പൊക്കി; അടുത്ത ഘട്ടത്തിൽ കർശന നടപടിയിലേക്ക്

രാത്രി നടത്തം വൻ വിജയം: ഇനി അറിയിക്കാതെയും നടക്കും; അഭിനന്ദനം അറിയിച്ച് മന്ത്രി കെ.കെ. ശൈലജ ടീച്ചർ; ഏറ്റവും കൂടുതൽ നടന്നത് തൃശൂരും രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവും; ശല്യപ്പെടുത്തിയ 2 പേരെ സ്ത്രീകൾ തന്നെ പൊക്കി; അടുത്ത ഘട്ടത്തിൽ കർശന നടപടിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 29ന് നിർഭയ ദിനത്തിൽ രാത്രി 11 മുതൽ രാവിലെ 1 മണി വരെ 'പൊതുഇടം എന്റേതും' എന്ന പേരിൽ സംഘടിപ്പിച്ച രാത്രി നടത്തം ജനങ്ങൾ ഏറ്റെടുത്തതോടെ വൻ വിജയമായി. സ്ത്രീകൾ നിർഭയമായി അർദ്ധരാത്രിയിൽ സഞ്ചരിച്ചപ്പോൾ അവർക്ക് എല്ലാവിധ പിന്തുണയുമായി പുരുഷന്മാരും വിവിധ യുവജന സംഘടനകളും സന്നദ്ധ സംഘടനകളും കൂടി രംഗത്തെത്തിയതോടെ രാത്രിയാത്ര കേരളം ഏറ്റെടുത്തതു പോലെയായി. പ്രായഭേദമോ മറ്റൊരു വിവേചനമോ കൂടാതെ എല്ലാ മേഖലയിലുള്ള സ്ത്രീകളും രാത്രി നടത്തത്തിനെത്തിയിരുന്നു. തങ്ങളുടെ വളരെ കാലത്തേയുള്ള മോഹമാണ് ഇതിലൂടെ സാക്ഷാത്ക്കരിച്ചതെന്നാണ് പല സ്ത്രീകളും അഭിപ്രായപ്പെട്ടത്.

രാത്രി നടത്തം വലിയ വിജയമാക്കിയ എല്ലാവരേയും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിനന്ദനം അറിയിച്ചു. രാത്രികാലങ്ങളിൽ പുറത്ത് ഇറങ്ങി നടക്കുന്നതിൽ സ്ത്രീകൾക്കുള്ള മാനസികമായ പ്രയാസങ്ങളും അകാരണമായ പേടിയും മാറ്റിയെടുക്കുക, ശല്യപ്പെടുത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് 'സധൈര്യം മുന്നോട്ട്' എന്ന പരിപാടിയുടെ ഭാഗമായി രാത്രി നടത്തം കാമ്പയിൻ സംഘടിപ്പിച്ചത്. ഈ രണ്ട് ലക്ഷ്യങ്ങളും വിജയിക്കുന്ന സൂചനകളാണ് ജനങ്ങളുടെ പ്രതികരണത്തിൽ നിന്നും മനസിലാക്കുന്നത്. അതിനാൽ തന്നെ ഈ കാമ്പയിൻ തുടരുന്നതാണ്. ആഴ്ച തോറും രാത്രി നടത്തം സംഘടിപ്പിക്കും. ഇനി അറിയിക്കാതെയും രാത്രിനടത്തം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് വൻ വിജയമാക്കിയ മാധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവർക്ക് നന്ദി പറയുന്നതായും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 8,000ത്തോളം സ്ത്രീകളാണ് കഴിഞ്ഞ ദിവസം നടന്ന രാത്രി നടത്തത്തിൽ പങ്കെടുത്തത്. 250 ഓളം സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. തൃശൂരിലാണ് ഏറ്റവും അധികം പേർ നടന്നത്. 47 സ്ഥലങ്ങളിലായി 1020 സ്ത്രീകളാണ് തൃശൂരിൽ നടന്നത്. തിരുവനന്തപുരത്ത് 22 സ്ഥലങ്ങളിലായി 946, എറണാകുളത്ത് 27 സ്ഥലങ്ങളിലായി 856, കോട്ടയത്ത് 29 സ്ഥലങ്ങളിലായി 705, കാസർഗോഡ് 9 സ്ഥലങ്ങളിലായി 655, ആലപ്പുഴയിൽ 23 സ്ഥലങ്ങളിലായി 576, കണ്ണൂരിൽ 15 സ്ഥലങ്ങളിലായി 512 എന്നിങ്ങനെയാണ് സ്ത്രീകൾ രാത്രി നടന്നത്. ബാക്കി ജില്ലകളിൽ 500ന് താഴെയാണ് സ്ത്രീകളുടെ പങ്കാളിത്തമുണ്ടായത്.

പൊലീസിന്റേയും ഷാഡോ പൊലീസിന്റേയും മറ്റ് വകുപ്പുകകളുടേയും വനിതാ സംഘടനകളുടേയും വോളന്റിയർമാരുടേയും സഹായത്തോടെയാണ് രാത്രി നടത്തം യാഥാർത്ഥ്യമാക്കിയത്. രാത്രി നടത്തത്തിൽ പങ്കെടുത്ത സ്ത്രീകളെ ശല്യപ്പെടുത്തിയത് 5 പേർ മാത്രമാണ്. അതിൽ തന്നെ കേസെടുക്കേണ്ടി വന്നത് രണ്ടെണ്ണത്തിൽ മാത്രം. കോട്ടയത്ത് മൂന്നും കാസർഗോഡ് രണ്ടും തിരുവനന്തപുരത്ത് ഒന്നും സംഭവങ്ങളാണ് ഉണ്ടായത്. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ അകലം പാലിച്ച് നടന്നു പോയ സ്ത്രീകൾക്ക് നേരെ അശ്ലീല പ്രദർശനം നടത്തിയ ആളെയാണ് പിടികൂടിയത്. കൈയിലുണ്ടായിരുന്ന വിസിൽ ഊതിയതോടെ എല്ലാവരും ഓടിയെത്തി ഇയാളെ പിടികൂടി പൊലീസിലേൽപ്പിച്ചു. കാസർഗോഡ് പുറകേ നടന്ന് ശല്യം ചെയ്തയാളേയും പിടികൂടി പൊലീസിലേൽപ്പിച്ചു. ഈ രണ്ട് സംഭവത്തിലുമാണ് കേസെടുത്തത്. കാസർഗോഡ് ഒരാൾ കാറിൽ ചേസ് ചെയ്യുകയും കോട്ടയത്ത് ശല്യപ്പെടുത്താനുള്ള ശ്രമവുമാണ് നടന്നത്.

മാർച്ച് 8 വരെ തുടർച്ചയായി രാത്രി നടത്തം ഉണ്ടായിരിക്കുന്നതാണ്. അടുത്തഘട്ടത്തിൽ ഇപ്രകാരം സ്ത്രീകളെ ശല്യപ്പെടുത്തുന്നവരുടെ പേരുവിവരങ്ങൾ ഫോട്ടോ സഹിതം പുറത്ത് വിടുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP