കോഴിക്കോട്: സ്ത്രീകള്‍ക്കു മുന്‍പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ആളെ നടക്കാവ് പോലീസ് അറസ്റ്റുചെയ്തു. വെള്ളയില്‍ സ്വദേശിയായ ചെക്രായിന്‍വളപ്പ് എംവി ഹൗസില്‍ ഷറഫുദ്ദീനെ (55) ആണ് നടക്കാവ് പോലീസ് അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ ആറാം തിയതി രാത്രി ഒന്‍പതുമണിയോടെ ബാലന്‍ കെ. നായര്‍ റോഡിലെ റസ്റ്ററന്റിന് മുന്നിലാണ് സംഭവം.

ഭക്ഷണം പാഴ്‌സല്‍ വാങ്ങാനെത്തിയ യുവതികള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കാറില്‍ കാത്തിരിക്കുമ്പോഴാണ് ഇയാള്‍ യുവതികള്‍ക്കുമുന്‍പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. യുവതി നടക്കാവ് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ലേഡീസ് ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള മറ്റു സ്ഥലങ്ങളിലും സ്ത്രീകള്‍ക്കുമുന്‍പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയതായി കണ്ടെത്തി.

നടക്കാവ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ലീലാ വേലായുധന്‍, സീനിയര്‍ സിപിഒ മഹേശ്വരന്‍, സിപിഒ ധനീഷ്, നസീഹുദ്ദീന്‍, ജിഷാദ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.