പനമരം: മീശവടിക്കാതിരുന്നതിന്റെ പേരില്‍ പ്ലസ്വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ കൂട്ടംചേര്‍ന്ന് മര്‍ദിച്ചതായി പരാതി. നടുവിനും പിന്‍കഴുത്തിലും കൈകാലുകള്‍ക്കും പരിക്കേറ്റ ഷയാസിനെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണിയാമ്പറ്റ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ വൈത്തിരി പുതുശ്ശേരിവീട്ടില്‍ ഷയാസ് (16) ആണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനിരയായത്.

നാലുദിവസം മുന്‍പ്് സയന്‍സ് ക്ലാസില്‍ പ്രവേശനം നേടിയ ഷയാസിനോട് ആദ്യദിനം തന്നെ താടിയും മീശയും വടിക്കാന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. പിറ്റേന്ന് താടിവടിച്ച് ക്ലാസിലെത്തിയ ഷയാസിനെ മീശവടിക്കാത്തതിനാല്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ കൂട്ടംചേര്‍ന്ന് ചോദ്യംചെയ്യുകയും മീശവടിച്ച് വന്നാല്‍മതിയെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു.

ബുധനാഴ്ച സ്‌കൂളില്‍വെച്ച് ഷര്‍ട്ടിന്റെ ബട്ടണ്‍ അഴിച്ചിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനുസരിച്ചു. പിന്നീട് കോമ്പൗണ്ടിനുപുറത്തുവെച്ച് ബട്ടന്‍സ് അഴിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഷയാസ് നിരസിച്ചു. ഇതും മര്‍ദനത്തിന് കാരണമായി.

സംഭവത്തില്‍ പരാതിയുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഷയാസിന്റെ മാതാവ് സഫീല പറഞ്ഞു. കമ്പളക്കാട് പോലീസ് വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി.