Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202424Monday

പകർച്ചവ്യാധി പ്രതിരോധം: ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് ലെവൽ ആർ.ആർ.ടി. നിലവിൽ വന്നു; സ്റ്റേറ്റ് ലെവൽ കൺട്രോൾ റൂം ആരംഭിക്കും

പകർച്ചവ്യാധി പ്രതിരോധം: ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് ലെവൽ ആർ.ആർ.ടി. നിലവിൽ വന്നു; സ്റ്റേറ്റ് ലെവൽ കൺട്രോൾ റൂം ആരംഭിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ ശക്തമായ സാഹചര്യത്തിലും മൺസൂൺ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിക്കും. കടുത്ത വേനലിൽ നിന്നും മഴയിലേക്ക് കാലാവസ്ഥാ വ്യതിയാനം ഉണ്ടായതിനാൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണം. ആശുപത്രികൾ അണുബാധാ നിയന്ത്രണ പ്രോട്ടോകോളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണം. ആശുപത്രികളിലെ അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണം. പ്രധാന ആശുപത്രികളിൽ ഫീവർ ക്ലിനിക് ഉറപ്പാക്കണം. ഐഎംഎ, ഐഎപി മുതലായ സംഘടനകളുടെ പിന്തുണ ഉറപ്പാക്കും. ആർആർടി നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സംസ്ഥാനതല ആർആർടി യോഗം ചേർന്ന് പൊതുസ്ഥിതി അവലോകനം ചെയ്തു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ), ജലജന്യ രോഗങ്ങൾ എന്നിവ വളരെയേറെ ശ്രദ്ധിക്കണം. വേനൽക്കാലം കഴിഞ്ഞെങ്കിലും ഇനിയും മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത വേണം. മഞ്ഞപ്പിത്തത്തിനെതിരെ ഫീൽഡ് തല പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ട്. ഇത്തരം രോഗങ്ങൾക്കെതിരായ അവബോധം വളരെ പ്രധാനമാണ്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. കുടിക്കുന്ന വെള്ളം ശുദ്ധജലമല്ലെങ്കിൽ മഞ്ഞപ്പിത്തം വരാം. അതിനാൽ എല്ലാ കുടിവെള്ള സ്രോതസുകളും സൂപ്പർ ക്ലോറിനേറ്റ് ചെയ്യണം. മഴ ശക്തമായി തുടരുന്നതിനാൽ കിണറുകൾ ഉൾപ്പെടെയുള്ള ജല സ്രോതസുകൾ വീണ്ടും സൂപ്പർ ക്ലോറിനേറ്റ് ചെയ്യണം. തദ്ദേശ സ്വയംഭരണ വകുപ്പും വാട്ടർ അഥോറിറ്റിയും ഇക്കാര്യം വളരെ ശ്രദ്ധിക്കണം.

പൊതുജനാരോഗ്യ നിയമ പ്രകാരം മെഡിക്കൽ ഓഫീസർമാർ കൃത്യമായ ഇടപെടലുകൾ നടത്തണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കണം. ഹോട്ടലുകൾ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ നൽകാവൂ. ജീവനക്കാർ ശുചിത്വം പാലിക്കണം. ശാസ്ത്രീയമായ ചികിത്സ മാത്രമേ തേടാവൂ. ചികിത്സാ പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. ആശുപത്രികൾ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കണം. വൺ ഹെൽത്ത് കമ്മ്യൂണിറ്റി വോളന്റിയർമാരുടെ സേവനം പ്രയോജനപ്പെടുത്തണം.

മഴക്കാലമായതിനാൽ ഡെങ്കിപ്പനിക്കെതിരെയും എലിപ്പനിക്കെതിരെയും ജാഗ്രത പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുമ്പ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും കുടിവെള്ള സ്രോതസുകൾ ശുദ്ധമാണെന്ന് ഉറപ്പാക്കുകയും വേണം. മലിന ജലത്തിലോ മലിനജലം കലർന്ന മഴവെള്ളത്തിലോ ഇറങ്ങിയവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കേണ്ടതാണ്. മണ്ണുമായി ഇടപെട്ടവരിൽ എലിപ്പനി ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ചെടിച്ചട്ടികളിൽ മണ്ണ് ഇട്ടവർ പോലും ഡോക്സിസൈക്ലിൻ കഴിക്കണം. പനിയുള്ളവർ വിശ്രമിക്കണം.

ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ, പ്രായമായവർ എന്നിവ് മാസ്‌ക് ധരിക്കുക. ജലദോഷം, ചുമ എന്നിവ ബാധിച്ചവർ മാസ്‌ക് ധരിക്കണം.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻഎച്ച്എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ഐ.എസ്.എം വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ആർ.ആർ.ടി. ടീം അംഗങ്ങൾ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP