Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഴിഞ്ഞം തുറമുഖം ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു; തുറമുഖം കേരളത്തിന് അനന്തസാധ്യതകൾ തുറക്കുമെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖം ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു; തുറമുഖം കേരളത്തിന് അനന്തസാധ്യതകൾ തുറക്കുമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന പുതിയ ലോഗോ മുഖ്യമന്തി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് അനാവരണം ചെയ്തു. വിഴിഞ്ഞം തുറമുഖം പ്രവർത്തനക്ഷമമാകുമ്പോൾ അന്താരാഷ്ട്ര മാരിടൈം രംഗത്ത് കേരളത്തിന് അനന്തസാധ്യതകൾ തുറക്കപ്പെടുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ഒക്ടോബർ 4 ന് വിഴിഞ്ഞത്ത് കപ്പലടുക്കുമ്പോൾ മനസ്സുതുറന്ന് ആഹ്ലാദിക്കാനുള്ള അവസരം എല്ലാ മലയാളികൾക്കും ലഭിക്കും. പുതിയ ലോഗോ തുറമുഖത്തിന്റെ കീർത്തിമുദ്രയായി തിളങ്ങട്ടെയെന്നും പിണറായി വിജയൻ ആശംസിച്ചു.

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസനത്തിനെ ത്വരിതപ്പെടുത്തുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. നൂറുകണക്കിന് നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം അസംഖ്യം തൊഴിലവസരങ്ങൾ പരോക്ഷമായും സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. പുതിയ തൊഴിലവസരങ്ങളിൽ ഒരു നല്ല ശതമാനം പ്രദേശവാസികൾക്ക് ലഭിക്കും. അവരെ അതിനു സജ്ജരാക്കാൻ പരീശീലന പരിപാടികൾ തുടങ്ങിക്കഴിഞ്ഞു. തുറമുഖത്തോടനുബന്ധിച്ച് നിരവധി അനുബന്ധ വ്യവസായങ്ങൾ ഉയർന്നുവരുമെന്നും മന്ത്രി പറഞ്ഞു. ഇത്തരം വ്യവസായങ്ങളിൽ നിക്ഷേപിക്കാൻ പല പ്രമുഖ വ്യവസായ ഗ്രൂപ്പുകളും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞത്തെ മറ്റു പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന 6200 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന റിങ് റോഡിന് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. ഇതിനോട് അനുബന്ധിച്ച് വ്യവസായ ഇടനാഴി നിർമ്മിക്കാനും പദ്ധതിയുണ്ടെന്നുംഅഹമ്മദ് ദേവർകോവിൽ പറഞ്ഞു.

വിഴിഞ്ഞം പദ്ധതിക്ക് കേരള സർക്കാർ അതീവ പ്രാധാന്യമാണ് നൽകുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പദ്ധതിയുടെ പുരോഗതി മാസം തോറും അവലോകനം ചെയ്യുന്നുണ്ട്. താൻ എല്ലാ ആഴ്ചയും പദ്ധതി അവലോകനം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്ക് ആകെ കണക്കാക്കപ്പെടുന്ന ചെലവായ 7200 കോടി രൂപയിൽ 4200 കോടി രൂപ കേരള സർക്കാരാണ് മുടക്കുന്നത്. വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിൽപ്പെടുത്തി 818 കോടി രൂപ കേന്ദ്ര സർക്കാർ നൽകും. ബാക്കി തുക തുറമുഖം വികസിപ്പിക്കുന്ന അദാനി ഗ്രൂപ്പും വഹിക്കും. കേരളത്തിന്റെയും അതു പോലെ ഇന്ത്യയുടെയും സ്വത്താണ് വിഴിഞ്ഞം തുറമുഖം. തുറമുഖം ഒരു നിശ്ചിത കാലയളവ് പ്രവർത്തിപ്പിക്കാനുള്ള അവകാശം അദാനി ഗ്രൂപ്പിനാണ്. വിഴിഞ്ഞം തുറമുഖം മൂലം രാജ്യത്തിന് 2500 കോടി രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ കഴിയുമെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

സ്വകാര്യ-പൊതുമേഖലാ സംയുക്ത സംരഭങ്ങളായ പി.പി.പി മാതൃക നടപ്പാക്കുമ്പോൾ സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാൻ കേരള സർക്കാർ വളരെ സജീവമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡിന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു കൊണ്ട് ബഹുമാനപ്പെട്ട വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. വിഴിഞ്ഞത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ പല നിക്ഷേപകരും നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ലോജിസ്റ്റിക്സ് മേഖലയിൽ നിക്ഷേപിക്കാൻ മൂന്നോളം ഗ്രൂപ്പുകൾ മുന്നോട്ടു വന്നിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിനായി 22 മുൻഗണനാ മേഖലകൾ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. അതിൽ സ്പേസ്, ഡിഫൻസ്, ഇലക്ട്രോണിക്സ് തുടങ്ങിയവ തിരുവനന്തപുരത്തിന് അനുയോജ്യമാണെന്നും രാജീവ് പറഞ്ഞു.

കമ്പനികളുടെ വളർച്ചയ്ക്ക് ബ്രാൻഡിംഗിന് പ്രധാന പങ്കുണ്ടെന്നും, ലോഗോ ബ്രാൻഡിംഗിന്റെ പ്രധാന ഘടകമാണെന്നും സ്വാഗതമാശംസിച്ച പ്രിൻസിപ്പൽ സെക്രട്ടറി കെ. എസ് ശ്രീനിവാസ് പറഞ്ഞു. വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് എം.ഡി അദീല അബ്ദുള്ള തുറമുഖത്തേക്കുറിച്ചുള്ള പ്രസന്റേഷൻ അവതരിപ്പിച്ചു. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡിയും സിഇഒയുമായ രാജേഷ് ഝാ നന്ദി പ്രകാശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP