Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വാരം പുറത്തീൽ പള്ളി അഴിമതികേസ്: മുസ്ലിം ലീഗ് നേതാവിൽ നിന്ന് ഒന്നര കോടി രൂപ ഈടാക്കണമെന്ന് വഖഫ് ബോർഡ് ഉത്തരവ്; പള്ളി കമ്മിറ്റി മുൻഭാരവാഹിയായ കെ പി താഹിറിന് തിരിച്ചടി

വാരം പുറത്തീൽ പള്ളി അഴിമതികേസ്: മുസ്ലിം ലീഗ് നേതാവിൽ നിന്ന് ഒന്നര കോടി രൂപ ഈടാക്കണമെന്ന് വഖഫ് ബോർഡ് ഉത്തരവ്; പള്ളി കമ്മിറ്റി മുൻഭാരവാഹിയായ കെ പി താഹിറിന് തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വാരം പുറത്തീൽ പള്ളി നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പള്ളി കമ്മിറ്റി മുൻ ഭാരവാഹിയും മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമായ കെ പി താഹിറിന് തിരിച്ചടി. പുറത്തീൽ മിർഖാത്തുൽ ഇസ് ലാം ജമാ അത്ത് പള്ളി കമ്മിറ്റിക്ക് നഷ്ടപ്പെട്ട ഒന്നര കോടിയിലേറെ രൂപ കെ പി താഹിറിൽ നിന്ന് ഈടാക്കാൻ സംസ്ഥാന വഖഫ് ബോർഡ് ഉത്തരവിട്ടു. തുക ഈടാക്കാൻ ആവശ്യമായ റിക്കവറി നടപടികൾ സ്വീകരിക്കാൻ കണ്ണൂർ ഡിവിഷനൽ ഓഫിസറെ ചുമതലപ്പെടുത്തി. ഇതിനു പുറമെ ക്രിമിനൽ കേസ് നടപടികൾ സ്വീകരിക്കാനും സംസ്ഥാന വഖഫ് ബോർഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ ഉത്തരവിട്ടു.

2010-15 കാലയളവിൽ പള്ളിയിൽ ഒരു കോടിയിലേറെ രൂപയുടെ ക്രമക്കേട് നടന്നതായി നേരത്തേ ഓഡിറ്റ് റിപോർട്ടിൽ കണ്ടെത്തിയിരുന്നു. തുടർന്ന്, ഇതിനുശേഷം വന്ന പുതിയ കമ്മിറ്റി ഭാരവാഹിയായ അബ്ദുൽ ഖാദർ ഹാജി തലശ്ശേരി സിജെഎം കോടതിയെ സമീപിച്ചതോടെയാണ് അഴിമതി സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് വഖ്ഫ് ബോർഡ് തയ്യാറായത്.

മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റായ കെ പി താഹിർ പള്ളി കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്ന കാലത്താണ് സാമ്പത്തിക ക്രമക്കേട് നടന്നത്. അക്കാലത്ത് കമ്മിറ്റി പ്രസിഡന്റായിരുന്ന മുഹമ്മദ്കുട്ടി ഹാജി രണ്ടാം പ്രതിയും ഖജാഞ്ചി പി കെ സി ഇബ്രാഹീം മൂന്നാം പ്രതിയുമാണ്.

2015ലെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പള്ളിക്കമ്മിറ്റിയിൽ വൻ ക്രമക്കേട് നടന്നതായി ആരോപണമുയർന്നത്. തുടർന്ന് കമ്മിറ്റി അവതരിപ്പിച്ച കണക്കുകൾ വ്യാജമാണെന്നും വീണ്ടും ഓഡിറ്റ് ചെയ്യണമെന്നും ജനറൽ ബോഡി യോഗം തീരുമാനിച്ചു. വഖ്ഫ് ബോർഡ് നടത്തിയ പ്രാഥമിക പരിശോധനയിൽ 84 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു.

പിന്നീട്, കണ്ണൂരിലെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് നടത്തിയ പരിശോധനയിലും ക്രമക്കേട് സ്ഥിരീകരിച്ചു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി നിർദ്ദേശപ്രകാരം കേസന്വേഷണം ചക്കരക്കൽ പൊലീസ് ഏറ്റെടുക്കുകയും കെ പി താഹറിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.

കണ്ണൂർ ജില്ലാ മുസ് ലിം ലീഗിൽ ഏറെ വിവാദമുയർത്തിയ സംഭവമായിരുന്നു ഇത്. അന്നത്തെ യൂത്ത് ലീഗ് നേതാവായിരുന്ന മൂസാൻകുട്ടി നടുവിൽ കെ പി താഹിറിനെതിരേ പരസ്യപ്രതികരണം നടത്തിയതിനു പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താവുകയും പിന്നീട് സിപിഎമ്മിൽ ചേരുകയും ചെയ്തിരുന്നു. കേസിന്റെ തെളിവിലേക്കായി സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടത് പ്രകാരം സർക്കാർ ഓഡിറ്റ് വകുപ്പിനെ വിശദ ഓഡിറ്റിന് നിയോഗിക്കുകയായിരുന്നു. ഇതിലാണ് ഒരു കോടി ഏഴുലക്ഷത്തിൽപരം രൂപയുടെ ചെലവു കണക്കുകൾ കാണാനില്ലെന്ന് കണ്ടെത്തിയത്.

പുതുതായി നിലവിൽ വന്ന കമ്മിറ്റിയാണ് പ്രശ്‌നം വഖഫ് ബോർഡ് മുമ്പാകെ എത്തിച്ചത്. 2023 ജൂൺ ആറിന് ചേർന്ന സംസ്ഥാന വഖ്ഫ് ബോർഡ് യോഗം റിപോർട്ട് പരിഗണിക്കുകയും ഇക്കാലയളവിൽ ഓഡിറ്റ് വരവിൽ നഷ്ടമായി കാണിച്ച 9247 രൂപയും ഓഡിറ്റിൽ തടസ്സപ്പെടുത്തിയ 1,57,79,500 രൂപയും നഷ്ടത്തിന് ഉത്തരവാദിയായ പുറത്തീൽ എം വി കെ ഹൗസിൽ കെ പി താഹിറിൽ നിന്ന് റിക്കവറി നടത്തണമെന്നും ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും ഉത്തരവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP