Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് മെഡിക്കൽ കോളേജ് പീഡന കേസ്: അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

കോഴിക്കോട് മെഡിക്കൽ കോളേജ് പീഡന കേസ്: അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായി ഐ.സി.യുവിൽ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ, അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് സസ്‌പെൻഡ് ചെയ്യപ്പെട്ട ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കി. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോക്ടർ മല്ലികാ ഗോപിനാഥ് വ്യക്തമാക്കി.

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയത്. ജീവനക്കാരെ തിരിച്ചെടുത്ത നടപടി പരിശോധിക്കാൻ ആരോഗ്യമന്ത്രി ഡിഎംഇക്ക് കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.

സസ്‌പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുത്തതിൽ രാഷ്ട്രീയക്കളിയുണ്ട്. തന്റെ മുന്നിൽ വച്ചാണ് ജീവനക്കാർ ചെയ്ത കുറ്റം പൊലീസിനോട് സമ്മതിച്ചത്. എന്നിട്ടും അവർ കുറ്റം ചെയ്തില്ലെന്ന് പറഞ്ഞ് തിരിച്ചെടുത്തത് രാഷ്ട്രീയ ബന്ധം മൂലമാണ്. ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയല്ല, പുറത്താക്കണമെന്നും അതിജീവിത പറഞ്ഞു.

സ്വാധീനിക്കാൻ ശ്രമിച്ച ജീവനക്കാരെ ജോലിയിൽ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും യുവതി പരാതി നൽകിയിരുന്നു. സംസ്ഥാന സർക്കാർ തന്നെ അപമാനിച്ചെന്നും പ്രതികൾക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും തനിക്ക് നീതി ലഭിക്കണമെന്നും യുവതി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

യുവതിയെ കേസിൽ നിന്ന് പിന്മാറണമെന്ന് നിർബന്ധിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത ജീവനക്കാരെ ജോലിയിൽ തിരിച്ചെടുത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് ഉത്തരവ് ഇറക്കിയത്. സിപിഎം നേതാവിന്റെ ബന്ധു പ്രസീത മനോളി ഉൾപ്പെടെയുള്ള ജീവനക്കാരുടെ മേൽ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാൻ സാധിച്ചില്ലെന്നും, അതിനാൽ സസ്‌പെൻഷൻ കാലയളവ് ഡ്യൂട്ടി സമയമായി പരിഗണിക്കുമെന്നും അറിയിച്ചുകൊണ്ടായിരുന്നു ഉത്തരവ്.

സംഭവത്തിൽ വനിതാ കമ്മീഷൻ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനോട് റിപ്പോർട്ട് തേടിയിരുന്നു. പൊലീസുകാർ പ്രതികളെ സംരക്ഷിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും അതിജീവിത പരാതി നൽകിയത്.

പൊലീസും, ആരോഗ്യവകുപ്പും തന്നെ അപമാനിച്ചുവെന്നും, നീതി ലഭിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് യുവതിയുടെ പരാതി. പ്രതികളായ ജീവനക്കാരെ തിരിച്ചെടുത്തിന് പിന്നിൽ സിപിഎം അനുകൂല സംഘടനയായ എൻജിഒ യൂണിയന്റെ സമ്മർദ്ദമാണെന്നും ആരോപണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP