Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നഗ്നതാ പ്രദർശനം നടത്തിയ വ്യക്തിക്ക് സ്വീകരണം നൽകിയത് അസംബന്ധം; അതിജീവിതകളെ അങ്ങേയറ്റം അപമാനിക്കുന്ന സംഭവമാണിത്; ജാമ്യം അനുവദിക്കുന്നത് കുറ്റവിമുക്തനാക്കുന്നതിന് തുല്യമല്ലെന്നും വനിതാ കമ്മീഷൻ

നഗ്നതാ പ്രദർശനം നടത്തിയ വ്യക്തിക്ക് സ്വീകരണം നൽകിയത് അസംബന്ധം; അതിജീവിതകളെ അങ്ങേയറ്റം അപമാനിക്കുന്ന സംഭവമാണിത്; ജാമ്യം അനുവദിക്കുന്നത് കുറ്റവിമുക്തനാക്കുന്നതിന് തുല്യമല്ലെന്നും വനിതാ കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : കെ എസ് ആർ ടി സി ബസിൽ വെച്ച് നഗ്‌നതാ പ്രദർശനം നടത്തിയതിന് അറസ്റ്റിലായി, ശേഷം കോടതി ജാമ്യം അനുവദിച്ച വ്യക്തിക്ക് ഒരു സംഘടന സ്വീകരണം നൽകിയത് അസംബന്ധമാണെന്ന് വനിതാ കമീഷൻ അധ്യക്ഷ പി. സതീദേവി. സംഭവത്തിലെ മാത്രമല്ല, ഏത് വിഷയത്തിലെയും അതിജീവിതകളെ അങ്ങേയറ്റം അപമാനിക്കുന്ന ഒരു സംഭവമാണിത്.

സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സിനെ കൂട്ടാനാണ് ഇങ്ങനൊരു പരാതി നൽകിയതെന്നാണ് സ്വീകരണം നൽകിയവരുടെ ആരോപണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ റിപ്പോർട്ട് ചെയ്യുന്ന അതിജീവിതകൾ എല്ലാക്കാലത്തും നേരിടുന്ന ഒരു വിഷയമാണ് വിക്റ്റിം ബ്ലെയ്മിങ്. അതിന്റെ മറ്റൊരു വകഭേദമാണ് ഈ ആരോപണവും. ലൈംഗിക പീഡനത്തിന് ഇരയാകുന്നവർ ഏൽക്കേണ്ടി വരുന്ന മാനസിക പീഡനവും മാനസികവ്യഥയും പറഞ്ഞറിയിക്കാനാവാത്ത വിധം പ്രയാസകരമാണ്.

പീഡനസമയത്തേൽക്കേണ്ടി വരുന്ന മാനസിക വ്യഥയെക്കാൾ വലിയ മാനസികാഘാതം ഉണ്ടാക്കാൻ ഇടവരുത്തുന്ന പരാമർശങ്ങളും നിലപാടുകളും ശക്തമായി എതിർക്കപ്പെടേണ്ടതാണ്. അടുത്തകാലത്തായി യാത്രാവേളകളിലും മറ്റും തങ്ങൾ അനുഭവിക്കുന്ന പീഡനങ്ങളെ സംബന്ധിച്ച് തുറന്നു പറയാനും പരാതിപ്പെടാനും സ്ത്രീകൾ മുന്നോട്ടുവരുന്നുണ്ട്. എന്നാൽ തുടർന്നുണ്ടാവുന്ന പ്രശ്‌നങ്ങൾ തരണം ചെയ്യാൻ ആവാത്ത സാഹചര്യമുണ്ടാവുമ്പോൾ പലപ്പോഴും ഇത്തരത്തിലുള്ള പീഡനക്കേസുകളിലെ അതിജീവിതകൾ പരാതിപ്പെടാൻ പോലും തയാറാവാത്ത മാനസികാവസ്ഥയിൽ എത്തും. അതുണ്ടാവാൻ പാടില്ല.

സ്ത്രീകളെ തങ്ങളുടെ ലൈംഗിക ആസ്വാദനത്തിനുള്ള ഉപകരണങ്ങൾ ആയിട്ട് കാണുന്ന മനോനിലക്ക് മാറ്റം ഉണ്ടാക്കിയെടുക്കാൻ കഴിയണമെങ്കിൽ ഒരു സ്ത്രീ സൗഹൃദ അന്തരീക്ഷം പുലരുന്ന നാടായി നമ്മുടെ നാടിനെ മാറ്റിയെടുക്കേണ്ടതുണ്ട്. തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും യാത്രാവേളകളിലും എല്ലാം സ്ത്രീക്ക് സുരക്ഷിതത്വം ലഭ്യമാക്കി കൊടുക്കാനുള്ള നിയമങ്ങൾ ശക്തമാണെങ്കിലും നിയമങ്ങളുടെ പ്രയോജനം സ്ത്രീകൾക്ക് ലഭ്യമാകുന്നില്ല എന്നുള്ളത് പലപ്പോഴും പൊതുസമൂഹത്തിന്റെ വീക്ഷണഗതി സ്ത്രീവിരുദ്ധമാണ് എന്നുള്ളതുകൊണ്ടാണ്.

അതുകൊണ്ട് സ്ത്രീകൾക്ക് അന്തസോടെ, ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ പൊതുസമൂഹത്തിന്റെ ജാഗ്രത അനിവാര്യമാണ്. ലിംഗനീതി എന്നത് ഒന്നിച്ചുള്ള മുന്നേറ്റത്തിലൂടെ മാത്രമേ നമുക്ക് കൈവരിക്കാൻ സാധിക്കുകയുള്ളൂ. കോടതി ജാമ്യം അനുവദിക്കുന്നത് കുറ്റവിമുക്തനാക്കുന്നതിന് തുല്യമല്ല. സാങ്കേതികവും അല്ലാത്തതുമായ പല കാരണങ്ങളാൽ ജാമ്യം ലഭിക്കാം, ലഭിക്കാതിരിക്കാം. അത് പക്ഷേ, അതിജീവിതകളെ അപമാനിക്കുന്നതിനുള്ള ലൈസൻസല്ലെന്നും കമീഷൻ അധ്യക്ഷ അറിയിച്ചു.\

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP