Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202421Sunday

ട്രോളിങ് നിരോധനം: ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ജൂൺ പത്ത് മുതൽ തുടങ്ങുന്ന ഇക്കൊല്ലത്തെ മൺസൂൺ കാല ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രോളിങ് സംബന്ധിച്ച നടപടികൾ ഏകോപിപ്പിക്കുന്നതിന് വിഴിഞ്ഞം തുറമുഖത്ത് സബ് കളക്ടർ അശ്വതി ശ്രീനിവാസിനെയും മുതലപ്പൊഴിയിൽ എ.ഡി.എം ജെ. അനിൽ ജോസിനെയും നോഡൽ ഓഫീസർമാരായി നിയമിച്ചതായും കളക്ടർ പറഞ്ഞു. ജൂലായ് 31 അർദ്ധരാത്രിവരെ 52 ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തുന്നത്.

ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്കാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു. ട്രോളിങ് നിരോധനം മറികടന്ന് അനധികൃത മത്സ്യബന്ധനം നടത്താൻ അനുവദിക്കില്ല. തീരപ്രദേശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെയുള്ള തെരുവുവിളക്ക് സംവിധാനങ്ങൾ പ്രവർത്തനക്ഷമമാക്കും. ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുമ്പായി തീരപ്രദേശത്തെ ശുചീകരണവും പൂർത്തിയാക്കും. രാത്രിയിലെത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക ബസ് സർവീസ് ആരംഭിക്കും. ട്രോളിങ് കാലയളവിൽ പ്രാദേശിക മോണിറ്ററിങ് കമ്മിറ്റികൾ രൂപീകരിച്ച് കൃത്യമായ ഇടവേളകളിൽ യോഗം ചേരും. ഹാർബറുകളിലും പരിസരത്തുമുള്ള ലഹരി ഉപയോഗം കർശനമായി ഒഴിവാക്കുന്നതിന് നിരീക്ഷണം ശക്തമാക്കാനും കളക്ടർ നിർദ്ദേശം നൽകി. സുരക്ഷക്കായി മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. കൂടാതെ കൺട്രോൾ റൂമുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനും പൊലീസ് പട്രോളിങ് ശക്തിപെടുത്താനും കളക്ടർ നിർദ്ദേശിച്ചു. ഇതിന് പുറമെ കോസ്റ്റ് ഗാർഡിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും പ്രത്യേക നിരീക്ഷണവുമുണ്ടാകും.

വിഴിഞ്ഞം, മുതലപ്പൊഴി മത്സ്യബന്ധന തുറമുഖങ്ങളില പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ രക്ഷാ ദൗത്യത്തിനായി സജ്ജമാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പർ തുടങ്ങണമെന്നും കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തീരപ്രദേശങ്ങളിൽ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താനും യോഗത്തിൽ തീരുമാനമായി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തിരുവനന്തപുരം കോർപറേഷൻ കൗൺസിലർമാരായ ജെ. പനിഅടിമ, എം. നിസാമുദ്ദീൻ, എ.ഡി.എം ജെ.അനിൽ ജോസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഷീജാ മേരി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP