Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കണ്ണൂർ കോർപറേഷനിൽ മാലിന്യ തർക്കം പുകയുന്നു; ട്രഞ്ചിങ് ഗ്രൗണ്ട് തീപിടിത്തത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എം.വി ജയരാജൻ; തീപിടിത്തത്തിന്റെ പൂർണ ഉത്തരവാദിത്വം മേയർക്കെന്ന് പഴിചാരൽ

കണ്ണൂർ കോർപറേഷനിൽ മാലിന്യ തർക്കം പുകയുന്നു; ട്രഞ്ചിങ് ഗ്രൗണ്ട് തീപിടിത്തത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എം.വി ജയരാജൻ; തീപിടിത്തത്തിന്റെ പൂർണ ഉത്തരവാദിത്വം മേയർക്കെന്ന് പഴിചാരൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ കോർപറേഷൻ പരിധിയിലെ ചേലോറി ട്രഞ്ചിങ് ഗ്രൗണ്ടിലെ തീപിടിത്തത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സി.പി. എംകണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹംട്രഞ്ചിങ് ഗ്രൗണ്ടിലുണ്ടായ തീപിടിത്തത്തിന്റെ പൂർണ ഉത്തരവാദിത്വം കണ്ണൂർ കോർപറേഷനാണെന്നും അദ്ദേഹം വ്യക്തമാക്കി. ജയരാജന്റെ പ്രസ്താവനയോടെ കണ്ണൂർ കോർപറേഷൻ പരിധിയിൽ ഏച്ചൂരിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് തീപിടിച്ച സംഭവം രാഷ്ട്രീയ വിവാദത്തിലേക്ക് വഴിതുറന്നിരിക്കുകയാണ്.

ട്രഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യത്തിന് തീപിടിച്ചതിന് പിന്നിൽ അട്ടിമറി സംശയിച്ച് കോർപറേഷൻ ക്ളീൻ സിറ്റി മാനേജർ ചക്കരക്കൽ പൊലിസിൽ പരാതി നൽകിയിരുന്നു. തീപ്പിടിത്തത്തിന് കാരണം കണ്ടെത്താൻ ഫോറൻസിക് പരിശോധന നടത്തണമെന്ന് ചക്കരക്കൽ പൊലിസ് ഇൻസ്പെക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി മേയർ ടി.ഒ.മോഹനൻ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. കൃത്യമായി നനക്കുകയും സൂക്ഷിക്കുകയും ചെയ്ത മാലിന്യ കൂമ്പാരത്തിന് സ്വയമേവ തീ പിടിക്കാൻ സാധ്യതയില്ലെന്നാണ് മേയർ പറയുന്നത്.

ഇതിനിടെചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ സ്ഥിതി രൂക്ഷമാക്കിയത് കോർപറേഷന്റെ കടുത്ത അനാസ്ഥയെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തു വന്നു.നിരവധി തവണ മുന്നറിയിപ്പ് ലഭിച്ചിട്ടും അവഗണിച്ചതാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യക്കൂമ്പാരത്തിന് തീപിടിക്കുന്നതിലേക്ക് നയിച്ചതെന്നാണ് എൽ.ഡി.എഫ് അംഗങ്ങൾ ആരോപിക്കുന്നത്. പ്രശ്‌നപരിഹാരത്തിനുള്ള നടപടി സ്വീകരിക്കാത്ത മേയർ ദുരന്തമുണ്ടായതോടെ അട്ടിമറി സംശയമെന്ന രാഷ്ട്രീയക്കളി നടത്തുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു.

ചേലോറ മാലിന്യസംസ്‌കരണകേന്ദ്രത്തിൽ ഞായർ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചതോടെ ആറ് സ്റ്റേഷനുകളിൽനിന്നായി പന്ത്രണ്ട് യൂണിറ്റുകൾ എട്ടുമണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്. ബയോമൈനിങ് യന്ത്രം ഉപയോഗിച്ച് മാലിന്യം വേർതിരിക്കുന്ന സ്ഥലത്തിനുസമീപത്താണ് തീപിടിത്തമുണ്ടായത്. വലിയ മരങ്ങളും കത്തിനശിച്ചു. പതിറ്റാണ്ടുകളായി മാലിന്യം തള്ളുന്ന ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിൽ വൻ മാലിന്യമലയാണുള്ളത്.

മാലിന്യം വേർതിരിച്ച് സംസ്‌കരിക്കാനുള്ള പ്രവർത്തനം നടക്കുന്നുണ്ട്. എന്നാൽ കരാറെടുത്ത കമ്പനികൾ തമ്മിലുള്ള പ്രശ്‌നം കാരണം വേർതിരിക്കൽ എങ്ങുമെത്തിയിട്ടില്ല. മാലിന്യങ്ങളിൽനിന്ന് വേർതിരിച്ച പ്ലാസ്റ്റിക് ഒരു ലോഡുപോലും ഇവിടെനിന്ന് നീക്കിയിട്ടുമില്ല. 1,25,000 ക്യൂബിക് മീറ്റർ മാലിന്യമാണ് ഇവിടെ സംസ്‌കരിക്കാനുള്ളത്. ബ്രഹ്‌മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്‌കരണപ്രവൃത്തി വേഗത്തിലാക്കാൻ ആവശ്യമുയർന്നെങ്കിലും കോർപറേഷൻ ഒരു നടപടിയും സ്വീകരിച്ചില്ല.

ചേലോറയിലെ സ്ഥിതി ഭീതിജനകമാണെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ എല്ലാത്തരം മാലിന്യങ്ങളും ഇപ്പോൾ തള്ളിയിടത്തുനിന്ന് മാറ്റിയിടാൻ തദ്ദേശഭരണവകുപ്പ് കോർപറേഷന് കത്ത് നൽകിയിരുന്നു. നിലവിൽ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നിലവിലുള്ള മാലിന്യംതള്ളൽ കേന്ദ്രത്തിന് സമീപത്താണ് സംഭരിക്കുന്നത്. ഇതടക്കം ഇവിടെനിന്ന് മാറ്റണമെന്ന് നിർദ്ദേശിച്ചിരുന്നു. കോർപറേഷൻ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് തദ്ദേശഭരണ വകുപ്പ് ഒന്നിലേറെ തവണ കത്തു നൽകിയതായും ഇത് കോർപറേഷൻ ഭരണ സമിതി അവഗണിക്കുകയായിരുന്നുവെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം.

കഴിഞ്ഞ മാസം ട്രഞ്ചിങ്ങ് ഗ്രൗണ്ട് സന്ദർശിച്ച എൽഡിഎഫ് കൗൺസിലർമാരും മാലിന്യ സംസ്‌കരണം എത്രയും പെട്ടെന്ന് പൂർത്തീകരിക്കുന്നതിനുള്ള ഇടപെടൽ നടത്തണമെന്ന് മേയറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാം കൃത്യമായി നടക്കുന്നുവെന്നും കരാർ തുക വൻതോതിൽ കുറയ്ക്കാനായെന്നുമുള്ള അവകാശവാദമായിരുന്നു മേയറുടേത്.

ജില്ലയിലെ ഏറ്റവും വലിയ മാലിന്യസംസ്‌കരണകേന്ദ്രമായ ചേലോറയിൽ സ്ഥിരമായ അഗ്നിരക്ഷാ സംവിധാനങ്ങളൊരുക്കണമെന്ന് അഗ്നിരക്ഷാസേനയും നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ജലസംഭരണി, മോട്ടോർ, വാട്ടർ പോയിന്റുകൾ എന്നിവ സ്ഥാപിക്കാനും നിർദ്ദേശമുണ്ടായി. എന്നാൽ ഇതും കോർപറേഷൻ അവഗണിച്ചു. ട്രഞ്ചിങ് ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് നിർമ്മിച്ച പാർക്കിൽ കഴിഞ്ഞ മാസം തീപിടിത്തമുണ്ടായിരുന്നു. പാർക്കിൽ വച്ചുപിടിപ്പിച്ച പുൽമൈതാനമാകെ അന്നു കത്തിനശിച്ചു.

അതിനുശേഷമാണ് മാലിന്യനിക്ഷേപകേന്ദ്രത്തിലും തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായതെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. വരും ദിവസങ്ങളിൽ കണ്ണൂർ കോർപറേഷനിലെ സംസ്‌കരണ കേന്ദ്രത്തിൽ മാലിന്യം കത്തിയതുമായി ബന്ധപ്പെട്ട് വൻ രാഷ്ട്രീയ വിവാദങ്ങൾ വരുംദിനങ്ങളിൽ ചൂടുപിടിച്ചേക്കാൻ സാധ്യതയേറിയിട്ടുണ്ട്. ബ്രഹ്‌മപുരം മാലിന്യസംസ്‌കരണത്തിൽ ഗുരുതരമായ വിഴ്‌ച്ചകൾ വരുത്തിയ സോൻഡയെന്ന കരാർ കമ്പനിയെ കണ്ണൂർ കോർപറേഷൻ അവസാനനിമിഷം ഒഴിവാക്കിയിരുന്നു. ഇതിനെതിരെ മേയർക്കെതിരെ വ്യാപകമായ വിമർശനം പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എരിതീയിൽ എണ്ണയൊഴിക്കാനെന്ന പോലെ സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജന്റെ പ്രസ്താവനയും രംഗത്തുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP