Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202402Saturday

മുഖ്യമന്ത്രിയുടെ ധിക്കാരത്തിന് മുന്നിൽ തലകുനിക്കില്ല; നടുത്തളത്തിലെ സത്യഗ്രഹം ആദ്യമെന്ന മന്ത്രിമാരുടെ വാദം തെറ്റ്; ആദ്യം ഇരുന്നത് ഇഎംഎസെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടെ ധിക്കാരത്തിന് മുന്നിൽ തലകുനിക്കില്ല; നടുത്തളത്തിലെ സത്യഗ്രഹം ആദ്യമെന്ന മന്ത്രിമാരുടെ വാദം തെറ്റ്; ആദ്യം ഇരുന്നത് ഇഎംഎസെന്ന് പ്രതിപക്ഷ നേതാവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പ്രതിപക്ഷവുമായി ഒരു ചർച്ചയ്ക്കുമില്ലെന്ന സർക്കാരിന്റെ ധിക്കാരപരമായ നിലപാടാണ് നിയമസഭാ നടപടികൾ ഗില്ലറ്റിൻ ചെയ്യേണ്ട അവസ്ഥയിലേക്കെത്തിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ പതിറ്റാണ്ടുകളായുള്ള പ്രത്യേക അവകാശം കവർന്നെടുക്കാനും പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനും പ്രതിപക്ഷ സ്വരങ്ങളെ ഇല്ലാതാക്കാനും വിമർശനത്തോടുള്ള അസഹിഷ്ണുതയുമാണ് സർക്കാരിനെക്കൊണ്ട് ഈ തെറ്റ് ചെയ്യിച്ചത്. വാദികളായ എംഎ‍ൽഎമാർക്കെതിരെ പത്ത് വർഷത്തെ തടവ് ശിക്ഷ കിട്ടുന്ന ജാമ്യമില്ലാത്ത കേസെടുത്ത് അപമാനിക്കാനുള്ള ശ്രമവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി. നിയമസഭയിൽ നടന്ന സംഭവത്തിൽ എംഎ‍ൽഎമാർക്ക് കിട്ടാത്ത നീതി എങ്ങനെയാണ് സാധാരണക്കാർക്ക് ലഭിക്കുന്നത്?-സതീശൻ ചോദിച്ചു

സർക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ട് സംസ്ഥാനത്തിന് 25000 കോടി നഷ്ടപ്പെട്ട ഐ.ജി.എസ്.ടി വിഷയത്തിൽ നൽകിയ അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ല. സർക്കാരിന്റെ പിടിപ്പ് കേട് പുറത്ത് വരുമെന്ന പേടിയായിരുന്നു ഇതിന് കാരണം. കെ.എസ്.ആർ.ടി.സി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുമ്പോൾ അതും സഭയിൽ ചർച്ച ചെയ്യാൻ പാടില്ല. കരാറുകാരനുമായി ചേർന്ന് ബ്രഹ്‌മപുരത്ത് ജനങ്ങളെ വിഷപ്പുകയിൽ മുക്കിക്കൊന്നതിനെതിരെ പ്രതിഷേധിച്ച ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്ക് നേരെയുണ്ടായ ലാത്തിച്ചാർജും സഭയിൽ ചർച്ച ചെയ്യാൻ പാടില്ല. പതിനാറുകാരി പട്ടാപ്പകൽ അപമാനിക്കപ്പെട്ടിട്ടും സ്ത്രീസുരക്ഷയെ കുറിച്ചും ചർച്ച പാടില്ലെന്ന ധിക്കാരപരമായ നിലപാടായിരുന്നു സർക്കാരിന്. ഇതിനൊക്കെ എതിരെയാണ് പ്രതിപക്ഷം വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തിയത്. അതിന് കേരളത്തിലെ ജനങ്ങൾ നൽകിയ പിന്തുണയിൽ അഭിമാനമുണ്ട്. യു.ഡി.എഫ് തീരുമാനത്തിന്റെ ഭാഗമായാണ് സർക്കാരിന്റെ ധിക്കാരത്തിനും ധാർഷ്ട്യത്തിനും മുന്നിൽ ഒരു ഒത്തുതീർപ്പിനും തയാറാകാതെ പ്രതിപക്ഷം നടത്തിയ പോരാട്ടം. പോരാട്ടത്തിൽ ഏർപ്പെട്ട സഹപ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.

നടുത്തളത്തിൽ സത്യഗ്രഹം നടത്തിയതിന് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷാംഗങ്ങളെയും അവഹേളിച്ചു. സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് നടുത്തളത്തിൽ സത്യഗ്രഹം നടക്കുന്നതെന്നാണ് ഒരു മന്ത്രി ക്രമപ്രശ്നം ഉന്നയിച്ചത്. സ്പീക്കറും അതിന് പിന്തുണ നൽകി. നടുത്തളത്തിൽ സത്യഗ്രഹം നടത്തിയ പ്രതിപക്ഷ നേതാവ് ഏറ്റവും മോശം പ്രതിപക്ഷ നേതാവാണെങ്കിൽ എനിക്ക് രണ്ട് മുൻഗാമികൾ കൂടിയുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു. ഇ.എം ശങ്കരൻ നമ്പൂതിരിപ്പാട് പ്രതിപക്ഷ നേതാവായിരുന്ന 1974 ഒക്ടോബർ 21-നാണ് നടുത്തളത്തിൽ ആദ്യമായി സത്യഗ്രഹമുണ്ടായത്. അതിന് ശേഷം 1975 ഫെബ്രുവരി 25-ന് ഇ.എം.എസിന്റെ നിർദ്ദേശപ്രകാരം പ്രതിപക്ഷാംഗങ്ങൾ രാത്രിമുഴുവൻ സഭയുടെ നടുത്തളത്തിൽ ഇരുന്നു. 2011-ൽ വി എസ് അച്യുതാനന്ദന്റെ കാലത്തും സഭയുടെ നടുത്തളത്തിൽ ഇരുന്നിട്ടുണ്ട്. മന്ത്രിമാരും സ്പീക്കറും സഭാ ചരിത്രം ഇടയ്ക്കൊന്നു മറിച്ച് നോക്കണം. അവരുടെ ഏറ്റവും വലിയ നേതാവ് ഇ.എം.എസാണ് അദ്യമായി നടുത്തളത്തിലുള്ള സമരത്തിന് തുടക്കം കുറിച്ചത്. എന്നിട്ടാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവാണ് ഏറ്റവും മോശമെന്ന് മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പറഞ്ഞത്.

ഒരുകാരണവശാലും പ്രതിപക്ഷവുമായി ചർച്ച നടത്തില്ലെന്ന സർക്കാരിന്റെ സമീപനം അംഗീകരിക്കാനാകില്ല. തർക്കമുണ്ടായാൽ സ്പീക്കർ മുൻകൈയെടുത്ത് പറഞ്ഞ് തീർക്കുന്ന പാരമ്പര്യമാണ് കേരള നിയമസഭയ്ക്കുള്ളത്. പ്രതിപക്ഷവുമായി സംസാരിക്കില്ലെന്നും സഭയിൽ എന്ത് നടക്കണമെന്ന് ഞാൻ തീരുമാനിക്കുമെന്നും ധിക്കാരത്തോടെ ഒരു മുഖ്യമന്ത്രി പറഞ്ഞാൽ അതിന് തല കുനിച്ച് കൊടുക്കാൻ കേരളത്തിലെ പ്രതിപക്ഷം തയാറല്ല. പ്രതിപക്ഷത്തിന്റെ ഒരു അവകാശങ്ങളും പിടിച്ചു പറിക്കാൻ അനുവദിക്കില്ല. ധിക്കാരത്തിന് മുന്നിൽ കീഴടങ്ങില്ലെന്ന പ്രഖ്യാപനമാണ് പ്രതിപക്ഷം നിയമസഭയിൽ നടത്തിയത്. കേന്ദ്രത്തിലെ സംഘപരിവാർ സർക്കാരിന്റെ മറ്റൊരു രൂപമാണ് കേരളത്തിലുള്ളത്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ കവർന്നെടുത്ത് എംഎ‍ൽഎമാർക്കെതിരെ കള്ളക്കേസെടുത്ത് ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. കള്ളക്കേസെടുത്ത് ജയിലിൽ അടച്ചാൽ കേരളം വെറുതെയിരിക്കുമെന്നാണോ കരുതുന്നത്.

പൊതുജനാരോഗ്യ ബിൽ ഇന്ന് പാസാക്കേണ്ട എന്ത് അത്യാവശ്യമാണ് ഉണ്ടായിരുന്നത്? ഗുരുതരമായ ആക്ഷേപങ്ങൾ ആ ബില്ലിനെ കുറിച്ച് നിലനിൽക്കുന്നുണ്ട്. ഇന്നലെ സ്പീക്കർ നടത്തിയ റൂളിങിന് വിരുദ്ധമായാണ് പ്രതിപക്ഷ പ്രതിഷേധം ഇന്നും സഭാ ടി.വി കാണിക്കാതിരുന്നത്. സഭാ ടി.വി റൂളിങിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെങ്കിൽ നിയമലംഘിച്ച് നിയമസഭയിലെ ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങൾക്ക് നൽകും. സ്പീക്കറുടെ റൂളിങിന് ഒരു വിലയും ഇല്ലെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്-സതീശൻ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP