Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രതിപക്ഷഎംഎ‍ൽഎമാർക്കെതിരെ നടപടിക്രമം പാലിക്കാതെ കേസെടുത്തത് നിയമസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമെന്ന് രമേശ് ചെന്നിത്തല; സ്പീക്കർക്ക് കത്ത് നൽകി മുതിർന്ന കോൺഗ്രസ് നേതാവ്

പ്രതിപക്ഷഎംഎ‍ൽഎമാർക്കെതിരെ നടപടിക്രമം പാലിക്കാതെ കേസെടുത്തത് നിയമസഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമെന്ന് രമേശ് ചെന്നിത്തല; സ്പീക്കർക്ക് കത്ത് നൽകി മുതിർന്ന കോൺഗ്രസ് നേതാവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭയിൽ വാച്ച് ആൻഡ് വാർഡ് നൽകിയ തെറ്റായ പരാതി നേരിട്ട് പൊലീസിന് കൈമാറി ഏഴ് പ്രതിപക്ഷ അംഗങ്ങൾക്കെതിരെ ജാമ്യമില്ലാ വകുപ്പ പ്രകാരം കേസ് എടുത്ത നടപടി സഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനവും സഭയുടെ ചട്ടങ്ങൾക്കും കീഴ് വഴക്കങ്ങൾക്കും വിരുദ്ധവുമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

സഭയുടെ പ്രിവിലേജ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് മുൻപ് ഇത്തരം സന്ദർഭങ്ങളിൽ കേസ് പൊലീസിന് കൈമാറിയട്ടുള്ളത്. ഇവിടെ ഭരണകക്ഷി അംഗങ്ങൾക്കും അഡീഷണൽ ചീഫ് മാർഷലിനും എതിരെയുള്ള പരാതികളിൽ ജാമ്യം കിട്ടാവുന്ന ലഘുവായ വകുപ്പുകൾ ചുമത്തിയപ്പോൾ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ രണ്ടു മുതൽ പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഇതിൽ നിന്ന് തന്നെ ഇരട്ടത്താപ്പ് വ്യക്തമാണ്. പരിക്കേറ്റ കെ.കെ.രമ നൽകിയ പരാതിയന്മേൽ ഇത് വരെ നടപടി ഒന്നും സ്വീകരിച്ചിട്ടുമില്ല.

അടിയന്തിര പ്രമേയ നോട്ടീസുകൾക്ക് അവതരണാനുമതി തേടുന്നതിന് പോലും അവസരം നൽകാതെ തുടർച്ചയായി സ്പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് മാർച്ച് 15 ന് സ്പീക്കറുടെ ഓഫീസ് സമാധാനപരമായി ഉപരോധിക്കുകയായിരുന്ന പ്രതിപക്ഷ അംഗങ്ങളെ അഡീഷണൽ ചീഫ് മാർഷലിന്റെ നേതൃത്വത്തിലുള്ള വാച്ച് & വാർഡ് സ്റ്റാഫ് ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാൻ ശ്രമിച്ചതും പ്രതിപക്ഷ അംഗങ്ങളെ ഭരണകക്ഷിയിൽപ്പെട്ട രണ്ട് അംഗങ്ങൾ ആക്രമിക്കുകയും ചെയ്തതുമാണ് കുഴപ്പങ്ങൾക്കിടയാക്കിയത്.

1970 ജനുവരി 29-ാം തീയതി അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചപ്പോൾ അന്നത്തെ പ്രതിപക്ഷം സ്പീക്കറുടെ ഡയസ്സിൽ കയറി സ്പീക്കറെ ദേഹോപദ്രവം ഏൽപ്പിക്കുകയും കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിരുന്ന കെ ശങ്കരനാരായണൻ എന്ന പൊലീസ് സബ് ഇൻസ്പക്ടറെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ ആ പൊലീസ് സബ് ഇൻസ്പക്ടർക്ക് തിരുവനന്തപുരം സബ് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് നൽകുന്നതിന് അനുമതി നൽകുകയും കേസിൽ തെളിവ് നൽകുന്നതിന് ചാക്കീരി അഹമ്മദ് കുട്ടി എംഎൽഎയ്ക്ക് സ്പീക്കർ അനുമതി നൽകിയതും പ്രിവിലേജ് കമ്മിറ്റി ശുപാർശ പ്രകാരമാണെന്ന് ്രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

29.03.1983, 30.03.1983 എന്നീ തീയതികളിലായി നിയമസഭാ പാർലറിൽ വച്ച് ഉണ്ടായ അനിഷ്ട സംഭവത്തിൽ പരിക്കുപറ്റിയ 7 വാച്ച് & വാർഡ് സ്റ്റാഫ് അംഗങ്ങൾ, 8 സാമാജികർക്ക് എതിരെ തിരുവനന്തപുരം ജുഡീഷ്യൽ സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അന്യായം ഫയൽ ചെയ്യുന്നതിനുള്ള അനുമതി തേടുകയുണ്ടായി. എന്നാൽ പ്രസ്തുത വിഷയം സ്പീക്കർ പ്രിവിലേജ് കമ്മിക്ക് അയച്ച ശേഷമാണ് മേൽ നടപടി സ്വീകരിച്ചത്.

എന്നാൽ ഇത്തവണ ഇത്തരം നടപടികളൊന്നും ഉണ്ടായിട്ടില്ല. ഇത് സഭയുടെ പ്രത്യേക അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന കാര്യത്തിൽ സംശയമില്ല . അതുകൊണ്ട് തന്നെ സ്പീക്കറുടെ ഇന്നലത്തെ റൂളിംഗിന്റെ വെളിച്ചത്തിൽ കാര്യങ്ങൾ പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സ്പീക്കർക്ക് വിശദമായ കത്തും അദ്ദേഹം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP