Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപകടത്തിൽ പെട്ട കാറിൽ നിന്ന് പിടികൂടിയത് ഒന്നേകാൽ കോടി വില വരുന്ന 25 കിലോ കഞ്ചാവ്; കോഴിക്കോട് മൂഴിക്കലിൽ ചികിത്സയ്ക്കിടെ മുങ്ങിയ രണ്ടുപേർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

അപകടത്തിൽ പെട്ട കാറിൽ നിന്ന് പിടികൂടിയത് ഒന്നേകാൽ കോടി വില വരുന്ന 25 കിലോ കഞ്ചാവ്; കോഴിക്കോട് മൂഴിക്കലിൽ ചികിത്സയ്ക്കിടെ മുങ്ങിയ രണ്ടുപേർ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: മൂഴിക്കലിൽ കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ട കാറിൽ നിന്നും വിപണിയിൽ ഒന്നേകാൽ കോടിയോളം വില വരുന്ന 25 കിലോ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ കാറിലുണ്ടായിരുന്ന രണ്ടുപേർ ഉൾപ്പെടെ നാലു പേരെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തുകയായിരുന്ന കാർ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിക്കുകയായിരുന്നു.

അടിവാരം പിലാക്കുന്നുമ്മൽ സഫ്‌നാസ്, അടിവാരം നൂറാം തോട് വെള്ളരിക്കുഴിയിൽ മുഹമ്മദ് അസറുദ്ദീൻ, താമരശ്ശേരി പരപ്പൻപൊയിൽ കല്ലാരം കെട്ടിൽ റിയാസ്, അടിവാരം നൂറാം തോട് വലിയ വീട്ടിൽ ആഷിഖ് എന്നിവരെയാണ് നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ പ്രകാശൻ പി പടന്നയിലിന്റെ നേതൃത്വത്തിലുള്ള ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും ബിജു കെ കെയുടെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻ തോതിൽ ലഹരി മരുന്ന് എത്തിച്ചു നൽകുന്ന റാക്കറ്റിൽ പെട്ടവരാണ് ഇവരെന്ന് പൊലീസ് അറിയിച്ചു.

സഫ്‌നാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവർ സഞ്ചരിച്ച കെ എൽ 10 എ കെ 6431 കാറാണ് തിങ്കളാഴ്ച രാത്രി 11.45 ഓടെ മൂഴിക്കൽ പാലത്തിനടുത്ത് വെച്ച് അപകടത്തിൽ പെട്ടത്. ആരാമ്പ്രത്തു നിന്നും കോഴിക്കോട്ടേക്ക് ലഹരിക്കടത്ത് നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിൽ കുന്നമംഗലം ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പ്രതികൾ സഞ്ചരിക്കുകയായിരുന്ന കാർ പൊലീസിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് അമിത വേഗതിയിൽ ഓടിച്ചുപോയ കാർ മൂഴിക്കലിൽ വെച്ച് നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന മുഹമ്മദ് അസറുദ്ദീന് മുഖത്ത് പരിക്കേറ്റതിനാൽ ഇരുവരെയും നാട്ടുകാർ സ്വകാര്യ വാഹനത്തിൽ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരം അൽപ്പ സമയത്തിനുള്ളിൽ ഇവിടെ നിന്നും മുങ്ങുകയായിരുന്നു.

പിടിയിലാവാതിരിക്കാൻ മെഡിക്കൽ കോളെജിൽ നിന്ന് രക്ഷപ്പെട്ട പ്രതികൾ ബീച്ച് ആശുപത്രിയിൽ ചികിത്സയ്ക്ക് ശ്രമിച്ചു. എന്നാൽ ഇവിടെ നിന്ന് മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്തതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെയാണ് പങ്കാളികളായ റിയാസ്, ആഷിഖ് എന്നിവരെ വിളിച്ചുവരുത്തിയത്. അപകടത്തിൽ പെട്ട കാറിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുപോകാനും ഇവർ ശ്രമം നടത്തിയിരുന്നു. ഒടുവിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റെന്നും പറഞ്ഞ് മുഹമ്മദ് അസറുദ്ദീൻ ഗോവിന്ദപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

വിവരമറിഞ്ഞെത്തിയ പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. പൊലീസ് ട്രാഫിക്ക് അസി. കമ്മീഷണർ ജോൺസൺ, ടൗൺ ഇൻസ്‌പെക്ടർ ബൈജു കെ ജോസ് എന്നിവരുടെ സഹായത്തോടെ ചേവായൂർ സബ് ഇൻസ്‌പെക്ടർ നിമിൻ കെ ദിവാകരനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് സഫ്‌നാസിന്റെ ആരാമ്പ്രത്തെ വീട്ടിൽ സൂക്ഷിച്ച 5.4 കി. ഗ്രാം കഞ്ചാവു കൂടി ചേവായൂർ ഇൻസ്‌പെക്ടർ കെകെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

500 ഗ്രാം എംഡിഎംഎയുമായി കരിപ്പൂർ പൊലീസ് നേരത്തെ മുഹമ്മദ് അസറുദ്ദീനെ അറസ്റ്റു ചെയ്തിരുന്നു. രണ്ടു വർഷം തടവ് ശിക്ഷയും അനുഭവിച്ചിട്ടുണ്ട് ഇയാൾ. നാലു പ്രതികളെയും കോടതി റിമാന്റ് ചെയ്തു. ഡാൻസഫ് സ്‌ക്വാഡ് അംഗങ്ങളായ അസി. സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, അബ്ദുർറഹ്‌മാൻ, എസ് സി പി ഒ കെ അഖിലേഷ്, അനീഷ് മൂസാൻ വീട്, സി പി ഒ മാരായ ജിനേഷ് ചൂലൂർ, സുനോജ് കരയിൽ, അർജുൻ അജിത് ചേവായൂർ സ്റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ സജി മാണിയേടത്ത്, വിജയകുമാർ എസ് സി പി ഒ ശ്രീരാഗ്, സുമേഷ്, സിപിഒമാരായ പ്രേംജിത്ത്, ജിതിൻ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP