Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കും; പിണറായി സർക്കാർ ജീവനക്കാരെ വഞ്ചിച്ചിരിക്കുകയാണ് എന്നും കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎൽഎ

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കും; പിണറായി സർക്കാർ ജീവനക്കാരെ വഞ്ചിച്ചിരിക്കുകയാണ് എന്നും കെ പി സി സി വർക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎൽഎ

കെ വി നിരഞ്ജൻ

കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആദ്യ മന്ത്രിസഭാ തീരുമാനത്തിലൂടെ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് കെ പി സി സി വർക്കിങ് പ്രസിഡണ്ട് ടി സിദ്ദീഖ് എംഎൽഎയുടെ പ്രഖ്യാപനം. എൻജിഒ അസോസിയേഷന്റെ നാൽപത്തിയെട്ടാം ജില്ലാ സമ്മേളനം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യവ്യാപകമായി ഇന്ത്യൻ നാഷണൽ കോൺഗ്രസും രാഹുൽ ഗാന്ധിയും പങ്കാളിത്ത പെൻഷനു എതിരെ ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ ഭാഗമായി കോൺഗ്രസ് ഭരിക്കുന്നത് ഉൾപ്പെടെ നാല് സംസ്ഥാനങ്ങൾ ഇതിനകം പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങി കഴിഞ്ഞു.

അധികാരത്തിലെത്തിയാൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന് ഉറപ്പു നൽകിയ പിണറായി സർക്കാർ ജീവനക്കാരെ വഞ്ചിച്ചിരിക്കുകയാണ്. നിലവിൽ ജീവനക്കാർക്ക് നാല് ഗഡു ക്ഷാമബത്ത കുടിശികയാണ്. സറണ്ടർ നിഷേധം തുടർക്കഥയാകുന്നു. ജീവനക്കാരുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് വികലമായി നടപ്പാക്കിയതിനാൽ ചികിത്സാപരിരക്ഷ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇടത് സർവ്വീസ് സംഘടനകൾ ഉൾപ്പെടെ ഈ ആവശ്യം നിരന്തരം ഉന്നയിച്ചെങ്കിലും സർക്കാർ വഴങ്ങിയിട്ടില്ല. പങ്കാളിത്ത പെൻഷൻ പദ്ധതിക്കെതിരെ സിപിഐയുടെ സർവ്വീസ് സംഘടന വലിയൊരു സമരം നടത്തിയ ദിവസം തന്നെയാണ് പെൻഷൻ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന സർക്കാർ പ്രഖ്യാപനം ഉണ്ടായത്.

സമരം ഉദ്ഘാടനം ചെയ്ത കാനം രാജേന്ദ്രൻ പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെ തന്നെ പദ്ധതി തുടരാൻ ഉത്തരവിറങ്ങുകയായിരുന്നു. നേരത്തെ ഈ ആവശ്യം ഉന്നയിച്ച എൻ ജി ഒ യൂണിയൻ നിലവിൽ മൗനത്തിലാണ്. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്നത് 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ പ്രകടന പത്രികയിലെ മുഖ്യവാഗ്ദാനമായിരുന്നു.

പ്രകടന പത്രികയിലെ വാഗ്ദാനങ്ങളെല്ലാം പാലിച്ചുവെന്ന് സർക്കാറും മുന്നണി നേതൃത്വവും അവകാശപ്പെട്ടപ്പോഴും പങ്കാളിത്ത പെൻഷൻ കാര്യം മറച്ചുവെക്കുകയായിരുന്നു. സർവ്വീസ് സംഘടനകളുടെ സമ്മർദ്ദം ശക്തമായപ്പോൾ കമ്മീഷനെ നിയമിച്ചെങ്കിലും ഇക്കാര്യത്തിൽ മാറ്റമൊന്നും ഉണ്ടായില്ല. ഈ വിഷയത്തിലാണ് യു ഡി എഫ് അധികാരത്തിലെത്തിയാൽ പിൻവലിക്കുമെന്ന പ്രഖ്യാപനവുമായി സിദ്ദിഖിന്റെ രംഗപ്രവേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP