Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ എം.സി. റോഡു മുറിച്ചു കടക്കണം; വീട്ടിലെ സൗകര്യം ഭർതൃസഹോദരൻ തടഞ്ഞതോടെ ഗതികേടിൽ 75കാരി

പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ എം.സി. റോഡു മുറിച്ചു കടക്കണം; വീട്ടിലെ സൗകര്യം ഭർതൃസഹോദരൻ തടഞ്ഞതോടെ ഗതികേടിൽ 75കാരി

സ്വന്തം ലേഖകൻ

ചെങ്ങന്നൂർ: പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ തിരക്കേറിയ എം.സി. റോഡു മുറിച്ചുകടക്കേണ്ട ഗതികേടിൽ 75കാരി. വീട്ടിലുണ്ടായിരുന്ന സൗകര്യം ഭർത്തൃസഹോദരൻ തടഞ്ഞതോടെയാണ് കുഞ്ഞമ്മ എന്ന വൃദ്ധ കഷ്ടത്തിലായത്. പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാൻ ബന്ധുവട്ടിലേക്ക് പോകാനാണ് ഇവർ എം.സി. റോഡിൽ ചെങ്ങന്നൂരിനും തിരുവല്ലയ്ക്കും മധ്യേയുള്ള പ്രാവിൻകൂട് ജങ്ഷൻ മുറിച്ചു കടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇതാണ് കുഞ്ഞമ്മയുടെ അവസ്ഥ.

ദിവസവും അഞ്ചുതവണയെങ്കിലും റോഡു മുറിച്ചുകടക്കണം. മഴയും തിരക്കുമുള്ളപ്പോൾ റോഡു മുറിച്ചുകടക്കാൻ ഏറെ ബുദ്ധിമുട്ടുന്നു. സമീപത്ത് ആരെങ്കിലുമുണ്ടെങ്കിൽ അവർ സഹായിക്കും. ചെങ്ങന്നൂർ തിരുവൻവണ്ടൂർ പഞ്ചായത്ത് ആറാംവാർഡ് പ്രാവിൻകൂട്ടിൽ കുറ്റിക്കാട്ടിൽ വീട്ടിലാണ് കുഞ്ഞമ്മയുടെ താമസം. വീട്ടിലെ രണ്ടുമുറികളാണ് കുഞ്ഞമ്മയ്ക്കു സ്വന്തമായുള്ളത്. വീടിനോടുചേർന്നു മുൻവശത്ത് ഒരു ചെറിയ പെട്ടിക്കടയുണ്ട്. അതാണ് ഏക വരുമാനമാർഗം. ഭർത്താവ് എബ്രഹാം നാലുവർഷംമുമ്പു മരിച്ചു. ഏകമകളെ കല്യാണം കഴിച്ചുവിട്ടു.

വീടിന്റെ മറ്റൊരുഭാഗത്ത് ഭർത്താവിന്റെ സഹോദരനാണു താമസിക്കുന്നത്. ഈയടുത്ത് പള്ളിയുടെ സഹായത്തോടെ വീടിന്റെ അറ്റകുറ്റപ്പണി ചെയ്തു. അതിനായി കുഞ്ഞമ്മ നേരത്തേയുണ്ടായിരുന്ന ഒരു മുറികൂടി ഭർത്തൃസഹോദരനു വിട്ടുകൊടുത്തു. എന്നാൽ, അറ്റകുറ്റപ്പണി തുടങ്ങി ശൗചാലയത്തിൽ പുതിയ ക്ലോെസറ്റുവെക്കാൻ വന്നപ്പോൾ ഭർതൃസഹോദരൻ തടഞ്ഞതായി കുഞ്ഞമ്മ ചെങ്ങന്നൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ശൗചാലയവും സഹോദരനു നൽകണമെന്നു കാട്ടിയാണ് പണി തടഞ്ഞതെന്നും ഇതേച്ചൊല്ലി തന്നെ ഭീഷണിപ്പെടുത്തുന്നെന്നുമാണ് പരാതി.

പണി പാതിവഴിയിൽ തടഞ്ഞതോടെ അന്നുമുതൽ കുഞ്ഞമ്മയ്ക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ കഴിയാതെയായി. ഇപ്പോൾ റോഡിനെതിർവശത്തെ ബേബിയെന്ന ബന്ധുവിന്റെ വീടാണാശ്രയം. എന്നാൽ അങ്ങേട്ടേയ്ക്ക് എത്തണമെങ്കിൽ തിരക്കേറിയ റോഡ് മുറിച്ചു കടക്കണം. എന്നാൽ, ഈ പ്രായത്തിൽ തിരക്കേറിയ റോഡു മുറിച്ചുകടക്കുന്നത് അപകടകരമാണ്. രക്തസമ്മർദവും പ്രമേഹവുമടക്കം വാർധക്യസഹജമായ രോഗങ്ങൾ കുഞ്ഞമ്മയെ അലട്ടുന്നുണ്ട്.

തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലെ താമസക്കാരിയാണ് കുഞ്ഞമ്മ. പഞ്ചായത്ത് പ്രസിഡന്റിനെയടക്കം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നു പറയുന്നു. നവംബർ 25-ന് കുഞ്ഞമ്മ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. എന്നാൽ, ഇതുവരെ വിഷയം പരിഹരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP