Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമലയ്ക്ക് കേന്ദ്രം അനുവദിച്ച ഫണ്ട് സംസ്ഥാനം പാഴാക്കുന്നത് പ്രതിഷേധാർഹം; യുവതീപ്രവേശന നീക്കം പരാജയപ്പെട്ടതോടെ പിണറായി സർക്കാർ ശബരിമലയോടും അയ്യപ്പ ഭക്തരോടും പകവീട്ടുകയാണെന്നും കെ.സുരേന്ദ്രൻ

ശബരിമലയ്ക്ക് കേന്ദ്രം അനുവദിച്ച ഫണ്ട് സംസ്ഥാനം പാഴാക്കുന്നത് പ്രതിഷേധാർഹം; യുവതീപ്രവേശന നീക്കം പരാജയപ്പെട്ടതോടെ പിണറായി സർക്കാർ ശബരിമലയോടും അയ്യപ്പ ഭക്തരോടും പകവീട്ടുകയാണെന്നും കെ.സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ 'സ്വദേശി ദർശൻ' തീർത്ഥാടന ടൂറിസം പദ്ധതിയിൽ ശബരിമല വികസനത്തിന് അനുവദിച്ച 100 കോടി രൂപയിൽ 80 കോടിയും സംസ്ഥാനം പാഴാക്കുന്നത് പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിന് ഒരു രൂപ ചെലവില്ലാത്ത പദ്ധതി തകർക്കാൻ ശ്രമിക്കുന്നത് ഗൗരവതരമാണ്. ഇതുവരെ 20 കോടിയുടെ പദ്ധതിക്ക് മാത്രമാണ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി അനുമതി വാങ്ങിയത്. പദ്ധതിയുടെ കാലാവധി ഡിസംബർ 31ന് അവസാനിക്കാനിരിക്കെ, അനുമതി വാങ്ങി നിർമ്മാണം തുടങ്ങിയ പദ്ധതികളും പൂർത്തിയാക്കിയിട്ടില്ല. ഇത് ഭക്തജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെ.സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

ശബരിമലയ്ക്ക് വേണ്ടി നരേന്ദ്ര മോദി സർക്കാർ നിരവധി പദ്ധതികളാണ് അനുവദിച്ചിട്ടുള്ളത്. 2015 ഡിസംബറിലാണു കേന്ദ്രസർക്കാർ 100 കോടി രൂപ അനുവദിച്ചത്. 36 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിൽ ആദ്യഗഡുവായി 20 കോടി രൂപ നൽകുകയും ചെയ്തു. എന്നാൽ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും നിർമ്മാണ പ്രവർത്തനങ്ങൾ തുടരാതെ അയ്യപ്പ ഭക്തന്മാരെ ചതിക്കുകയായിരുന്നു.

പമ്പയിലെ സ്‌നാനഘട്ടം നവീകരണം നടത്തിയതും നീലിമല പാത കരിങ്കല്ല് പാകുന്നതും നരേന്ദ്ര മോദി സർക്കാരിന്റെ 'സ്വദേശി ദർശൻ' ഫണ്ട് ഉപയോഗിച്ചിട്ടാണ്. സന്നിധാനത്തും പമ്പയിലും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ പോലും പരാജയപ്പെട്ട സംസ്ഥാന സർക്കാരാവട്ടെ കേന്ദ്ര പദ്ധതികൾ പാഴാക്കുകയും ചെയ്യുകയാണെന്ന് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.

യുവതീപ്രവേശന നീക്കം പരാജയപ്പെട്ടതോടെ പിണറായി സർക്കാർ ശബരിമലയോടും അയ്യപ്പ ഭക്തരോടും പകവീട്ടുകയാണ്. ശബരിമലയിലെ വികസന പ്രവർത്തനങ്ങൾക്ക് എല്ലാം തടസം നിൽക്കുന്നത് എന്തിന് വേണ്ടിയാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP