Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണാടി തുമ്പ് തെളിവായി; സി.സി.ടി.വി.യുടെ സഹായംപോലുമില്ലാതെ ഓട്ടോയിൽ ഇടിച്ച കാർ കണ്ടെത്തി പൊലീസ്

കണ്ണാടി തുമ്പ് തെളിവായി; സി.സി.ടി.വി.യുടെ സഹായംപോലുമില്ലാതെ ഓട്ടോയിൽ ഇടിച്ച കാർ കണ്ടെത്തി പൊലീസ്

സ്വന്തം ലേഖകൻ

കാളികാവ്: ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പോയ കാർ 25 ദിവസത്തിനുശേഷം പൊലീസ് കണ്ടെത്തി. തെളിവുകൾ ഒന്നും ഇല്ലാതിരുന്ന കേസിൽ ഓട്ടോ ഡ്രൈവറുടെ നിശ്ചയ ദാർഢ്യമാണ് പ്രതിയെ കുടുക്കിയത്. ഓട്ടോ തനിയെ അപകടത്തിൽപ്പെട്ടതാണെന്ന നിഗമനത്തിൽ കേസ് അവസാനിപ്പിക്കാൻ പൊലീസ് ശ്രമിച്ചു. ഇതിനിടയിൽ ഒരു പൊലീസുകാരന് ലഭിച്ച കണ്ണാടി ചില്ലാണ് കേസിൽ തെളിവായി മാറിയത്. ഇതോടെ സി.സി.ടി.വി.യുടെ സഹായംപോലുമില്ലാതെ കേസ് തെളിയുകയും ചെയ്തു.

അപകടസ്ഥലത്തുനിന്ന് ലഭിച്ച കാറിന്റെ വശത്തെ കണ്ണാടിപ്പൊട്ടുവച്ചാണ് കാളികാവ് പൊലീസ്സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കെ.എസ്. ഉജേഷ് കേസിന് തുമ്പുണ്ടാക്കിയത്. സെപ്റ്റംബർ 11-ന് ചോക്കാട് കല്ലാമൂലയിലാണ് ഓട്ടോ അപകടത്തിൽപ്പെട്ടത്. ഓട്ടോയിലുണ്ടായിരുന്ന സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാർക്ക് പരിക്കേറ്റു. അപകടം വരുത്തിവെച്ച കാർ നിർത്താതെ പോയതായി ഓട്ടോഡ്രൈവർ പൊലീസിൽ പരാതിനൽകി. എന്നാൽ ഓട്ടോയിൽ കാർ തട്ടിയതിന് പ്രാഥമിക പരിശോധനയിൽ തെളിവു കണ്ടെത്താനായില്ല. സമീപപ്രദേശങ്ങളിൽ സി.സി.ടി.വി. ഇല്ലാത്തതും തിരിച്ചടിയായി.ഇതോടെ പരാതി വ്യാജമാണെന്ന നിഗമനത്തിൽ പൊലീസെത്തി. കേസ് അവസാനിപ്പിക്കാനും തീരുമാനിച്ചു.

പക്ഷേ തന്റെ ഓട്ടോയിൽ ഇടിപ്പിച്ച കാറുകാരനെ അങ്ങനെ വെറുതേ വിടാൻ ഓട്ടോഡ്രൈവറായ പുലത്ത് നജ്മുൽ ബാബുവിന് കഴിയുമായിരുന്നില്ല. പരാതിയിൽ ഉറച്ചുനിന്നതോടെ പൊലീസ് വീണ്ടും സംഭവസ്ഥലം പരിശോധിച്ചു. സിവിൽ പൊലീസ് ഓഫീസർമാരായ കെ.എസ്. ഉജേഷും എം. സുമേഷും നടത്തിയ പരിശോധനയിൽ കാറിന്റെ വശത്തെ കണ്ണാടിയുടെ കഷണം സംഭവസ്ഥലത്തുനിന്ന് കിട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർചെയ്തു. കിട്ടിയ തുമ്പുമായി ഉജേഷ് വർക്ഷോപ്പുകൾ, ഷോറൂമുകൾ, സ്പെയർപാർട്‌സ് കടകൾ തുടങ്ങിയവ കയറിയിറങ്ങി.

നിലമ്പൂരിലെ ഒരു ഷോറൂമിൽനിന്ന് ഹ്യുണ്ടായി കാറിന്റെ കണ്ണാടിഭാഗമാണ് പൊലീസുകാരന്റെ കൈവശമുള്ളതെന്നു തിരിച്ചറിഞ്ഞു. ഈ വിവരവുമായി മടങ്ങുന്നതിനിടെ ഒരു കാറിന്റെ കണ്ണാടി മാറ്റിവെച്ചതായി മെക്കാനിക് വിവരം നൽകി. വലതുവശത്തെ കണ്ണാടിയാണെന്ന് മെക്കാനിക് വെളിപ്പെടുത്തി. കഴിഞ്ഞ 12-നാണ് കണ്ണാടിക്ക് ഓർഡർ ചെയ്തതെന്ന വിവരംകൂടി ലഭിച്ചതോടെ കാർ കണ്ടെത്തുക എളുപ്പമായി. ചോക്കാട് മമ്പാട്ടുമൂല സ്വദേശിയുടേതാണ് കാർ. വലതുവശത്തെ കണ്ണാടി മാറ്റിവെച്ചത് തെളിവുസഹിതം വ്യക്തമാക്കിയതോടെ ഉടമയ്ക്ക് സമ്മതിക്കേണ്ടിവന്നു. കാർ ഉടമ ഖേദം രേഖപ്പെടുത്തുകയും അപകടത്തിൽപ്പെട്ടവരുടെ ചികിത്സച്ചെലവുൾപ്പെടെ വഹിക്കാൻ സമ്മതിക്കുകയുംചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP