Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിമാനത്തിലെത്തിച്ചപ്പോൾ മൃതദേഹങ്ങൾ തമ്മിൽ മാറിപ്പോയി; വള്ളിക്കുന്നത്ത് സംസ്‌ക്കരിച്ചത് യുപി സ്വദേശിയുടെ മൃതദേഹം: ഇന്ത്യൻ എംബസിക്കെതിരെ പരാതിയുമായി മരിച്ചവരുടെ കുടുംബങ്ങൾ

വിമാനത്തിലെത്തിച്ചപ്പോൾ മൃതദേഹങ്ങൾ തമ്മിൽ മാറിപ്പോയി; വള്ളിക്കുന്നത്ത് സംസ്‌ക്കരിച്ചത് യുപി സ്വദേശിയുടെ മൃതദേഹം: ഇന്ത്യൻ എംബസിക്കെതിരെ പരാതിയുമായി മരിച്ചവരുടെ കുടുംബങ്ങൾ

സ്വന്തം ലേഖകൻ

ആലപ്പുഴ: വിമാനത്തിലെത്തിച്ചപ്പോൾ മൃതദേഹങ്ങൾ തമ്മിൽ മാറിപ്പോയി. സൗദിഅറേബ്യയിൽ മരിച്ച വള്ളികുന്നം സ്വദേശിയുടെ മൃതദേഹത്തിനുപകരം നാട്ടിലെത്തിച്ച് സംസ്‌കരിച്ചതു ഉത്തർപ്രദേശുകാരന്റെ മൃതദേഹം. മൃതദേഹങ്ങൾ വിമാനത്തിലെത്തിച്ചപ്പോൾ ഇന്ത്യൻ എംബസിക്കുണ്ടായ പിഴവാണ് രണ്ടുകുടുംബങ്ങളെ കണ്ണീരിലാഴ്‌ത്തിയത്. വള്ളികുന്നം കാരാഴ്മവാർഡിൽ കണിയാംവയലിൽ ഷാജിരാജന്റെ (50) മൃതദേഹത്തിനുപകരമാണ് ഉത്തർപ്രദേശ് വാരാണസി ഛന്തോലിയിലെ അബ്ദുൾ ജാവേദിന്റെ മൃതദേഹം ഷാജിരാജിന്റെ വീട്ടിലെത്തിച്ച് സംസ്‌ക്കരിച്ചത്.

ജൂലൈയിൽ മരിച്ച ഷാജിരാജന്റെ മൃതദേഹം അഴുകിയതും എംബാം ചെയ്തതുമായതിനാൽ പെട്ടെന്നു സംസ്‌കരിക്കുയായിരുന്നുവെന്നു ബന്ധുക്കൾ പറഞ്ഞു. തുറന്നുനോക്കരുതെന്നു നിർദേശവുമുണ്ടായിരുന്നു. എന്നാൽ, പിറ്റേദിവസമാണു കാർഗോ അധികൃതർ മൃതദേഹം മാറിപ്പോയെന്ന വിവരമറിയിച്ചത്.

ഉത്തർപ്രദേശിൽ അബ്ദുൾ ജാവേദിന്റെ മൃതദേഹം സംസ്‌കരിക്കാനായി പുറത്തെടുത്തപ്പോഴാണു മൃതദേഹം മാറിപ്പോയവിവരം അവരറിയുന്നത്. ഉടൻ യു.പി. പൊലീസ് ഷാജിരാജന്റെ കുടുബത്തെ ബന്ധപ്പെട്ടു. അപ്പോഴേക്കും മൃതദേഹം ഇവിടെ സംസ്‌കരിച്ചുകഴിഞ്ഞിരുന്നു. പിന്നീട്, ഷാജിരാജന്റെ മൃതദേഹം അബ്ദുൾ ജാവേദിന്റെ കുടുംബത്തിൽനിന്ന് വാരാണസി ജില്ലാഭരണകൂടം ഏറ്റെടുത്ത് മോർച്ചറിയിൽ സൂക്ഷിച്ചു.

കൊടിക്കുന്നിൽ സുരേഷ് എംപി. എംബസിയുമായും അവിടത്തെ ജില്ലാഭരണകൂടവുമായും ബന്ധപ്പെട്ട് ഷാജിരാജന്റെ മൃതദേഹം വിട്ടുകിട്ടാൻ നടപടി സ്വീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മൃതദേഹവുമായി ആംബുലൻസ് ഉത്തർപ്രദേശിൽനിന്ന് പുറപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെ എത്തും.

സൗദിയിൽ നിർമ്മാണമേഖലയിലായിരുന്നു ഷാജി രാജൻ ജോലിചെയ്തിരുന്നത്. രണ്ടരമാസത്തോളം മുമ്പ് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അപ്പോഴേക്കും ആറുദിവസത്തോളം മൃതദേഹത്തിനു പഴക്കമുണ്ടായിരുന്നു. ഷാജിരാജനെ കാണാതിരുന്നതിനെത്തുടർന്ന് സുഹൃത്തുക്കൾ തിരക്കിച്ചെന്നപ്പോഴാണു വിവരമറിയുന്നത്. ഹൃദയാഘാതമായിരുന്നു മരണകാരണം.

ജൂലായ് 18-നാണു മരണവിവരം ബന്ധുക്കളറിയുന്നത്. പാസ്‌പോർട്ട് കാണാതായതും നേരത്തെ എക്‌സിറ്റ് വിസ എടുത്തതുമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകാൻ കാരണം. സൗദിയിലെ അൽഹസ ആശുപത്രിയിലായിരുന്നു മൃതദേഹം.

സെപ്റ്റംബർ 30-നാണ് ബന്ധുവായ രതീഷിന്റെ പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹമെത്തിയത്. ബന്ധുക്കൾ മൃതദേഹമേറ്റുവാങ്ങി കണിയാംവയലിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ഒക്ടോബർ ഒന്നിനാണു മൃതദേഹം മാറിപ്പോയ വിവരം വീട്ടുകാരറിയുന്നത്.

ഇന്ത്യൻ എംബസിക്കുണ്ടായ പിഴവാണു മൃതദേഹങ്ങൾ മാറിപ്പോകാനിടയാക്കിയതെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് രണ്ടുപേരുടെയും കുടുബാംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്. ഷാജി രാജന്റെ ഭാര്യ: രാഗിണി. മക്കൾ: അനഘ, അപർണ, അനുഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP