Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാരിന്റെ തലതിരിഞ്ഞ നയം കടക്കെണിയിലാക്കുന്നു; ഗവ. കരാറുകാർ ടെൻഡറുകൾ ബഹിഷ്‌കരിച്ച് അനിശ്ചിത കാലസമരത്തിലേക്ക്

സർക്കാരിന്റെ തലതിരിഞ്ഞ നയം കടക്കെണിയിലാക്കുന്നു; ഗവ. കരാറുകാർ ടെൻഡറുകൾ ബഹിഷ്‌കരിച്ച് അനിശ്ചിത കാലസമരത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: നിർമ്മാണ സാധനങ്ങളുടെ വിലവർധനവ് പരിഗണിക്കാതെ പൊതുമരാമത്ത് വകുപ്പ് പദ്ധതികളുടെ അടങ്കൽ തുക തയ്യാറാക്കുന്നതു കാരണം ഗവ. കരാറുകാർ വൻപ്രതിസന്ധിയിൽ. 2018-ലെ വിലനിലവാര പട്ടിക നിരക്ക് പ്രകാരമാണ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഇപ്പോഴും ഇ-ടെൻഡർ വിളിച്ചു പ്രവൃത്തികൾ നൽകുന്നത്. ഇതുകാരണം പൊതുമരാമത്ത് പ്രവൃത്തികൾ ഏറ്റെടുക്കുന്ന തങ്ങൾക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാവുകയാണെന്നും ഈ രീതിയിൽ മുൻപോട്ടുപോകാനാവില്ലെന്നും കേരള ഗവ. കോൺട്രാക്റ്റേഴ്സ് ഏകോപന സമിതി ചെയർമാൻ പി.പി അബ്ദുൽ റഹ്മാൻ ചൂണ്ടിക്കാണിക്കുന്നു.

റോഡിന്റെ തകർച്ചയ്ക്കു കാരണം കരാറുകാരുടെ ഉത്തരവാദിത്വമായി മാത്രം ചിത്രീകരിക്കുകയാണ്. എന്നാൽ റോഡിലെ ഗതാഗത പെരുപ്പവും വാഹനങ്ങളുടെ കേവുഭാരമോ പരിഗണിക്കാതെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് പുനർനിർമ്മാണത്തിന്റെ അടങ്കൽ തുക തയ്യാറാക്കുന്നത്. എൻജിനിയറിങ് തത്വങ്ങൾ അട്ടിമറിച്ചുകൊണ്ടാണ് റോഡ് പുനർനിർമ്മാണത്തിനായി എസ്റ്റിമേറ്റുകൾ തയ്യാറാക്കുന്നത്്.

മഴക്കാലത്തു പോലും അറ്റകുറ്റപണികൾ നടത്താൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുകയാണ്. അടങ്കലിൽ പറയുന്നതു പോലെ കൃത്യമായി റോഡു പണി ചെയ്താലും തകരുന്ന അവസ്ഥയാണുള്ളതെന്ന് പി.പി അബ്ദുറഹിമാൻ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ 2021-ലെ ഡി. എസ്. ആർ. നിരക്ക് പ്രകാരമാണ് പ്രവൃത്തിയുടെ ടെൻഡർ വിളിക്കുന്നതെങ്കിലും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 2018-ലെ നിരക്ക് പ്രകാരമാണ് ഇവിടെ പ്രവൃത്തി നടത്താൻ നിർബന്ധിക്കുന്നത്.

ഇതിനിടയിൽ നിർമ്മാണ കൂലി, ടാർ, ജെല്ലി, സിമന്റ് എന്നിവയുടെ വില 25-ശതമാനം വർധിച്ചു. ഇക്കാര്യം പരിഗണിക്കാതെ റോഡ് തകർന്നതിന് കരാറുകാരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയാണ് സർക്കാർ ഏജൻസിയായ വിജിലൻസ് ചെയ്യുന്നത്. ഇതിൽ പ്രതിഷേധിച്ച് ഒക്ടോബർ പത്തുമുതൽ കേരളത്തിലെ മുഴുവൻ നിർമ്മാണ പ്രവൃത്തികളുടെയും ടെൻഡറുകൾ ബഹിഷകരിക്കുമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് ഏകോപനസമിതി ഭാരവാഹികൾ അറിയിച്ചു. ഈ രംഗത്തു പ്രവർത്തിക്കുന്ന നാലു സംഘടനകൾ ബഹിഷ്‌കരണ സമരത്തിൽ പങ്കെടുക്കും. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡിസംബർ ഒന്നുമുതൽ ഏറ്റെടുത്ത പ്രവൃത്തികളും നിർത്തിവയ്ക്കുമെന്നും കരാറുകാർ അറിയിച്ചു.

അഞ്ചുലക്ഷം രൂപ അടങ്കൽ വരുന്ന പ്രവൃത്തികളെ ഇ-ടെൻഡറുകളിൽ നിന്നും ഒഴിവാക്കാത്തതു കാരണം ചെറുകിടകരാറുകാർ ഈ മേഖലയിൽ നിന്നും മാറ്റി നിർത്തപ്പെടുകയാണ്. നേരത്തെയുണ്ടായിരുന്ന ചെറിയ പ്രവൃത്തികൾ ചെയ്യുന്ന നൂറുകണക്കിന് ചെറുകിടകരാറുകാരാണ് പണിയില്ലാതെ വെറുതെയിരിക്കുന്നത്. ടാറിന്റെ വിലവ്യതിയാനം സർക്കാർ നഷ്ടപരിഹാരമായി വകവെച്ചു നൽകുമെന്ന് വാഗ്ദ്ധാനം ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ജി. എസ്. ടി നഷ്പരിഹാരം ഇതുവരെ പൊതുമരാമത്ത് കരാറുകാർക്ക് നൽകിയിട്ടില്ല. കേന്ദ്രസർക്കാർ നൽകിവരുന്ന എം. എസ്. എം. ഇ ആനുകൂല്യങ്ങളും കരാറുകാർക്ക് അനുവദിക്കുന്നില്ല.

കരാറുകാരെ പഴിചാരി രൂപകൽപ്പനയിലെ അശാസ്ത്രീയത മറയ്ക്കുകയാണ് പൊതുമരാമത്ത് എൻജിനിയിറിങ് വിഭാഗം ചെയ്യുന്നത്. ഡിഫങ് ലിയബിലിറ്റി കാലയളവിൽ കണ്ടെത്തുന്ന വൈകല്യങ്ങൾ പരിഹരിക്കാൻ കരാറുകാർ തയ്യാറാണ്. നേരത്തെയും ഇതു പാലിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുവർഷമായി ഏറ്റെടുത്ത പ്രവൃത്തികളുടെ കുടിശിക നൽകാൻ ഇതുവരെ സർക്കാർ തയ്യാറായിട്ടില്ല. വിലവ്യതിയാനവ്യവസ്ഥ പാലിക്കാതെ തങ്ങളെ കരിമ്പട്ടികളിൽ ഉൾപ്പെടുത്താനാണ് വിജിലൻസും വകുപ്പും ധൃതികാണിക്കുന്നതെന്ന് കരാറുകാർ ചൂണ്ടിക്കാണിക്കുന്നു.

കരാറുകാരെ ദ്രോഹിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള ഗവ. കോൺട്രാക്ടേഴ്സ് ഏകോപന സമിതി നാളെ സമരപ്രഖ്യാപന കൺവെൻഷൻ നടത്തും.രാവിലെ 11 മണിക്ക് ജവഹർ ലൈബ്രറി ഹാളിൽ നടത്തുന്ന സമരപ്രഖ്യാപന കൺവെൻഷൻ സംസ്ഥാന ഏകോപന സമിതി ജനറൽ കൺവീനർ വർഗീസ് കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ പി.പി അബ്ദുൾ റഹി്മാൻ, കൺവീനർ എ.വിജയൻ, സുനിൽ പോള, പി. എം രാജീവ്, പി. എം ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP