Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഉച്ചഭക്ഷണ ഫണ്ട് നൽകുന്നതിൽ സർക്കാരിന് പിശുക്ക്; കുത്തുപാളയെടുത്ത് സ്‌കൂളുകൾ; ഹെഡ്‌മാസ്റ്റർമാരുടെ സംഘടന ധർണ നടത്തും

ഉച്ചഭക്ഷണ ഫണ്ട് നൽകുന്നതിൽ സർക്കാരിന് പിശുക്ക്; കുത്തുപാളയെടുത്ത് സ്‌കൂളുകൾ; ഹെഡ്‌മാസ്റ്റർമാരുടെ സംഘടന ധർണ നടത്തും

അനീഷ് കുമാർ

കണ്ണൂർ: ഉച്ചഭക്ഷണത്തിന് ഫണ്ട് കണ്ടെത്താനാവാതെ സ്‌കൂൾ പ്രധാനഅദ്ധ്യാപകർ നെട്ടോട്ടമോടുന്നു. സർക്കാർ ആനുപാതികമായി ഇതിനുള്ള ഫണ്ട് വർധിപ്പിക്കാത്തതാണ് ഉച്ചഭക്ഷണ പദ്ധതി സ്‌കൂൾ അധികൃതർക്ക് കോടാലിയായി മാറിയത്. 2016ൽ നിശ്ചയിച്ച നിരക്കിലാണ് ഇപ്പോഴും തുക അനുവദിക്കുന്നത്. 150 കുട്ടികൾ വരെയുള്ള വിദ്യാലയങ്ങൾക്ക് 8രൂപ, 500 വരെയുള്ളതിന് 7രൂപ, 500 നു മുകളിൽ 6രൂപ നിരക്കിലാണ് തുക അനുവദിക്കുന്നത്. ഇത് 20 രൂപയായെങ്കിലും വർധിപ്പിക്കണം.

ഉച്ചഭക്ഷണ സംവിധാനത്തിന് ഉപയോഗിക്കുന്ന അവശ്യസാധനങ്ങളുടെയും പാചക വാതകത്തിന്റെയും വില ഇരട്ടിയോ അതിലധികമോ ആയി വർധിച്ചതിനാൽ പ്രഥമാധ്യാപകരും ഉച്ചഭക്ഷണച്ചുമതലയുള്ള അദ്ധ്യാപകരും സ്‌കൂൾ ഉച്ചഭക്ഷണ സമിതി ഭാരവാഹികളും കടക്കെണിയിലാണ്. മുട്ട,പാൽ വിതരണം സംസ്ഥാന ഗവണ്മെന്റിന്റെ പോഷകാഹാര പരിപാടിയുടെ ഭാഗമായിട്ടുള്ളതാണ്. ഇതിന് പ്രത്യേകമായി ഫണ്ട് അനുവദിക്കുന്നില്ല.

പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതിനായി കഴിഞ്ഞ വർഷം ഇരുന്നൂറ്റി നാല്പതു കോടി രൂപ അധികമായി ഗവൺമെന്റിനോട് ആവശ്യപ്പെട്ടെങ്കിലും നാളിതുവരെ തുക അനുവദിച്ചിട്ടില്ല. കഴിഞ്ഞ ജൂണിൽ നൽകേണ്ട ഉച്ചഭക്ഷണ ഫണ്ട് സർക്കാർ നൽകിയത് ആഗസ്റ്റിലാണ്. ഇങ്ങനെ ചെലവഴിച്ച തുക കൃത്യമായി നൽകാത്തതിനാൽ പ്രധാന അദ്ധ്യാപകർ വ്യാപാരസ്ഥാപനങ്ങൾക്ക് കടക്കാരായി മാറുകയാണ്.

മുട്ട,പാൽ വിതരണം പ്രത്യേക പാക്കേജാക്കി തുക അനുവദിക്കുക, ഉച്ചഭക്ഷണ സംവിധാനത്തിനുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറികളും പാൽ, മുട്ട എന്നിവയും സർക്കാർ നിയന്ത്രണത്തിലുള്ള വിപണി വഴി സ്‌കൂളുകളിൽ എത്തിക്കുക എന്നീ ആവശ്യങ്ങളുമുണ്ട്. കേരളത്തിൽ തന്നെയുള്ള പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ ഈ സമ്പ്രദായം നടപ്പിലാക്കി വിജയിച്ചതാണെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്‌മാസ്റ്റേഴ്സ് അസോ.ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ഉച്ചഭക്ഷണചുമതലയിൽ നിന്ന് പ്രധാന അദ്ധ്യാപകരെ ഒഴിവാക്കി, പകരം സമൂഹ അടുക്കള സംവിധാനം ഉണ്ടാക്കണമെന്ന സംഘടനയുടെ അടിസ്ഥാനാവശ്യത്തിൽ നിന്നു പിന്നോട്ടില്ലെന്ന് നേതാക്കൾ പറഞ്ഞു. പ്രധാന അദ്ധ്യാപകനെ ഉച്ചഭക്ഷണ ചുമതലയേൽക്കുന്നതിനാൽ മിക്ക സ്‌കൂളുകളിലും പഠനത്തിന്് തടസങ്ങൾ നേരിടുന്നുണ്ട്. മുട്ട,പാൽ വിതരണം പ്രത്യേക പാക്കേജാക്കി തുക അനുവദിച്ചാൽ മാത്രമേ നിലവിലുള്ള പ്രതിസന്ധി അവസാനിക്കുകയുള്ളൂ.

ഉച്ചഭക്ഷണ സംവിധാനത്തിനുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറികളും പാൽ, മുട്ട എന്നിവയും സർക്കാർ നിയന്ത്രണത്തിലുള്ള വിപണി വഴി സ്‌കൂളുകളിൽ എത്തിക്കാൻ സർക്കാർ അടിയന്തിരമായി തയ്യാറാകണം. സംസ്ഥാനത്തുടനീളം വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസുകളുടെ മുന്നിൽ നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായാണ് ധർണ നടത്തുന്നത്.

കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്‌മാസ്റ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 20 ന് രാവിലെ 11 മണിക്കാണ് പ്രധാനാധ്യാപകർ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു മുന്നിൽ ധർണ നടത്തുകയെന്ന് കെ.പി.പി.എച്ച്.എ.സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.ശ്രീധരൻ , ജില്ലാ സെക്രട്ടറി വി.പി. രാജീവൻ , പ്രസിഡന്റ് കെ.വിജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെ.പി.പി.എച്ച്.എ. സംസ്ഥാന ട്രഷറർ കെ.എ.ബെന്നി ധർണ ഉദ്ഘാടനം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP