Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി സ്ഥാപനം; കാശില്ലാത്തതിന്റെ പേരിൽ ചികിത്സിക്കാൻ കഴിയാത്ത ഒരാളും ഉണ്ടാവരുത്; കിഫ്ബിയിലൂടെ വലിയ വികസനം സാധ്യമാക്കി എന്നും മുഖ്യമന്ത്രി

അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി സ്ഥാപനം; കാശില്ലാത്തതിന്റെ പേരിൽ ചികിത്സിക്കാൻ കഴിയാത്ത ഒരാളും ഉണ്ടാവരുത്; കിഫ്ബിയിലൂടെ വലിയ വികസനം സാധ്യമാക്കി എന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാശില്ലാത്തതിന്റെ പേരിൽ ചികിത്സിക്കാൻ കഴിയാത്ത ഒരാളും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. അവയവമാറ്റ ശസ്ത്രക്രിയയ്ക്കുൾപ്പെടെ വലിയ ചെലവാണ്. അവയവ മാറ്റിവയ്ക്കയ്ക്കൽ ശസ്ത്രക്രിയയ്ക്കായുള്ള ബ്രഹത്തായ സ്ഥാപനമാണ് ലക്ഷ്യമിടുന്നത്. ഇത് രാജ്യത്തെ ആദ്യ സംരഭമാകും. ജനങ്ങൾക്ക് നല്ല ചികിത്സയും പിന്തുണയും നൽകുവാനാണ് ലക്ഷ്യമിടുന്നത്. അതിനാലാണ് ആരോഗ്യ മേഖലയെ തേടി നിരവധി പുരസ്‌കാരങ്ങൾ എത്തുന്നത്. നവകേരള സൃഷ്ടിയാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സമഗ്ര വികസന മാസ്റ്റർ പ്ലാനിന്റെ ഭാഗമായ മേൽപ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യ രംഗത്ത് വലിയ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. ആശുപത്രികളിൽ ചികിത്സിക്കാനെത്തുന്നവരുടെ എണ്ണം കൂടുന്നു. സമൂഹത്തിലെ എല്ലാ ശ്രേണിയിലുള്ളവരും പൊതു ആരോഗ്യ സംവിധാനത്തിലെത്തുന്നു. ആവശ്യമായ ശേഷി ഖജനാവിനില്ലാത്തതാണ് കിഫ്ബിയിലൂടെ പണം കണ്ടെത്തിയത്. കിഫ്ബി വഴി 2021 ആയപ്പോയേക്കും ലക്ഷ്യം വച്ചതിനെക്കാൾ കൂടുതൽ കൈവരിക്കാനായി. 50,000 കോടി രൂപ ലക്ഷ്യം വച്ചതിനേക്കാൾ 62,000 കോടി രൂപയുടെ പദ്ധതികൾ പശ്ചാത്തല വികസനത്തിന്റെ ഭാഗമായി സാധ്യമാക്കാനായി. ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, പാലങ്ങൾ, വിവിധ വികസന പദ്ധതികൾ തുടങ്ങിയവയുടെ പശ്ചാത്തല വികസനത്തിന് കിഫ്ബി ഏറെ സഹായിച്ചു.

സംസ്ഥാനത്തെ ആശുപത്രികളിൽ സൗകര്യങ്ങളൊരുക്കുന്നതിന് ഏറെ സഹായിച്ചു. കോവിഡ് മഹാമാരിക്കാലത്ത് പല വികസിത രാജ്യങ്ങളും മുട്ടുകുത്തിയപ്പോൾ നമ്മുടെ ആരോഗ്യ രംഗം മികച്ചതായി നിന്നു. ഓക്സിജൻ, ഐസിയു, വെന്റിലേറ്റർ തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. അർപ്പണ മനോഭാവത്തോടെയുള്ള ആരോഗ്യ പ്രവർത്തകർ വലിയ സേവനമാണ് നൽകിയത്.

ആശുപത്രികൾക്ക് നേരെയുള്ള അതിക്രമങ്ങളെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഏത് ആശുപത്രിയാണെങ്കിലും നല്ല ശുശ്രൂഷ നൽകാനാണ് ശ്രമിക്കുക. സ്വാഭാവികമായി മരണപ്പെട്ടുപോകുന്നവരുണ്ടാകാം. ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാൽ അക്രമം നടക്കുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങൾ കാണുന്നുണ്ട്. ഇതംഗീകരിക്കാൻ കഴിയില്ല. പരാതിയുണ്ടെങ്കിൽ ഭരണകൂടം അത് ഗൗരവമായി പരിശോധിക്കുന്നതാണ്. നല്ല സംയമനം പാലിക്കണം. അതോടൊപ്പം താഴെത്തലം മുതലുള്ളവർക്ക് അർപ്പണ മനോഭാവം ഉണ്ടായിരിക്കണം. ചെറിയ നോട്ടപിശക് പോലും ഉണ്ടാകാൻ പാടില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരുകൂട്ടം ആരോഗ്യ സംവിധാനങ്ങൾ ഒന്നിച്ച് കിടക്കുന്നു എന്ന പ്രത്യേകതയുണ്ട്. അതിനാൽ തന്നെ ഇവിടെ വലിയ സൗകര്യങ്ങൾ വരുത്തുന്നത് നാട് ആഗ്രഹിക്കുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ആശുപത്രികളിൽ ഏറ്റവും മികച്ച ചികിത്സ ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. മെഡിക്കൽ കോളേജുകളുടെ വികസനത്തിന് സർക്കാർ സവിശേഷ പ്രാധാന്യമാണ് നൽകുന്നത്. ഇടുക്കി മെഡിക്കൽ കോളേജിന് 100 എംബിബിഎസ് സീറ്റിന് അനുമതി ലഭ്യമായി. കൊല്ലം, മഞ്ചേരി മെഡിക്കൽ കോളേജുകളിൽ നഴ്സിങ് കോളേജുകൾ ആരംഭിക്കുന്നു. കോഴിക്കോട്, കോട്ടയം മെഡിക്കൽ കോളേജുകൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചു. ഈ സർക്കാർ വന്ന ശേഷം 24 സ്പെഷ്യാലിറ്റി സീറ്റുകൾക്കും 9 സൂപ്പർ സ്പെഷ്യാലിറ്റി സീറ്റുകൾക്കും അനുമതി നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. ആദ്യമായി എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. എമർജൻസി മെഡിസിൻ മൂന്ന് പിജി സീറ്റുകൾക്ക് അനുമതി ലഭ്യമാക്കി കോഴ്സ് ആരംഭിച്ചു. 4.16 കോടി രൂപ ചെലവഴിച്ച് സർക്കാർ മേഖലയിലെ ആദ്യത്തെ ന്യൂറോ കാത്ത്ലാബ് പ്രവർത്തനസജ്ജനമാക്കുന്നു. സമഗ്ര സ്ട്രോക്ക് സെന്റർ സജ്ജമായി വരുന്നു. എമർജൻസി മെഡിസിൻ സംവിധാനമൊരുക്കി നൂതന സംവിധാനങ്ങളോടു കൂടിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു. സ്പെറ്റ് സിടി ആരംഭിക്കാൻ അനുമതി നൽകി. കേരളത്തിൽ ആദ്യമായി കോട്ടയം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സജ്ജമാക്കി. മാസ്റ്റർ പ്ലാനിന്റെ രണ്ടാംഘട്ടത്തിൽ കെട്ടിട നിർമ്മാണമാണ് നടക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

കടകംപള്ളി സുരേന്ദ്രൻ എംഎ‍ൽഎ. മുഖ്യാതിഥിയായി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു സ്വാഗതവും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി. കലാ കേശവൻ നന്ദിയും പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. അനിൽകുമാർ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാർ ഡി.ആർ. അനിൽ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദീൻ, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. ബിന്ദു എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP