Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രകോപനപരമായ ലേഖനങ്ങൾ എഴുതുന്നത് ആരെന്ന് അന്വേഷണം; ശിക്ഷിക്കപ്പെട്ടത് പരവൂർ സ്വദേശിയായ മുഹമ്മദ് ബഷീർ; കാര്യമറിഞ്ഞ് പേരിനൊപ്പം വൈക്കം കൂട്ടിച്ചേർത്തു; ഇമ്മിണി ബല്യ ആ പേര് പിറന്ന കഥ

പ്രകോപനപരമായ ലേഖനങ്ങൾ എഴുതുന്നത് ആരെന്ന് അന്വേഷണം; ശിക്ഷിക്കപ്പെട്ടത് പരവൂർ സ്വദേശിയായ മുഹമ്മദ് ബഷീർ; കാര്യമറിഞ്ഞ് പേരിനൊപ്പം വൈക്കം കൂട്ടിച്ചേർത്തു; ഇമ്മിണി ബല്യ ആ പേര് പിറന്ന കഥ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സ്വാതന്ത്ര്യ സമര കാലഘട്ടം. തിരുവിതാംകൂർ ദിവാനായ സി.പി.രാമസ്വാമി അയ്യർക്കെതിരേ പ്രതിഷേധം കത്തിപ്പടരുന്നു. എഴുത്തും പ്രസംഗങ്ങളുമായി സമരത്തിന് ഊർജം പകർന്ന് ഒട്ടേറെപ്പേർ സമരമുഖത്തുണ്ടായിരുന്നു.

വൈക്കം മുഹമ്മദ് ബഷീർ അന്ന് മുഹമ്മദ് ബഷീർ എന്നപേരിൽ ദിവാനെതിരേ നിരന്തരം ലേഖനങ്ങളെഴുതിവന്നു. തിരുവിതാംകൂർ വിദ്യാർത്ഥി ഫെഡറേഷൻ പ്രസിഡന്റും പരവൂർ സ്വദേശിയുമായ മുഹമ്മദ് ബഷീറും രാമസ്വാമി അയ്യർക്കെതിരേ സമരരംഗത്തുണ്ടായിരുന്നു. പ്രകോപനപരമായ ലേഖനങ്ങൾ എഴുതുന്നത് ഏത് മുഹമ്മദ് ബഷീറാണെന്ന് തിരിച്ചറിയാത്ത നിലയിലായി പൊലീസ്.

പലപ്പോഴും അറസ്റ്റിലായതും ജയിൽവാസമനുഭവിച്ചതും പരവൂർ സ്വദേശിയായ മുഹമ്മദ് ബഷീറാണ്. പേരിലുള്ള സാമ്യംമൂലം ഒരു നിരപരാധി ജയിലിലാകുന്ന വിവരമറിയാനിടയായ എഴുത്തുകാരൻ മുഹമ്മദ് ബഷീർ തന്റെ പേര് പിന്നീട് വൈക്കം മുഹമ്മദ് ബഷീർ എന്നാക്കിമാറ്റി. കെ.എം.മുഹമ്മദ് ബഷീറിനെത്തേടി പൊലീസ് പിന്നീട് എത്തിയതുമില്ല.

സ്റ്റേറ്റ് കോൺഗ്രസിന്റെ വിദ്യാർത്ഥിവിഭാഗമായിരുന്ന വിദ്യാർത്ഥി ഫെഡറേഷൻ പ്രസിഡന്റായിരുന്നു കെ.എം.ബഷീർ. സി.എം.സ്റ്റീഫനായിരുന്നു ജനറൽ സെക്രട്ടറി. സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കൃതമായതുമുതൽ ബഷീർ പ്രവർത്തനങ്ങൾ സക്രിയമാക്കി. സ്വതസിദ്ധമായ പ്രസംഗശൈലികൊണ്ടുതന്നെ അദ്ദേഹം പേരെടുത്തു. ദിവാനെതിരായ പോരാട്ടങ്ങൾക്കിടയിൽ പലതവണ അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. 1938-ൽ കൊല്ലത്ത് നടന്ന പ്രകടനത്തിന്റെപേരിൽ പൊലീസിന്റെ ക്രൂരമർദനത്തിനും ഇരയായി.

ക്വിറ്റിന്ത്യ പ്രക്ഷോഭകാലത്ത് വിദ്യാലയങ്ങൾതോറും സഞ്ചരിച്ച് ക്ലാസ്സുകൾ ബഹിഷ്‌കരിക്കാൻ ബഷീർ ആഹ്വാനംചെയ്തു. അതിന്റെപേരിലും അദ്ദേഹം അറസ്റ്റിലായി. ജയിലിൽ നിരാഹാരമനുഷ്ഠിച്ച അദ്ദേഹം സി.പി.രാമസ്വാമി അയ്യർക്ക് അയച്ച കത്തും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോൺഗ്രസുമായി പിന്നീട് അകന്ന ബഷീർ ഫോർവേഡ് ബ്ലോക്കിൽ ചേർന്നു പ്രവർത്തിച്ചു. ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ചെയർമാനായും പ്രവർത്തിച്ചു. നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹം മത്സരിച്ചു.

പരവൂർ തെക്കുംഭാഗം ഗവൺമെന്റ് പ്രൈമറി സ്‌കൂളിൽനിന്നാണ് ബഷീർ പ്രാഥമികവിദ്യാഭ്യാസം നേടിയത്. കോട്ടപ്പുറം സ്‌കൂളിൽനിന്ന് ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തിരുവനന്തപുരം ആർട്‌സ് കോളേജിൽ ഇന്റർമീഡിയറ്റിന് ചേർന്നു. എന്നാൽ പരീക്ഷയെഴുതാൻ കഴിഞ്ഞില്ല. ഒടുവിൽ അജ്മീർ സർവകലാശാലയിൽനിന്നാണ് അദ്ദേഹം ഇന്റർമീഡിയറ്റ് പാസായത്. 1968 ജൂൺ 19-നായിരുന്നു ബഷീർ മരിച്ചത്. ഭാര്യ: പരേതയായ റഫീക്ക. അഭിഭാഷകനായിരുന്ന പരേതനായ സൗദത്തും പരേതയായ ഡോ. സമിയത്തുമാണ് മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP