Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202227Tuesday

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ടു ജില്ലകളിൽ റെഡ് അലർട്ട്; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട്; കൂടുതൽ ഷട്ടറുകൾ തുറക്കുന്നു; ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ തുറക്കും; ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് അതിശക്തമായ മഴ; എട്ടു ജില്ലകളിൽ റെഡ് അലർട്ട്; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത; ആറ് അണക്കെട്ടുകളിൽ റെഡ് അലർട്ട്; കൂടുതൽ ഷട്ടറുകൾ തുറക്കുന്നു; ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നു; മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ നാളെ രാവിലെ തുറക്കും; ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ടു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്, കൊല്ലം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം ജില്ലയിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, വയനാട്, പത്തനംതിട്ട, തൃശൂർ, കോട്ടയം, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, പാലക്കാട് ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ കലക്ടർമാരാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എംജി സർവകലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ചാലക്കുടി പുഴയിലേക്ക് ജലമെത്തുന്ന എല്ലാ ഡാമുകളും തുറന്നതോടെ ജലനിരപ്പ് അപകടകരമാംവിധം ഉയരുകയാണ്. കേരള ഷോളയാർ, പെരിങ്ങൽകുത്ത്, പറമ്പിക്കുളം ഡാമുകൾ നിലവിൽ തുറന്നിരിക്കുകയാണ്. പുഴയിലും വൃഷ്ടി പ്രദേശത്തും മഴ പെയ്യുന്നതിനാൽ നിലവിലെ ജലനിരപ്പിൽ കാര്യമായ വർധനവുണ്ടാകും. ഡാമുകളിൽ നിന്നുള്ള വെള്ളം രാത്രിയോടെ ചാലക്കുടി പുഴയിലേക്ക് എത്തുന്നതോടെ സ്ഥിതി ഗൗരവതരമാകുമെന്ന് മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നൽകിയിരുന്നു.

അതിശക്തമായ മഴ തുടരുന്ന കേരളത്തിലെ ആറ് ഡാമുകളിൽ റെഡ് അലർട്ട് തുടരുകയാണ്. പൊന്മുടി, കല്ലാർകുട്ടി, ലോവർ പെരിയാർ, ഇരട്ടയാർ, മൂഴിയാർ, കുണ്ടള ഡാമുകളിലാണ് റെഡ് അലർട്ട്. പെരിങ്ങൽക്കത്ത്, മീങ്കര, മംഗലം ഡാമുകളിൽ ഓറഞ്ച് അലർട്ടാണ്. വലിയ ഡാമുകളിൽ നിലവിൽ ആശങ്കയുടെ സാഹചര്യമില്ലെങ്കിലും, പരമാവധി സംഭരണശേഷിയിലേക്ക് എത്തിക്കാതെ ക്രമീകരണം തുടരാണ് നിലവിലെ തീരുമാനം. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാൽ മലമ്പുഴ ഡാം നാളെ രാവിലെ 9 മണിക്ക് തുറക്കും. കൽപ്പാത്തി, ഭാരതപുഴ, മുക്കൈ പുഴയോരവാസികൾ ജാഗ്രത പാലിക്കണം

കാഞ്ഞിരപ്പുഴ ഡാം പരിസരത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നിലവിൽ 50 സെ.മീ ഉയർന്നിരിക്കുന്ന കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകൾ 60 സെ.മീ ആയി ഉയർത്തുമെന്ന് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഇടുക്കി കല്ലാർ അണക്കെട്ട് തുറന്നേക്കും. 822.80 മീറ്റർ ആണ് ഇപ്പോഴത്തെ ജലനിരപ്പ്. 824 മീറ്ററിനു മുകളിൽ എത്തിയാൽ ഷട്ടർ തുറക്കും. കല്ലാർ പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി. തെന്മല ഡാം നാളെ രാവിലെ 11 മണിക്ക് തുറന്ന് വെള്ളമൊഴുക്കി വിടും. ഡാമിലെ മൊത്തം സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളമാണ് ഇപ്പോഴുള്ളത്. 3 ഷട്ടറുകളും 50 സെന്റീമീറ്റർ വീതമാകും ഉയർത്തുക. കല്ലാർകുട്ടി ഡാമിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിയതോടെ കല്ലാർകുട്ടിക്കും പനം കുട്ടിക്കും ഇടയിൽ സംരക്ഷണഭിത്തി ഇടിഞ്ഞു. അടിമാലി കുമളി സംസ്ഥാനപാത അപകടാവസ്ഥയിലായി. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

മഴ തുടരുന്ന സാഹചര്യത്തിലും പീച്ചി ഡാമിൽ നിന്ന് വെള്ളം തുറന്ന് വിട്ടതിനാൽ പാണഞ്ചേരി, പുത്തൂർ പഞ്ചായത്തുകളിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു തുടങ്ങി. പുത്തൂർ ഗ്രാമപഞ്ചായത്ത് വെള്ളം കയറിയ പുഴബള്ളം ഭാഗത്തുള്ള വരെയും പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കണ്ണാറ ഭാഗത്ത് നിന്നുമാണ് ആളുകളോട് മാറാൻ പറഞ്ഞിരിക്കുന്നത്. അങ്കണവാടി, ബന്ധുവീടുകൾ എന്നിവിടങ്ങളിലേക്കാണ് മാറിയിരിക്കുന്നത്. ആവശ്യഘട്ടത്തിൽ ക്യാമ്പ് തുടങ്ങാൻ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റുമാർ അറിയിച്ചു.

പത്തനംതിട്ട ജില്ലയിൽ മഴ ശക്തമായി തുടരുന്നു. പമ്പ, മണിമല, അച്ചൻകോവിൽ നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പു നൽകി. ജനങ്ങൾ സുരക്ഷിതമായ ക്യാംപുകളിലേക്കു മാറണം. റാന്നിയിൽ പലയിടങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി. കുടമുട്ടി റോഡ് തകർന്നു. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നു. അറയാഞ്ഞിലിമൺ കോസ്വേ മുങ്ങി. പന്തളത്ത് കരിങ്ങാലി പാടത്ത് വെള്ളമുയർന്നു, നാഥനടി, ചെറുമല ഭാഗങ്ങളിൽ ജാഗ്രത. മൂഴിയാറിൽ മലവെള്ളത്തിൽ തടിപിടിക്കാൻ ചാടിയവർക്കെതിരെ പൊലീസ് കേസെടുത്തു. മണിമലയാറ്റിലും ജലനിരപ്പുയരുകയാണ്.

ചാലക്കുടി പുഴയോരത്ത് താമസിക്കുന്ന ആളുകൾ മാറി താമസിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരുന്ന എല്ലാ ഡാമുകളും തുറന്ന് കിടക്കുകയായതിനാൽ രാത്രിയോടെ ഇവിടങ്ങളിൽ നിന്നുള്ള ജലം പുഴയിലേക്ക് പൂർണതോതിൽ എത്തും. പറമ്പിക്കുളം ഡാമിൽ നിന്ന് ഉൾപ്പെടെ 19,000 ക്യുസെക്സ് വെള്ളമാണ് ഒഴുക്കി വിടുന്നത്. ഏകദേശ ജലനിരപ്പ് 7.10 മീറ്റർ ആകുമ്പോഴാണ് വാണിങ് ലെവൽ ആകുക. ഇത് എട്ട് മീറ്ററിലേക്ക് ഉയരുമ്പോൾ അത് അപകടകരമായ സ്ഥിതിയായി മാറും. എന്നാൽ ഈ അവസ്ഥയിലേക്ക് നിലവിൽ കാര്യങ്ങൾ എത്തിയിട്ടില്ല.

അതേസമയം, പറമ്പിക്കുളത്തുനിന്ന് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാറുള്ള ജലം ഇപ്പോൾ കൊണ്ടുപോകുന്നില്ലെന്നതാണ് മറ്റൊരു വിവരം. ഇത് കേരള തമിഴ്‌നാട് സർക്കാരുകൾ തമ്മിൽ ചർച്ച നടത്തി തീർപ്പാക്കേണ്ട കാര്യമാണ്. അഞ്ച് ദിവസമായി കോണ്ടോർ കനാൽ വഴി തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നില്ല. 1200 ക്യുസക്സ് വെള്ളമാണ് ഇത്തരത്തിൽ കൊണ്ടുപോയിരുന്നത്. എന്നാൽ ഇതും ഇപ്പോൾ ചാലക്കുടി പുഴയിലേക്കാണ് ഒഴുകുന്നത്.

അതേസമയം, രാത്രിയാണ് ജലനിരപ്പ് ഉയരാനുള്ള സാധ്യതയെങ്കിലും മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടാണ് ആളുകളെ മാറ്റി പാർപ്പിക്കുന്നത്. ചാലക്കുടിയിൽ താലൂക്ക് അടിസ്ഥാനത്തിലും ഒപ്പം ജില്ലാ അടിസ്ഥാനത്തിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് ആളുകളെ മാറ്റി പാർപ്പിച്ചുതുടങ്ങിയിട്ടുണ്ട്. 2018-ലെ പ്രളയബാധിത പ്രദേശങ്ങളായ കൂടപ്പുഴ, പരിയാരം, അന്നമനട, പാറക്കടവ് എന്നിവിടങ്ങളിലും പുത്തൻവേലിക്കര പഞ്ചായത്തിലും ആളുകളെ ഒഴിപ്പിക്കുന്നു. ചാലക്കുടി പുഴയോരത്തുള്ളവരെ മാറ്റി പാർപ്പിച്ചതായി കളക്ടർ അറിയിച്ചു. 

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഓഗസ്റ്റ്് ഏഴോടു കൂടി ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെയും ഷീയർ സോനിന്റെയും അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായി കേരളത്തിൽ ഓഗസ്റ്റ് 4 മുതൽ 8 വരെ ശക്തമായ മഴയ്ക്കും ഓഗസ്റ്റ് 5 നു ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കണ്ണൂർ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്‌സിറ്റി പരീക്ഷകൾക്ക് അവധി ബാധകമല്ല.

എറണാകുളം ജില്ലയിൽ പ്രഫഷനൽ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ ഡോ. രേണു രാജ് അറിയിച്ചു.

വയനാട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പ്രഫഷനൽ കോളജുകൾ ഉൾപെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. റെസിഡൻഷ്യൽ വിദ്യാലയങ്ങൾക്ക് അവധി ബാധകമല്ല.

പത്തനംതിട്ട ജില്ലയിൽ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പു നിലനിൽക്കുന്നതിനാൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. മുൻപേ നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല.

തൃശൂർ ജില്ലയിലെ അങ്കണവാടി മുതൽ പ്രഫഷനൽ കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്‌കൂളുകൾക്ക് അവധി ബാധകമല്ല. പരീക്ഷകൾക്കു മാറ്റമില്ല.

കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി

ഇടുക്കി ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി.

പാലക്കാട് ജില്ലയിൽ മഴ തുടരുന്നതിനാലും നാളെ അതിതീവ്ര മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് വെള്ളിയാഴ്ച ജില്ലയിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലെ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളുടെ പ്രവർത്തനങ്ങൾക്കും നാളെ നടക്കാനിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP