Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വൃക്ക മാറ്റിവച്ച രണ്ടു പേർക്ക് അണുബാധ; പൂപ്പൽബാധ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു

വൃക്ക മാറ്റിവച്ച രണ്ടു പേർക്ക് അണുബാധ; പൂപ്പൽബാധ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു

സ്വന്തം ലേഖകൻ

കോഴിക്കോട്: പൂപ്പൽബാധ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തിയറ്ററും ഐസിയുവും അടച്ചു. തിയറ്ററിൽനിന്നും വൃക്ക മാറ്റിവച്ച രണ്ടു പേർക്ക് അണുബാധ ഉണ്ടായി. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് തിയറ്ററിലും ഐസിയുവിലും പൂപ്പൽ ബാധയുണ്ടെന്ന് തെളിഞ്ഞത്. വൃക്ക മാറ്റിവച്ച ഒരാളുടെ മൂത്രത്തിനു നിറവ്യത്യാസം കണ്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണു പൂപ്പൽബാധ വ്യക്തമായത്. തുടർന്ന് രണ്ടാമത്തെ ആളെയും പരിശോധനയ്ക്കു വിധേയമാക്കുകയായിരുന്നു.

രണ്ടു പേർക്കും യഥാസമയം വിദഗ്ധ ചികിത്സ നൽകിയതിനാൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായില്ലെന്നു ഡോക്ടർമാർ പറയുന്നു. ഒരാളെ തീവ്രപരിചരണ വിഭാഗത്തിലും മറ്റൊരാളെ പേ വാർഡിലുമാണു പ്രവേശിപ്പിച്ചത്. എയർകണ്ടീഷനറിൽനിന്നും വെള്ളം തിയറ്ററിലേക്ക് എത്തിയതാണ് അണുബാധയ്ക്കു കാരണമായി പറയുന്നത്. മരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി പ്രശ്‌നം പരിഹരിച്ചു.

തിയറ്റർ അടച്ചതോടെ പ്ലാസ്റ്റിക് സർജറി, കാർഡിയോ തൊറാസിക് സർജറി, ഉദരരോഗ ശസ്ത്രക്രിയ എന്നീ വിഭാഗങ്ങൾ ഉപയോഗിക്കുന്ന തിയറ്റർ താൽക്കാലികമായി യൂറോളജി വിഭാഗത്തിനു കൂടി നൽകി. മൂന്നു വിഭാഗങ്ങൾക്കു ശസ്ത്രക്രിയ ഇല്ലാത്ത ദിവസങ്ങളിൽ യൂറോളജി വിഭാഗത്തിനു ഉപയോഗിക്കുന്ന തരത്തിലാണു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. തിയറ്ററിൽ നിന്നും സ്വാബ് എടുത്ത് മൈക്രോബയോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അടുത്ത ദിവസം ഫലം ലഭിച്ച ശേഷമേ തിയറ്റർ തുറക്കൂ.

മെഡിക്കൽ കോളജിൽ മൈക്രോ ബയോളജി വിഭാഗത്തിൽ പൂപ്പൽ പരിശോധന നടത്തുന്ന സീനിയർ സയന്റിഫിക് അസിസ്റ്റന്റ് മെയ്‌ 31ന് വിരമിച്ചതാണ്. പകരം ആളെ നിയമിച്ചിട്ടില്ല. താൽക്കാലികമായി ആളെ വയ്ക്കാൻ അനുമതിക്കായി മെഡിക്കൽ കോളജിൽനിന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കു കത്തയച്ചെങ്കിലും തുടർ നടപടിയായിട്ടില്ല.

കോവിഡിനെ തുടർന്ന് ബ്ലാക്ക് ഫംഗസ് ഉൾപ്പെടെ ഉണ്ടായപ്പോൾ മൈക്കോളജിസ്റ്റിന്റെ സഹായത്തോടെ യഥാസമയം പരിശോധന നടത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കിയതിനാലാണു പലരെയും രക്ഷപ്പെടുത്താനായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP