Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലേഷ്യക്കാരല്ല; നമ്മുടെ നാട്ടിലെ ചീവീടുകൾ പശ്ചിമഘട്ടത്തിൽ രൂപപ്പെട്ടവയെന്ന് കണ്ടെത്തൽ

മലേഷ്യക്കാരല്ല; നമ്മുടെ നാട്ടിലെ ചീവീടുകൾ പശ്ചിമഘട്ടത്തിൽ രൂപപ്പെട്ടവയെന്ന് കണ്ടെത്തൽ

സ്വന്തം ലേഖകൻ

മൂന്നാർ: നമ്മുടെ നാട്ടിൽ കാണുന്ന ചീവീടുകൾ പശ്ചിമഘട്ടത്തിൽ രൂപപ്പെട്ടവയെന്ന് കണ്ടെത്തൽ. മലേഷ്യയിൽ നിന്നെത്തിയതാണെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ, അവ പശ്ചിമഘട്ടത്തിൽത്തന്നെ രൂപപ്പെട്ടവയാണെന്ന് ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി റിസർച്ച് അസോസിയേറ്റ് ഡോ. കലേഷ് സദാശിവനാണ് കണ്ടെത്തിയത്.

മലേഷ്യയിൽ കണ്ടുവരുന്ന പോം പാനിയ ലിനേരിയസ് എന്ന ശാസ്ത്രനാമത്തിലുള്ള ചീവീടുകൾക്ക് ഇവിടെയുള്ളവയുമായി സാമ്യമുണ്ട്. അതുകൊണ്ടാണ് ഇവ അവിടെനിന്ന് എത്തിയവയാണെന്ന് കരുതിയത്. എന്നാൽ, ഡോ. കലേഷ് നടത്തിയ പഠനത്തിൽ വ്യത്യാസങ്ങൾ കണ്ടെത്തുകയായിരുന്നു. ഇടുക്കി രാജകുമാരി സ്വർഗമേടിലെ ഏലത്തോട്ടത്തിൽ നടത്തിയ പഠനമാണ് ഈ നിഗമനത്തിലേക്ക് എത്തിച്ചത്. തുടർന്ന് കേരളത്തിലെ വിവിധ ഇടങ്ങളിലും പഠനം നടത്തിയപ്പോൾ ഇതേ ഇനത്തെത്തന്നെ കണ്ടെത്തുകയും ചെയ്തു.

കലേഷ് സദാശിവന്റെ പേരുകൂടി ചേർത്ത് 'പോം പാനിയ സ്യൂഡോലി നേരിയസ് സദാശിവൻ' എന്ന ശാസ്ത്രനാമവും ഈ ഇനത്തിന് നൽകിയിട്ടുണ്ട്. പുറപ്പെടുവിക്കുന്ന ശബ്ദം, ജനനേന്ദ്രിയത്തിന്റെ ആകൃതി എന്നിവയിലെ വ്യത്യാസമാണ് മലേഷ്യൻ ഇനവുമായി പശ്ചിമഘട്ടത്തിലുള്ളവയെ വേറിട്ടതാക്കുന്നത്. ഭൂമിക്കടിയിൽ കഴിയുന്നതുൾപ്പെടെ 13 മുതൽ 17 വർഷംവരെയാണ് പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ ചീവീടുകളുടെ ആയുസ്സ്. എന്നാൽ, മലേഷ്യൻ ഇനത്തിന് മൂന്നുമുതൽ അഞ്ചുവർഷംവരെ ആയുസ്സേയുള്ളൂ.

ഇണ ചേർന്നുകഴിഞ്ഞാൽ പെൺവർഗം മരങ്ങളുടെ ശിഖരങ്ങൾ മുളയ്ക്കുന്ന ഭാഗത്ത് മുട്ടയിടും. ഒരേ സമയം 600 മുട്ടകൾ വരെയുണ്ടാകും. ഈ മുട്ടകൾ മരത്തിൽനിന്നും താഴെവീണ് മണ്ണിനടിയിൽക്കിടന്ന് വിരിയും. മണ്ണിനടിയിൽ വർഷങ്ങളോളം കഴിയുന്ന ഇവ മരങ്ങളുടെ വേരുകളിൽനിന്നും സത്ത് വലിച്ചുകുടിക്കും. മുട്ടയിൽനിന്ന് പുറത്തുവരുന്ന ഇവയ്ക്ക് ചിറകുകൾ മുളയ്ക്കുന്നതോടെ മരങ്ങളിലും മറ്റും പറന്നുവന്നിരുന്ന് ഇണകളെ ആകർഷിക്കാൻ ശബ്ദം പുറപ്പെടുവിക്കും. ആൺവർഗത്തിന് ശബ്ദം കൂടുതലാണ്.

ചെകിള, ഇതിനുമാത്രമുള്ള ടിംപാനം എന്നിവകൊണ്ടാണ് ശബ്ദം പുറപ്പെടുവിക്കുന്നത്. ഭൂമിക്കടിയിൽനിന്നും പുറത്തുവരുന്ന ചീവീടുകൾക്ക് മുന്നുമുതൽ നാല് ആഴ്ചകൾവരെ ആയുസ്സേയുള്ളൂ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP