Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ട തൊടാതെ വിഴുങ്ങാൻ സാധ്യമല്ല; നുണകൾ കൊണ്ട് പ്രതിരോധ കോട്ട തീർക്കാനാണ് ശ്രമം; മറുപടി പറയാതെ തെന്നി മാറുന്നത് മടിയിൽ കനമുള്ളതുകൊണ്ടാണോ എന്നും കെ.സുധാകരൻ എംപി

മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ട തൊടാതെ വിഴുങ്ങാൻ സാധ്യമല്ല; നുണകൾ കൊണ്ട് പ്രതിരോധ കോട്ട തീർക്കാനാണ് ശ്രമം; മറുപടി പറയാതെ തെന്നി മാറുന്നത് മടിയിൽ കനമുള്ളതുകൊണ്ടാണോ എന്നും കെ.സുധാകരൻ എംപി

അനീഷ് കുമാർ

കണ്ണൂർ:സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാൻ സാധ്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാതെ മുഖ്യമന്ത്രി തെന്നിമാറുകയാണ്. ഇത് മടിയിൽ കനമുള്ളതുകൊണ്ടാണോ. സ്വർണ്ണക്കടത്ത്, കറൻസികടത്ത് തുടങ്ങിയവയിൽ ഹൈക്കോടതി മേൽ നോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. അതിനോട് മുഖ്യമന്ത്രി മുഖം തിരിക്കുകയാണ്.

സ്വപ്നയുടെ രഹസ്യമൊഴി കളവെങ്കിൽ നിയമ നടപടി സ്വീകരിക്കാത്തത് എന്തെന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി പറയാൻ തയ്യാറാകാത്തത് ദുരൂഹത വർധിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനിടെ ബാഗേജ് കാണാതായ സംഭവുമായി ബന്ധപ്പെട്ട പരസ്പരവിരുദ്ധ കാര്യങ്ങളാണ് ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നത്.

ബാഗേജ് മറന്നു പോയിട്ടില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞപ്പോൾ കസ്റ്റംസിന് നൽകിയ എം.ശിവശങ്കറിന്റെതായി പുറത്ത് വന്ന മൊഴിയിൽ പറയുന്നത് അതിഥികൾക്കുള്ള ആറന്മുള കണ്ണാടി ഉൾപ്പെടെയുള്ള ഉപഹാരങ്ങൾ അടങ്ങിയ ബാഗേജ് വിട്ടു പോയപ്പോൾ കോൺസുൽ ജനറലിന്റെ സഹായത്തോടെ എത്തിച്ചുയെന്നാണ്.എന്നാൽ ഈ വിഷയത്തിൽ സ്വപ്ന പറഞ്ഞതാകട്ടെ കോൺസ്ലേറ്റ് ജനറലിന്റെ സഹായത്തോടെ എത്തിച്ച ബാഗിൽ നിറയെ കറൻസിയായിരുന്നുവെന്നുമാണ്.ഇതിൽ ആരാണ് കള്ളം പറയുന്നതെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും സുധാകരൻ പറഞ്ഞു.

സ്വപ്നയെ സംരക്ഷിക്കുന്നത് ആർഎസ്എസ് ആണെന്ന് മുഖ്യമന്ത്രി പറയുമ്പോൾ എന്തുകൊണ്ട് അവരുടെ രഹസ്യമൊഴിയെ കോടതിയിൽ ചോദ്യം ചെയ്യുന്നില്ലെന്നും മറ്റുനിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും വിശദീകരിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്.മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടാൽ പോലും കേസെടുക്കുന്ന ഈ സർക്കാരിന്റെ കാലത്ത് ഗുരുതര സ്വഭാവമുള്ള രഹസ്യമൊഴി നൽകിയിട്ടും നിയമ നടപടി സ്വീകരിക്കാത്തത് വിചിത്രവും അത്രയങ്ങ് ദഹിക്കാത്തതുമാണ്.

ആരോപണം ഉന്നയിക്കുന്ന വ്യക്തിക്കെതിരെ വളഞ്ഞ വഴിയിലൂടെ പ്രതികാര നടപടിയെടുക്കുന്നതോടൊപ്പം ആ വ്യക്തിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതും സ്വയം രക്ഷപെടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമായി ആരെങ്കിലും വ്യാഖ്യാനിച്ചാൽ കുറ്റംപറയാനാകില്ലെന്നും സുധാകരൻ പറഞ്ഞു. നുണകൾ കൊണ്ട് പ്രതിരോധ കോട്ട തീർക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.സ്വപ്നയുടെ രഹസ്യമൊഴി മാറ്റാൻ ശ്രമിച്ച ഇടനിലക്കാരൻ കെട്ടുക്കഥയാണെങ്കിൽ വിജിലൻസിന്റെ അതീവ രഹസ്യനീക്കങ്ങൾ എങ്ങനെയാണ് ഇയാൾ മനസിലാക്കിയെന്നത് കേരളീയ സമുഹത്തോട് പറയാനുള്ള ബാധ്യത ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്കുണ്ട്.

സിപിഎമ്മിന് വാളയാറിന് അപ്പുറവും ഇപ്പുറവും വ്യത്യസ്ത നിലപാട് ഇല്ലാത്തതിനാലാണോ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയെ വിമാനത്താവളത്തിൽ വന്ന് സ്വീകരിക്കാനുള്ള മാന്യത മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടാതിരുന്നത്.സിപിഎം ഉൾപ്പെടുന്ന പ്രതിപക്ഷത്തിന്റെ പൊതുസമ്മതനായ രാഷ്ട്രപതി സ്ഥാനാർത്ഥിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്താത്തതിന് പിന്നിൽ മോദി ഫോബിയയാണെയെന്നും സുധാകരൻ പരിഹസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP